

പാലക്കാട്: പാലക്കാട്ടെ സിപിഐഎം വിമത കൺവെൻഷൻ ഇന്ന്. ചന്ദ്രനഗർ ശ്രീ പാർവതി കല്യാണമണ്ഡപത്തിൽ 10 മണിക്കാണ് കൺവെൻഷൻ ആരംഭിക്കുക. സിപിഐഎമ്മുമായി ഇടഞ്ഞുനിൽക്കുന്ന, കെടിഡിസി ചെയർമാൻ സ്ഥാനം രാജിവെച്ച പി കെ ശശിയാണ് കൺവെൻഷൻ ഉദ്‌ഘാടനം ചെയ്യുക.
കൺവെൻഷനെത്തുന്നവരെ സ്വീകരിക്കാൻ വിഎസ് അച്യുതാനന്ദൻ, ഇഎംഎസ് നമ്പൂതിരിപാട്, കൊടിയേരി ബാലകൃഷ്ണൻ, എകെജി തുടങ്ങിയ സിപിഐഎം നേതാക്കളുടെ ചിത്രങ്ങൾ ഉപയോഗിച്ചുള്ള പോസ്റ്ററുകളാണ് പതിച്ചിട്ടുളളത്. ആയിരത്തോളം സിപിഐഎം അസംതൃപ്തർ കൺവെൻഷനിൽ എത്തുമെന്നാണ് വിമത നേതാക്കൾ അവകാശപ്പെടുന്നത്.
കെടിഡിസി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചതിന് പിന്നാലെ പികെ ശശിയുമായി ചർച്ച സിപിഐഎം വിമതർ ചർച്ച നടത്തിയിരുന്നു. പിന്നാലെ കൺവെൻഷനിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു. പിന്നാലെ പി കെ ശശി പങ്കെടുക്കുമെന്നും ഉദ്‌ഘാടകനായേക്കും എന്നുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു.
സിപിഐഎമ്മുമായി അകന്ന് നില്‍ക്കുന്നതിനിടെയാണ് പി കെ ശശി കെടിഡിസി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചത്. പി കെ ശശിയെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് സിപിഐഎം പാലക്കാട് ജില്ലാ നേതൃത്വം ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ് പി കെ ശശി രാജിവെച്ചത്. വ്യക്തിപരമായ കാരണങ്ങള്‍കൊണ്ടാണ് കെടിഡിസി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചതെന്നാണ് പി കെ ശശി റിപ്പോര്‍ട്ടറിനോട് പറഞ്ഞത്. രാജിക്കത്ത് കൈമാറിയെന്നും സിപിഐഎമ്മുകാരനായി തുടരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഇതിനിടെ യുഡിഎഫ് നേതാക്കളെയും ശശി കണ്ടിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകാൻ സഹായം തേടിയായിരുന്നു ശശി കോൺഗ്രസ് - മുസ്ലീം ലീഗ് നേതാക്കളെ സമീപിച്ചത്.യുഡിഎഫ് പിന്തുണയോടെ സിപിഐഎം വിമതരുടെ കൂട്ടായ്മ രൂപീകരിക്കുന്ന പാർട്ടിയുടെ സ്ഥാനാർത്ഥിയായാണ് ശശി മത്സരിക്കുക. ഒറ്റപ്പാലത്ത് തന്നെയാകും ശശി മത്സരിക്കുക.
Content Highlights: A rebel convention of CPI M members will be held in Palakkad today amid ongoing differences within the party. The convention is scheduled to begin at 10 AM at Chandranagar Sri Parvathi Kalyana Mandapam. Former KTDC chairman P K Sasi, who recently resigned from his post following disagreements with the CPI M leadership, will inaugurate the event