തീയായി DSP സിറാജ്; രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ടിന് ബാറ്റിങ്ങ് തകർച്ച

നേരത്തേ ആദ്യ ഇന്നിങ്‌സില്‍ ഇരുടീമിനും ഒരേ സ്‌കോറായിരുന്നു

dot image

ലോര്‍ഡ്‌സില്‍ ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റിന്റെ നാലാംദിനത്തിന്റെ തുടക്കത്തിൽ ഇംഗ്ലണ്ടിന് തിരിച്ചടി. രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിന് 12 ഓവർ പിന്നിടുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടമായി. മുഹമ്മദ് സിറാജാണ് രണ്ട് വിക്കറ്റുകളും നേടിയത്. നിലവിൽ 42 റൺസാണ് ഇംഗ്ലണ്ട് നേടിയത്. ബെൻ ഡക്കറ്റ് (12), ഒല്ലി പോപ്പ് (4) എന്നിവരുടെ വിക്കറ്റുകളാണ് ആതിഥേയർക്ക് നഷ്ടമായത്. സാക് ക്രൗളിയും ജോ റൂട്ടും ക്രീസിലുണ്ട്.

നേരത്തേ ആദ്യ ഇന്നിങ്‌സില്‍ ഇരുടീമിനും ഒരേ സ്‌കോറായിരുന്നു. ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 387 റണ്‍സില്‍ ഇന്ത്യയുടെ സ്‌കോറും നിന്നു. ഒരു ഘട്ടത്തില്‍ മികച്ച സ്‌കോറിലേക്ക് കടക്കുകയായിരുന്ന ഇന്ത്യയെ അവസാന സെഷനില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയാണ് ഇംഗ്ലണ്ട് പിടിച്ചുനിര്‍ത്തിയത്. കെ എല്‍ രാഹുലിന്റെ സെഞ്ച്വറിയും (100) റിഷഭ് പന്തിന്റേയും (74) രവീന്ദ്ര ജഡേജയുടേയും (72) അര്‍ധ സെഞ്ച്വറികളുമാണ് ഇന്ത്യക്ക് കരുത്തായത്. ഇംഗ്ലണ്ടിനായി ക്രിസ് വോക്‌സ് മൂന്നുവിക്കറ്റ് വീഴ്ത്തി.

നേരത്തെ ടോസ് നേടി ബാറ്റിങ്ങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് 112.3 ഓവറിൽ 387 റൺസാണ് നേടിയിരുന്നത്. ജസ്പ്രീത് ബുമ്രയുടെ അഞ്ചുവിക്കറ്റ് പ്രകടനമാണ് ആതിഥേയരെ തകർത്തത്. സിറാജും നിതീഷ് കുമാറും രണ്ട് വിക്കറ്റ് വീതവും നേടി. ഇംഗ്ലണ്ടിന് വേണ്ടി ജോ റൂട്ട് സെഞ്ച്വറി നേടി. 199 പന്തിൽ 10 ഫോറുകൾ അടക്കം 104 റൺസാണ് റൂട്ട് നേടിയത്. റൂട്ടിനെ കൂടാതെ ബെൻ സ്റ്റോക്സ് (44), ജാമി സ്മിത്ത് (51), ബ്രൈഡൻ കാർസ് (56) എന്നിവർ ഭേദപ്പെട്ട പ്രകടനം നടത്തി.

Content Highlights: siraj take two wickets early in second innings vs england 3rd test

dot image
To advertise here,contact us
dot image