'സഖാവ് വി എസ് ജീവിക്കുന്നു ഞങ്ങളിലൂടെ': മുദ്രാവാക്യം മുഴക്കി അന്ത്യാഭിവാദ്യം അര്‍പ്പിച്ച് നടന്‍ വിനായകന്‍

എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ പ്രദേശത്തെ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്താണ് വിനായകന്‍ വി എസ് അച്യുതാനന്ദന് അന്ത്യാഭിവാദ്യം അര്‍പ്പിച്ചത്

dot image

കൊച്ചി: അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ വി എസ് അച്യുതാനന്ദന് അന്ത്യാഭിവാദ്യം അര്‍പ്പിച്ച് നടന്‍ വിനായകന്‍. എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ പ്രദേശത്തെ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്താണ് വിനായകന്‍ വി എസ് അച്യുതാനന്ദന് അന്ത്യാഭിവാദ്യം അര്‍പ്പിച്ചത്. 'ഇല്ലാ ഇല്ല മരിക്കുന്നില്ല, സഖാവ് വി എസ് മരിക്കുന്നില്ല… ജീവിക്കുന്നു ഞങ്ങളിലൂടെ' എന്ന മുദ്രാവാക്യം വിനായകനും കൂട്ടായ്മയിലെ മറ്റ് അംഗങ്ങളും വൈകാരികമായി വിളിച്ചു. വിഎസിന്റെ ചിത്രത്തില്‍ പുഷ്പങ്ങള്‍ അര്‍പ്പിച്ചു. കൊമ്രേഡ് വി എസ് അച്യുതാനന്ദന്‍ എന്ന് ഇംഗ്ലീഷിലും കണ്ണേ കരളേ എന്ന് മലയാളത്തിലും എഴുതിയ വിഎസിന്റെ ചിത്രമുള്‍പ്പെടെയുളള ഫ്‌ളക്‌സിലാണ് പുഷ്പാര്‍ച്ചന നടത്തിയത്.

അതേസമയം, വി എസിന്റെ ഭൗതിക ശരീരം വലിയ ചുടുകാട്ടിലേക്ക് കൊണ്ടുപോയി. സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസിലും റീക്രിയേഷന്‍ ഗ്രൗണ്ടിലും പൊതുദര്‍ശനത്തിനു ശേഷമാണ് സംസ്കാരച്ചടങ്ങിനായി വലിയ ചുടുകാട്ടിലേക്ക് കൊണ്ടുപോയത്. വലിയ ചുടുകാട്ടില്‍ പ്രവേശന ഗേറ്റിലെ ഇടതുഭാഗത്താണ് സംസ്‌കാരം നിശ്ചയിച്ചിരിക്കുന്നത്. ചടങ്ങുകള്‍ക്കായുളള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായിക്കഴിഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ച് അഭിവാദ്യം അര്‍പ്പിച്ചതിനുശേഷം വി എസിന്റെ മകന്‍ അരുണ്‍ കുമാര്‍ ചിതയ്ക്ക് തീ പകരും. മറ്റ് ചടങ്ങുകളൊന്നുമുണ്ടാകില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുളള നേതാക്കള്‍ക്ക് നില്‍ക്കാനായി പ്രത്യേകം പന്തല്‍ ഒരുക്കിയിട്ടുണ്ട്.

ജൂലൈ 21 വൈകുന്നേരം മൂന്നരയോടെയാണ് വി എസ് അന്തരിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം എസ് യു ടി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തുനിന്നും വി എസിന്റെ ഭൌതിക ശരീരവുമായി പുറപ്പെട്ട വിലാപയാത്ര കൊല്ലം ജില്ല കടന്ന് ഇന്ന് വൈകുന്നേരത്തോടെയാണ് വേലിക്കകത്ത് വീട്ടിലെത്തിച്ചത്.  ഇന്നലെ രാത്രി വീട്ടിലെത്തിക്കാനാകുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും 22 മണിക്കൂര്‍ നീണ്ട വിലാപയാത്രയ്‌ക്കൊടുവിലാണ് തന്റെ വസതിയിലേക്ക് അവസാനമായി വി എസ് എത്തിയത്. നിരവധി വിപ്ലവ പോരാളികള്‍ അന്ത്യവിശ്രമം കൊളളുന്ന വലിയ ചുടുകാട്ടിലാണ് വിഎസിനും വിശ്രമസ്ഥാനമൊരുങ്ങുന്നത്. 

Content Highlights: Actor Vinayakan pays his last respects to VS Achuthanandan in Kochi

dot image
To advertise here,contact us
dot image