

ഭൂരിഭാഗം കറികള്‍ക്കും ഉപയോഗിക്കുന്ന ഒന്നാണ് സവാള. വെജിറ്റേറിയന്‍ വിഭവം ആയാലും നോണ്‍വെജിറ്റേറിയന്‍ വിഭവം ആയാലും അതില്‍ സവാള പ്രധാനമാണ്. പച്ചക്കറികളും മത്സ്യമാസാദികളും അരിഞ്ഞ് വൃത്തിയാക്കിയെടുക്കുന്നത് ശ്രമകരവും സമയം കളയുന്ന ജോലിയുമായതുകൊണ്ട് സമയം ലാഭിക്കാനായി പല ആളുകളും ഇവയെല്ലാം തലേദിവസം അരിഞ്ഞ് ഫ്രിഡ്ജില്‍ വയ്ക്കുകയാണ് ചെയ്യുന്നത്. അക്കൂട്ടത്തില്‍ സവാളയും അരിഞ്ഞ് വയ്ക്കാറുണ്ട്. എന്നാല്‍ അരിഞ്ഞും മുറിച്ചുമെല്ലാം സവാള ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നത് അത് വിഷമായി മാറാനിടയാക്കുമെന്നുള്ള പ്രചരണം പലപ്പോഴും കേള്‍ക്കാറുമുണ്ട്. ഇതില്‍ എന്തെങ്കിലും വാസ്തവം ഉണ്ടോ?.

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഈ പ്രചാരണങ്ങള്‍ക്ക് ശാസ്ത്രീയമായ തെളിവുകള്‍ ഒന്നുംതന്നെ ഇല്ല. എന്നാല്‍ സവാള ശരിയായ രീതിയില്‍ അല്ല സൂക്ഷിക്കുന്നതെങ്കില്‍ അവയില്‍ ബാക്ടീരിയകള്‍ വളരാനും സവാളയുടെ ഗുണം കുറയാനും കാരണമാകാറുണ്ട്. ഒരിക്കലും സവാള അരിഞ്ഞതും മുറിച്ചതും തുറന്ന് ഫ്രിഡ്ജില്‍ വയ്ക്കരുത്. അരിഞ്ഞ സവാള ഫ്രിഡ്ജില്‍ സൂക്ഷിക്കുമ്പോള്‍ എപ്പോഴും ഒരു ബോക്‌സില്‍ അടച്ച് സൂക്ഷിക്കാന്‍ ശ്രദ്ധിക്കുക. സവാളയിലെ ഈര്‍പ്പം കാരണം പൂപ്പല്‍ ഉണ്ടാകാതിരിക്കാന്‍ പാത്രത്തിനടയില്‍ ഒരു ടിഷ്യുപേപ്പര്‍ വയ്ക്കുന്നത് നന്നായിരിക്കും. ഇത് അധികമുള്ള ഈര്‍പ്പം വലിച്ചെടുക്കുന്നു.അതുപോലെ സവാള മുറിച്ചുകഴിഞ്ഞാല്‍ അധികം താമസിക്കാതെ ഫ്രിഡ്ജിലേക്ക് മാറ്റണം. ദീര്‍ഘനേരം പുറത്തിരുന്നാല്‍ അതില്‍ ബാക്ടീരിയകള്‍ വളരാന്‍ കാരണമാകും.

ചില ആളുകള്‍ സവാള മുറിച്ച ശേഷം അതിന്റെ ബാക്കി വരുന്ന കഷ്ണം ഫ്രിഡ്ജില്‍ തുറന്ന് വയ്ക്കാറുണ്ട്. അങ്ങനെ തുറന്ന് വയ്ക്കുന്നത് ബാക്ടീരിയ വളരാന്‍ കാരണമാകും. പാത്രത്തില്‍ അടച്ചുവച്ച് മാത്രം മുറിച്ചെടുത്ത സവാള സൂക്ഷിക്കുക. സവാള കൂടുതല്‍ ദിവസം സൂക്ഷിക്കേണ്ടതിന്റെ ആവശ്യകത ഉണ്ടെങ്കില്‍ സവാള അരിഞ്ഞ ശേഷം ഒരു പാത്രത്തില്‍ നിരത്തിവച്ച് 1-2 മണിക്കൂര്‍ ഫ്രീസറില്‍ വയ്ത്തുക. ശേഷം ഒരു സിപ് ലോക്ക് കവറിലാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ചാല്‍ 2,3 മാസം കേടുകൂടാതെ സൂക്ഷിക്കാം.
Content Highlights: Does cutting onions turn poisonous when stored in the fridge? What is the truth?