'ഇംഗ്ലണ്ടിനെ വീഴ്ത്തണമെങ്കില്‍ അവനെ ഇറക്കണം'; ഇന്ത്യൻ ഇലവനില്‍ വലിയ മാറ്റം നിർദേശിച്ച് മൈക്കല്‍ വോൺ

നിർണായക മത്സരത്തിൽ ഇം​ഗ്ലീഷ് പടയെ നേരിടുന്നതിന് മുൻപ് ഇന്ത്യൻ ഇലവനിൽ വലിയ മാറ്റം നിര്‍ദ്ദേശിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് ഇംഗ്ലണ്ടിന്റെ മുന്‍ നായകന്‍ മൈക്കല്‍ വോണ്‍

'ഇംഗ്ലണ്ടിനെ വീഴ്ത്തണമെങ്കില്‍ അവനെ ഇറക്കണം'; ഇന്ത്യൻ ഇലവനില്‍ വലിയ മാറ്റം നിർദേശിച്ച് മൈക്കല്‍ വോൺ
dot image

2026 ടി20 ലോകകപ്പിൽ ഇന്ന് ക്രിക്കറ്റ് ലോകം ആകാംഷയോടെ കാത്തിരിക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് സെമി ഫൈനൽ പോരാട്ടം. മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിൽ രാത്രി ഏഴ് മണിക്കാണ് മത്സരം ആരംഭിക്കുന്നത്. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയും മുൻ ചാമ്പ്യന്മാരായ ഇംഗ്ലണ്ടും നേര്‍ക്കുനേര്‍ വരുമ്പോള്‍ തീപാറുന്ന പോരാട്ടം തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

നിർണായക മത്സരത്തിൽ ഇം​ഗ്ലീഷ് പടയെ നേരിടുന്നതിന് മുൻപ് ഇന്ത്യൻ ഇലവനിൽ വലിയ മാറ്റം നിര്‍ദ്ദേശിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് ഇംഗ്ലണ്ടിന്റെ മുന്‍ നായകന്‍ മൈക്കല്‍ വോണ്‍. ഇംഗ്ലീഷ് ബാറ്റിങ് നിരയെ സമ്മര്‍ദ്ദത്തിലാക്കാന്‍ സ്‌പെഷ്യലിസ്റ്റ് റിസ്റ്റ് സ്പിന്നര്‍ കുല്‍ദീപ് യാദവിനെ ഇന്ത്യ ഇറക്കണമെന്നാണ് വോണിന്റെ അഭിപ്രായം. ഇംഗ്ലീഷ് ബാറ്റര്‍മാര്‍ക്കെതിരെ കുല്‍ദീപിനുള്ള മികച്ച ട്രാക്ക് റെക്കോര്‍ഡും വോണ്‍ എടുത്തുപറഞ്ഞു.

'ഞാൻ ആയിരുന്നെങ്കിൽ ഇം​ഗ്ലണ്ടിനെതിരെ കുൽദീപിനെ കളത്തിലിറക്കുമായിരുന്നു. വർഷങ്ങളായി എല്ലാ ഫോര്‍മാറ്റിലും ഇംഗ്ലണ്ടിനെ താരമാണ് കുല്‍ദീപ്. ഇംഗ്ലീഷ് താരങ്ങള്‍ക്ക് ഇപ്പോഴും പിടികിട്ടാത്ത പന്തുകളാണ് കുൽദീപിന്റേത്. തിലക് വര്‍മയുടെയോ ശിവം ദുബെയുടെയോ ആവശ്യമുണ്ടോയെന്ന് ഇന്ത്യ ചിന്തിക്കണം. മധ്യനിരയിലെ അധിക ബാറ്റിംഗ് ഓപ്ഷനേക്കാള്‍ ഇംഗ്ലണ്ടിനെതിരെ ഗുണം ചെയ്യുക കുല്‍ദീപിനെപ്പോലൊരു വിക്കറ്റ് ടേക്കറായിരിക്കും', വോണ്‍ പറഞ്ഞു.

'കുൽദീപ് ഫോമിലാണോയെന്ന് അറിയില്ല. കാരണം ടൂര്‍ണമെന്റില്‍ അദ്ദേഹം അധികം മത്സരങ്ങൾ കളിച്ചിട്ടില്ല. എന്നാൽ ഈ പ്രത്യേക മത്സരത്തില്‍ അദ്ദേഹം ഇന്ത്യക്ക് മുതല്‍ക്കൂട്ടാകും', വോണ്‍ കൂട്ടിച്ചേർത്തു.

Content Highlights: T20 World Cup: Michael Vaughan says India need Kuldeep Yadav vs England

dot image
To advertise here,contact us
dot image