
ഇന്ത്യ- ഇംഗ്ലണ്ട് അണ്ടര്‍ 19 യൂത്ത് ടെസ്റ്റ് സമനിലയില്‍ കലാശിച്ചു. 355 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 290 റണ്‍സെന്ന സ്‌കോറിലെത്തിയപ്പോള്‍ വെളിച്ചക്കുറവും മഴയും കാരണം മത്സരം നിര്‍ത്തുകയായിരുന്നു. സെഞ്ച്വറിയുമായി ക്യാപ്റ്റന്‍ ആയുഷ് മാത്രെയും അര്‍ധ സെഞ്ച്വറി നേടി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ അഭിഗ്യാന്‍ കുണ്ടുവും പൊരുതിയെങ്കിലും ഇന്ത്യയെ വിജയത്തിലെത്തിക്കാനായില്ല.
80 പന്തില്‍ 126 റണ്‍സെടുത്ത് ആയുഷും 46 പന്തില്‍ 65 റണ്‍സെടുത്ത അഭിഗ്യാന്‍ കുണ്ടുവും ഇന്ത്യയ്ക്ക് വിജയപ്രതീക്ഷ നല്‍കിയിരുന്നു. എന്നാല്‍ വെളിച്ചക്കുറവും മഴയും കാരണം അവസാന ദിവസം മത്സരം നേരത്തെ നിര്‍ത്തേണ്ടിവന്നത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. സ്‌കോര്‍: ഇംഗ്ലണ്ട് 309 & 324, ഇന്ത്യ 279 & 290. പരമ്പരയിലെ രണ്ട് ടെസ്റ്റും സമനിലയിലാണ് അവസാനിച്ചത്.
വിജയലക്ഷ്യം പിന്തുടരാനിറങ്ങിയ ഇന്ത്യയ്ക്ക് ആദ്യ പന്തില്‍ തന്നെ വൈഭവ് സൂര്യവംശി ഗോൾഡൻ ഡക്കായി മടങ്ങി. അലക്സ് ഗ്രീനിന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. എന്നാല്‍ ടി20 ശൈലിയിൽ ബാറ്റ് വീശിയ ക്യാപ്റ്റന്‍ ആയുഷ് മാത്രെ ഇന്ത്യയുടെ സ്കോർ ഉയർത്തി. മൂന്നാം വിക്കറ്റില്‍ വിഹാന്‍ മല്‍ഹോത്രയ്‌ക്കൊപ്പം 100 റണ്‍സ് കൂട്ടിചേര്‍ക്കാന്‍ ആയുഷിന് സാധിച്ചു. എന്നാല്‍ മല്‍ഹോത്രയ്ക്ക് അധികനേരം ക്രീസില്‍ തുടരാനായില്ല. 27 റൺസ് നേടിയ താരത്തെ റാല്‍ഫി ആല്‍ബര്‍ട്ട് പുറത്താക്കുകയായിരുന്നു. പിന്നാലെ ക്രീസിലെത്തിയ അഭിഗ്യാൻ കുണ്ടു ആയുഷിന് വലിയ പിന്തുണ നല്‍കി. ഇരുവരും 117 റണ്‍സ് കൂട്ടിചേര്‍ത്ത് ഇന്ത്യയെ നയിച്ചു.
ആയുഷിനെ കൂടി പുറത്താക്കി റാല്‍ഫി ആല്‍ബര്‍ട്ട് ഒരിക്കല്‍ കൂടി ഇംണ്ടിന് ബ്രേക്ക് ത്രൂ നല്‍കി. ആറ് സിക്‌സും 13 ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്. വൈകാതെ കുണ്ടുവും മടങ്ങി. നാല് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടുന്നതാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പറുടെ ഇന്നിംഗ്‌സ്. പിന്നീടെത്തിയ രാഹുല്‍ കുമാര്‍ (5), ആര്‍ എസ് അംബ്രീഷ് (15) എന്നിവര്‍ക്ക് തിളങ്ങാനായില്ല. ഹര്‍വന്‍ഷ് പങ്കാലിയ (29), കനിഷ്‌ക് ചൗഹാന്‍ (12) പുറത്താവാതെ നിന്നു. ഇംഗ്ലണ്ടിന് വേണ്ടി ആല്‍ബര്‍ട്ട് നാല് വിക്കറ്റ് വീഴ്ത്തി.
നേരത്തെ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് സ്‌കോറായ 309 റൺസിനെതിരെ ഇന്ത്യ 279 റൺസിന് എല്ലാവരും പുറത്തായിരുന്നു. 30 റണ്‍സിന്റെ ലീഡാണ് ഇംഗ്ലണ്ട് നേടിയത്. തുടര്‍ന്ന് രണ്ടാം ഇന്നിംഗ്സില്‍ ഇംഗ്ലണ്ട് അഞ്ചിന് 324 എന്ന നിലയില്‍ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യുകയും ചെയ്തു. ബി ജെ ഡോക്കിന്‍സിന്റെ (136) സെഞ്ച്വറിയും ആഡം തോമസിന്റെ (91) ഇന്നിംഗ്സുമാണ് ഇംഗ്ലണ്ടിന് കൂറ്റൻ ലീഡിലേക്ക് നയിച്ചത്. ഇരുവരും ഒന്നാം വിക്കറ്റില്‍ 188 റണ്‍സ് ചേര്‍ത്തിരുന്നു. ഇരുവര്‍ക്കും പുറമെ ബെന്‍ മയേസ് (11), തോമസ് റ്യൂ (19), റോക്കി ഫ്ളിന്റോഫ് (32) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ആര്യന്‍ സാവന്ദ് (13), ഏകാന്‍ഷ് സിംഗ് (20) പുറത്താവാതെ നിന്നു. ഇന്ത്യക്ക് വേണ്ടി ആദിത്യ രാവത്ത് നാല് വിക്കറ്റ് വീഴ്ത്തി.
ഒന്നാം ഇന്നിംഗ്സില്‍ എകാന്‍ഷ് സിംഗിന്റെ (117) സെഞ്ച്വറിയാണ് ഇംഗ്ലണ്ടിന്റെ രക്ഷക്കെത്തിയത്. തോമസ് റ്യൂ (59), ജെയിംസ് മിന്റോ (46) എന്നിവരും മകിച്ച പ്രകടനം പുറത്തെടുത്തു. നമന്‍ പുഷ്പക് നാല് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗില്‍ ഇന്ത്യയ്ക്ക് വേണ്ടി വിഹാന്‍ മല്‍ഹോത്ര (120) സെഞ്ച്വറി നേടിയിരുന്നു. ആയുഷ് മാത്രെ (80) മികച്ച പ്രകടനം പുറത്തെടുത്തു. ആല്‍ബര്‍ട്ട് ആറ് വിക്കറ്റെടുത്തു.
Content Highlights: IND U-19 vs ENG U-19 2nd Youth Test: India bat out draw in Chelmsford