

ഐസിസി പുരുഷ ടി20 ലോകകപ്പ് 2026 സെമിഫൈനലില്‍ ദക്ഷിണാഫ്രിക്കക്കെതിരെ നടത്തിയ നിർണായക പ്രകടനത്തിന് ശേഷം പ്രതികരണവുമായി ന്യൂസിലാന്‍ഡ് ഓപ്പണര്‍ ഫിന്‍ അലന്‍. 33 പന്തില്‍ സെഞ്ച്വറി തികച്ച ഫിന്‍ അലന്‍ ടി20 ലോകകപ്പിലെ ഏറ്റവും വേഗതയേറിയ സെഞ്ച്വറിയെന്ന റെക്കോര്‍ഡ് മത്സരത്തില്‍ സ്വന്തമാക്കിയിരുന്നു. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ അലന്റെ അതിവേഗ ഇന്നിംഗ്‌സാണ് കിവീസ് ടീമിന് ഏകപക്ഷീയ വിജയം സമ്മാനിച്ചത്.
ഇപ്പോഴിതാ ചരിത്ര ഇന്നിങ്സിന് ശേഷം പ്രതികരിക്കുകയാണ് ഫിൻ അലൻ. പ്രോട്ടിയാസിനെ നിയന്ത്രിക്കാൻ ബോളർമാർ നന്നായി സഹായിച്ചുവെന്ന് ഫിൻ അലൻ പറഞ്ഞു. ലോകകപ്പിന് മുൻപ് ഇന്ത്യയിൽ നടന്ന പരമ്പര ന്യൂസിലാൻഡ് ടീമിന്റെ പ്രകടനത്തിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ടെന്നും അലൻ ചൂണ്ടിക്കാട്ടി. ടൂർണമെന്റിന് മുമ്പ് ഇന്ത്യയിൽ കളിച്ച അനുഭവം ലോകകപ്പിലെ സാഹചര്യങ്ങളുമായി നന്നായി പൊരുത്തപ്പെടാൻ ടീമിനെ സഹായിച്ചുവെന്നും എടുത്തുപറഞ്ഞു.
’ആദ്യം തന്നെ, ഞങ്ങളുടെ ബൗളർമാരിൽ നൽകിയ മികച്ച തുടക്കം നിർണായകമായിരുന്നു. ബാറ്റർമാർക്ക് വേണ്ടി മത്സരം സജ്ജമാക്കിയത് അവരാണ്. ലോകകപ്പിന് മുമ്പ് കളിച്ച ഇന്ത്യൻ പരമ്പരയുടെ പ്രാധാന്യവും ഒരുപാട് സഹായിച്ചുവെന്ന് ഞാൻ കരുതുന്നു. ഇന്ത്യൻ മണ്ണിൽ നടന്ന അഞ്ച് മത്സരങ്ങളുടെ ആ തയ്യാറെടുപ്പുകൊണ്ട് ഒരു ടീം എന്ന നിലയിൽ ഞങ്ങൾ നന്നായി മെച്ചപ്പെട്ടു’ മത്സരശേഷം നടന്ന മാധ്യമങ്ങളോട് സംസാരിക്കവേ അലൻ പറഞ്ഞു.
ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന സെമി ഫൈനലില്‍ ഒന്‍പത് വിക്കറ്റിനാണ് പ്രോട്ടിയാസിനെ ന്യൂസിലാന്‍ഡ് വീഴ്ത്തിയത്. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 170 റണ്‍സ് വിജയലക്ഷ്യം 43 പന്തുകള്‍ ബാക്കിനില്‍ക്കെ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ന്യൂസിലാന്‍ഡ് മറികടക്കുകയായിരുന്നു.
Content Highlights: SA vs NZ; Finn Allen credits India after New Zealand storm into T20 World Cup final