
രജനികാന്തിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് സിനിമയാണ് 'പടയപ്പ'. കെ എസ് രവികുമാർ സംവിധാനം ചെയ്ത ചിത്രത്തിന് ഇന്നും നിരവധി ആരാധകരുണ്ട്. ചിത്രത്തിൽ രമ്യ കൃഷ്ണൻ അവതരിപ്പിച്ച നീലാംബരി എന്ന കഥാപാത്രം ഏറെ കയ്യടി വാങ്ങിയിരുന്നു. നീലാംബരി എന്ന കഥാപാത്രത്തെ കുറിച്ച് തന്റെ അടുത്ത് പറയുമ്പോൾ തനിക്ക് വളരെയധികം ഭയം തോന്നിയെന്നും വേറെ ചോയ്‌സ് ഇല്ലാത്തതുകൊണ്ടാണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചതെന്നും മനസുതുറക്കുകയാണ് രമ്യ കൃഷ്ണൻ.
''ഒരു സംവിധായകനോടും ഈ കഥാപാത്രമേ ചെയ്യൂ, ആ കഥാപാത്രം ചെയ്യില്ല എന്നൊന്നും പറയരുത്. മനസ് തുറന്നുവെച്ചോളൂ. നിങ്ങൾക്ക് ഇഷ്ടപ്പെടാത്തതുകൊണ്ട് ആ ക്യാരക്ടർ നല്ലതാവില്ല എന്നില്ല. എന്തുകൊണ്ടെന്നാൽ നീലാംബരിയെ കുറിച്ച് എന്നോട് പറയുമ്പോൾ എനിക്ക് ആദ്യം വളരെയധികം ഭയം തോന്നിയിരുന്നു. ആ സമയത്ത് വേറെ ചോയ്സ് എനിക്കില്ലാത്തത് കൊണ്ടാണ് ഞാൻ അത് ചെയ്തത്.
പക്ഷേ ആ കഥാപാത്രമായി ഞാൻ ആത്മാർത്ഥമായി അഭിനയിച്ചു. അതായിരുന്നു എന്റെ കരിയറിലെ ഏറ്റവും വലിയ നാഴികക്കല്ലായി മാറിയത്. അതുപോലെ നമ്മൾ പ്രതീക്ഷിക്കാത്ത ചിലതൊക്കെ നടക്കും. വ്യത്യസ്തമായ കഥാപാത്രം അഭിനയിക്കാനായി നിങ്ങളെ സമീപിച്ചാൽ എന്ത് കൊണ്ടാണ് അങ്ങനെ ആവശ്യപ്പെടുന്നത് എന്ന് ആലോചിച്ച് തീരുമാനമെടുക്കുക. മനസിനെ ബ്ലോക്ക് ചെയ്ത് വെക്കരുത്', രമ്യ കൃഷ്ണൻ പറയുന്നു.
ഇന്നും തമിഴിലെ മികച്ച വില്ലൻ കഥാപാത്രങ്ങളിൽ ഒന്നായിട്ടാണ് നീലാംബരിയെ കണക്കാക്കുന്നത്. സൗന്ദര്യ, ലക്ഷ്മി, രാധ രവി, അബ്ബാസ് തുടങ്ങി നിരവധി താരനിര അണിനിരന്ന സിനിമയാണ് പടയപ്പ. അഞ്ച് തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര അവാർഡുകളും ഈ ചിത്രം നേടി. സിനിമയുടെ സൗണ്ട് ട്രാക്കും പശ്ചാത്തല സംഗീതവും എ ആർ റഹ്മാനാണ് ഒരുക്കിയത്.
Content Highlights: i was hesitant to do nelambari at first says ramya krishnan