25 റണ്‍സകലെ ചരിത്രനേട്ടം; മാഞ്ചസ്റ്ററില്‍ ശുഭ്മന്‍ ഗില്ലിനെ കാത്തിരിക്കുന്നത് തകർപ്പന്‍ റെക്കോർഡ്

നാലാം ടെസ്റ്റിലും റെക്കോർഡുകൾ സ്വന്തമാക്കാനുള്ള അവസരമാണ് ഗില്ലിന് മുന്നിലുള്ളത്

dot image

ഇം​ഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റുകള്‍ അടങ്ങുന്ന പരമ്പരയില്‍ തിരിച്ചു വരവിനൊരുങ്ങുകയാണ് ടീം ഇന്ത്യ. ഇന്ത്യ- ഇം​ഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ നാലാമത്തെ മത്സരം ഇന്ന് മാഞ്ചസ്റ്ററിൽ ആരംഭിക്കുകയാണ്. പരമ്പരയില്‍ ഇന്ത്യ 2-1ന് പിന്നിലാണ്. ഇനിയൊരു മത്സരം തോറ്റാല്‍ പരമ്പര നഷ്ടമാവും.

ക്രിക്കറ്റിന്റെ ഹോം ഗ്രൗണ്ട് എന്നറിയപ്പെടുന്ന ലോര്‍ഡ്‌സില്‍ ചരിത്രവിജയത്തിന് തൊട്ടരികിലെത്തിയിട്ടും ഹൃദയഭേദകമായ പരാജയം ഏറ്റുവാങ്ങേ‌ണ്ടി വന്നതിന്റെ ആഘാതത്തിലാണ് ഇന്ത്യന്‍ ടീം. മാഞ്ചസ്റ്ററില്‍ ഇന്ന് നാലാം ടെസ്റ്റ് ആരംഭിക്കുമ്പോള്‍ മികച്ച പ്രകടനത്തിലൂടെ ശക്തമായ തിരിച്ചുവരവാണ് ശുഭ്മൻ ​ഗില്ലിന്റെ ലക്ഷ്യം.

അതേസമയം പരമ്പരയിൽ മിന്നും ഫോമിലാണ് ഇന്ത്യൻ നായകൻ ശുഭ്മൻ ഗിൽ‌ ബാറ്റുവീശുന്നത്. പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളിൽ നിന്നുതന്നെ താരത്തിന്റെ റൺ നേട്ടം 600 പിന്നിട്ടു. ഇതിനിടെ നിരവധി റെക്കോഡുകളും ഇന്ത്യൻ നായകനെ തേടിയെത്തിയിരുന്നു. ഇപ്പോളിതാ നാലാം ടെസ്റ്റിലും ചരിത്ര റെക്കോർഡുകൾ സ്വന്തമാക്കാനുള്ള അവസരമാണ് ഗില്ലിന് മുന്നിലുള്ളത്

നിലവിൽ 607 റൺസാണ് ഈ പരമ്പരയിൽ ശുഭ്മാൻ ഗില്ലിന്റെ സമ്പാദ്യം.‌ മാഞ്ചസ്റ്റർ ടെസ്റ്റിൽ 25 റൺസ് നേടാനായാൽ ഈ പരമ്പരയിൽ താരത്തിന്റെ റൺ നേട്ടം 632 ആകും. ഇങ്ങനെ സംഭവിച്ചാൽ ഇംഗ്ലണ്ടിൽ നടക്കുന്ന ഒരു ടെസ്റ്റ് പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഏഷ്യൻ ബാറ്ററെന്ന റെക്കോർഡ് ഗില്ലിന്‌ സ്വന്തമാക്കാം. പാകിസ്താൻ ഇതിഹാസ താരം മുഹമ്മദ് യൂസഫാണ് നിലവിൽ ഈ നേട്ടത്തിൽ ഒന്നാമത്. 2006 ലെ ഇംഗ്ലണ്ട് പര്യടനത്തിൽ 631 റൺസെടുത്താണ് യൂസഫ് റെക്കോർഡിട്ടത്.

അതേ സമയം മാഞ്ചസ്റ്റർ ടെസ്റ്റിൽ 146 റൺസ് നേടിയാൽ ഈ പരമ്പരയിൽ ഗില്ലിന്റെ റൺ നേട്ടം 753 ആകും. ഇതോടെ ഒരു ഇന്ത്യ - ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ബാറ്ററെന്ന റെക്കോർഡ് അദ്ദേഹത്തിന് സ്വന്തമാക്കാം. 1990 ൽ നടന്ന പരമ്പരയിൽ 752 റൺസെടുത്ത ഗ്രഹാം ഗൂച്ചാണ് നിലവിൽ ഈ റെക്കോർഡിൽ ഒന്നാമൻ.

Content Highlights: Shubman Gill Needs 25 Runs In 4th Test Vs England To Create HISTORY

dot image
To advertise here,contact us
dot image