പന്തിനെ ടാർജറ്റ് ചെയ്ത് ഇംഗ്ലീഷ് ബോളർമാർ; രൂക്ഷവിമർശനവുമായി ഗവാസ്‌കർ

'ഇംഗ്ലീഷ് ബോളർമാരെറിഞ്ഞ 56 ശതമാനം പന്തുകളും ഷോർട്ട് ബോളുകളായിരുന്നു'

dot image

ഒന്നാം ഇന്നിങ്‌സിൽ ഇന്ത്യൻ വൈസ് ക്യാപ്റ്റൻ റിഷഭ് പന്തിനെ ഷോർട്ട് ബോളുകൾ കൊണ്ട് നിരന്തരം പരീക്ഷിച്ച ഇംഗ്ലീഷ് ബോളർമാർക്ക് രൂക്ഷ വിമർശനം. പന്തിന്റെ ശരീരം ലക്ഷ്യമാക്കി ബോളർമാർ പന്തെറിഞ്ഞത് മുന്‍ ഇന്ത്യന്‍ താരവും കമന്‍റേറ്ററുമായ ഗവാസ്കറെ ചൊടിപ്പിച്ചു. ഏഴ് ഫീൽഡർമാരെയാണ് ലെഗ് സൈഡിൽ ബെൻ സ്റ്റോക്‌സ് നിരത്തി നിർത്തിയത്.

'ഇത് ക്രിക്കറ്റല്ല. ഐ.സി.സി ക്രിക്കറ്റ് കമ്മറ്റി തലവനായ സൗരവ് ഗാംഗുലി ഇക്കാര്യത്തിൽ ഇടപെടണം. ലെഗ് സൈഡിൽ ആറിൽ കൂടുതൽ ഫീൽഡർമാരില്ലെന്ന് ഉറപ്പാക്കണം. ഇന്ന് ഇംഗ്ലീഷ് ബോളർമാരെറിഞ്ഞ 56 ശതമാനം പന്തുകളും ഷോർട്ട് ബോളുകളാണ്. ബൗൺസറുകൾക്കായി കാത്ത് നിൽക്കുന്ന നാല് ഫീൽഡർമാർ ബൗണ്ടറി ലൈനിലുണ്ടായിരുന്നു. വെസ്റ്റ് ഇൻഡീസ് ഷോർട്ട് ബോളുകളെറിയുമ്പോൾ ഒരോവറിൽ രണ്ട് ബൗൺസർ എന്ന തോതിൽ അവർ ഇതിലൊരു നിയന്ത്രണം സ്വയം ഏർപ്പെടുത്തിയിരുന്നു. അത് വിൻഡീസിന്റെ കരുത്തിനെ കുറച്ചിട്ടൊന്നുമില്ല'- ഗവാസ്‌കർ പറഞ്ഞു.

ലോർഡ്‌സ് ടെസ്റ്റിന്റെ മൂന്നാം ദിനം ഏറെ നാടകീയതകൾ നിറഞ്ഞതായിരുന്നു. രണ്ടാം ഇന്നിങ്‌സിൽ ഇംഗ്ലീഷ് ഓപ്പണർമാർ ബാറ്റിങ്ങിനിറങ്ങുമ്പോൾ അഞ്ച് മിനിറ്റാണ് കളിയില്‍ അവശേഷിച്ചിരുന്നത്. സാക് ക്രാവ്‌ളിയും ബെൻ ഡക്കറ്റും വിക്കറ്റ് കളഞ്ഞ് കുളിക്കാതിരിക്കാനായി സമയം നഷ്ടത്തപ്പെടുത്താൻ ബോധപൂർവം ശ്രമങ്ങൾ ആരംഭിച്ചു.

ജസ്പ്രീത് ബുംറയുടെ ആദ്യ ഓവറിൽ തന്നെ ഒന്നിലധികം തവണ ക്രാവ്‌ളി ബോളിങ് തടസപ്പെടുത്തി. ഇന്ത്യൻ താരങ്ങൾ അമ്പയറോട് പരാതിപ്പെട്ടു. അരിശം മൂത്ത ഇന്ത്യൻ നായകൻ ശുഭ്മാൻ ഗിൽ ക്രാവ്‌ളിക്കരികിലെത്തി കയർക്കുന്നത് കാണാമായിരുന്നു. രണ്ടാം ഇന്നിങ്‌സിൽ വെറും രണ്ടേ രണ്ട് പന്ത് എറിഞ്ഞ് കഴിയുമ്പോഴേക്കുമാണ് ഇംഗ്ലീഷ് ഓപ്പണർമാർ ബോളിങ് തടസപ്പെടുത്താന്‍ ശ്രമങ്ങള്‍ ആരംഭിച്ചത്.

ഓവർ പുരോഗമിക്കവെ കയ്യിൽ പന്ത് കൊണ്ടെന്ന് പറഞ്ഞ് ക്രാവ്ളി വീണ്ടും ഓവര്‍ തടസപ്പെടുത്തി. ഗ്ലൗസ് കൊണ്ടുവരാൻ പവലിയൻ ചൂണ്ടി ആംഗ്യം കാണിച്ചു. ഇത് കണ്ട് നിന്ന ബുംറയും ഇന്ത്യൻ താരങ്ങളും ഇംഗ്ലീഷ് ഓപ്പണർമാർക്ക് ചുറ്റും കൂടി കയ്യടിക്കുന്നത് കാണാമായിരുന്നു. ശുഭ്മാൻ ഗിൽ ക്രാവ്‌ളിക്കരികിലെത്തി ഇംപാക്ട് സബ് ആക്ഷൻ കാണിച്ചു. തനിക്ക് മുഖാമുഖം വന്ന ഡക്കറ്റിനോടും ഗിൽ രോഷ പ്രകടനം നടത്തി. വെറും ഒരോവറാണ് ഇന്ത്യക്ക് മൂന്നാം ദിനം എറിയാനായത്.

Story Highlight: English bowlers target rishabh Pant with short balls; harsh criticism

dot image
To advertise here,contact us
dot image