ഡക്കറ്റിനെ തോളിലിടിച്ച് യാത്രയാക്കി സിറാജ്; ക്രാളിക്ക് നിതീഷ് വക; ലോർഡ്‌സിൽ അഗ്രഷൻ അറ്റ് പീക്ക്

ആവേശവും നാടകീയതയും നാലാം ദിനവും ഗ്രൗണ്ടിൽ തുടർന്നു.

dot image

ലോര്‍ഡ്‌സില്‍ ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റിന്റെ നാലാംദിനത്തിന്റെ തുടക്കത്തിൽ ഇംഗ്ലണ്ടിന് തിരിച്ചടി. രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ട് ഒന്നാം സെഷൻ അവസാനിക്കുമ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 98 റൺസ് എന്ന നിലയിലാണ്. സിറാജ് രണ്ട് വിക്കറ്റും ആകാശ് ദീപും നിതീഷ് കുമാർ റെഡ്‌ഡിയും ഓരോ വിക്കറ്റും നേടി.

ബെൻ ഡക്കറ്റ് (12), ഒല്ലി പോപ്പ് (4), സാക് ക്രൗളി(22), ഹാരി ബ്രൂക്ക് (23 ) എന്നിവരുടെ വിക്കറ്റാണ് ആതിഥേയർക്ക് നഷ്ടമായത്. വിക്കറ്റ് നേടിയപ്പോൾ നടത്തിയ ഇന്ത്യൻ താരങ്ങളുടെ ആഘോഷ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടു. തലേ ദിവസം ഇംഗ്ലീഷ് ഓപ്പണർമാർ മനപ്പൂർവം വൈകിപ്പിക്കുന്നുവെന്ന ആരോപണത്തിൽ ക്യാപ്റ്റൻ ഗില്ലും ഇംഗ്ലീഷ് താരങ്ങളും വാക്കേറ്റമുണ്ടായിരുന്നു. ആ ആവേശവും നാടകീയതയും നാലാം ദിനവും ഗ്രൗണ്ടിൽ തുടർന്നു.

ബെൻ ഡക്കറ്റിനെ തോളിലിടിച്ചാണ് സിറാജ് യാത്രയാക്കിയത്. തലേ ദിവസം പരിക്കഭിനയിച്ച് ഗ്രൗണ്ടിൽ കിടന്ന ക്രൗളിയ്ക്ക് വിക്കറ്റ് നേടിയ നിതീഷ് കുമാർ വകയും പ്രത്യേക യാത്രയപ്പ് ലഭിച്ചു.

നേരത്തേ ആദ്യ ഇന്നിങ്‌സില്‍ ഇരുടീമിനും ഒരേ സ്‌കോറായിരുന്നു. ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 387 റണ്‍സില്‍ ഇന്ത്യയുടെ സ്‌കോറും നിന്നു. ഒരു ഘട്ടത്തില്‍ മികച്ച സ്‌കോറിലേക്ക് കടക്കുകയായിരുന്ന ഇന്ത്യയെ അവസാന സെഷനില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയാണ് ഇംഗ്ലണ്ട് പിടിച്ചുനിര്‍ത്തിയത്. കെ എല്‍ രാഹുലിന്റെ സെഞ്ച്വറിയും (100) റിഷഭ് പന്തിന്റേയും (74) രവീന്ദ്ര ജഡേജയുടേയും (72) അര്‍ധ സെഞ്ച്വറികളുമാണ് ഇന്ത്യക്ക് കരുത്തായത്. ഇംഗ്ലണ്ടിനായി ക്രിസ് വോക്‌സ് മൂന്നുവിക്കറ്റ് വീഴ്ത്തി.

നേരത്തെ ടോസ് നേടി ബാറ്റിങ്ങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് 112.3 ഓവറിൽ 387 റൺസാണ് നേടിയിരുന്നത്. ജസ്പ്രീത് ബുമ്രയുടെ അഞ്ചുവിക്കറ്റ് പ്രകടനമാണ് ആതിഥേയരെ തകർത്തത്. സിറാജും നിതീഷ് കുമാറും രണ്ട് വിക്കറ്റ് വീതവും നേടി. ഇംഗ്ലണ്ടിന് വേണ്ടി ജോ റൂട്ട് സെഞ്ച്വറി നേടി. 199 പന്തിൽ 10 ഫോറുകൾ അടക്കം 104 റൺസാണ് റൂട്ട് നേടിയത്. റൂട്ടിനെ കൂടാതെ ബെൻ സ്റ്റോക്സ് (44), ജാമി സ്മിത്ത് (51), ബ്രൈഡൻ കാർസ് (56) എന്നിവർ ഭേദപ്പെട്ട പ്രകടനം നടത്തി.

Content Highlights: Siraj sends Duckett off with a shoulder tap;Aggression at peak at Lord's

dot image
To advertise here,contact us
dot image