'വെടിവെക്കുന്നത് പരിശീലനമായി കാണുന്ന, എഎസ്പി റവാഡക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം'; 1995ല്‍ പിണറായി വിജയൻ

കൂത്തുപറമ്പ് വെടിവെപ്പില്‍ റവാഡയ്ക്ക് പങ്കില്ലെന്ന നിലപാടാണ് സിപിഐഎം സ്വീകരിച്ചത്. ആ നിലപാടിനെ വെട്ടിലാക്കുന്നതാണ് പിണറായി വിജയന്റെ നിയമസഭ പ്രസംഗം.

dot image

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖരന് എതിരെ 1995ല്‍ ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പ്രസംഗിച്ചത് വീണ്ടും ചര്‍ച്ചയാവുന്നു. കൂത്തുപറമ്പ് വെടിവെപ്പിനെ തുടര്‍ന്ന് നിയമസഭയിലെ അടിയന്തരപ്രമേയത്തിന് മേലുള്ള ചര്‍ച്ചയില്‍ ചെറുപ്പക്കാരെ വെടിവെക്കുന്നത് പരിശീലനമായി കാണുന്ന, എഎസ്പി റവാഡക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാണ് പിണറായി വിജയന്‍ സഭയില്‍ ആവശ്യപ്പെട്ടത്. സംസ്ഥാന ഡിജിപിയായി റവാഡ ചന്ദ്രശേഖറെ നിയമിച്ചതുമായി ബന്ധപ്പെട്ട വിവാദമുയര്‍ന്നിരുന്നു. ഇതില്‍ കൂത്തുപറമ്പ് വെടിവെപ്പില്‍ റവാഡയ്ക്ക് പങ്കില്ലെന്ന നിലപാടാണ് സിപിഐഎം സ്വീകരിച്ചത്. ആ നിലപാടിനെ വെട്ടിലാക്കുന്നതാണ് പിണറായി വിജയന്റെ നിയമസഭ പ്രസംഗം.

കരിങ്കൊടി കാണിച്ചിട്ട് പ്രവര്‍ത്തകര്‍ പിരിഞ്ഞുപോകും വെടിവെക്കരുത് എന്ന് എം വി ജയരാജന്‍ പറഞ്ഞപ്പോള്‍, ഞങ്ങള്‍ക്ക് വെടിവെപ്പ് ഒരു പരിശീലനമാണ് എന്ന് റവാഡ പറഞ്ഞെന്നാണ് പിണറായി വിജയന്‍ നിയമസഭയില്‍ പ്രസംഗിച്ചത്. ചെറുപ്പക്കാരുടെ ദേഹത്ത് വെടിവെക്കുന്നത് പരിശീലനം ആയി കാണുന്ന എഎസ്പി ആണ് റവാഡ എന്നും പിണറായി വിജയന്‍ പറഞ്ഞിരുന്നു.

റവാഡ ചന്ദ്രശേഖരന്‍ സമരക്കാരെ അടിഞ്ഞും എറിഞ്ഞും ഒതുക്കി കൊണ്ടിരുന്നു എന്ന പത്രവാര്‍ത്ത പിണറായി വിജയന്‍ നിയമസഭയില്‍ ഉദ്ധരിച്ചു. റവാഡയെ സസ്‌പെന്‍ഡ് ചെയ്തു കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും പിണറായി വിജയന്‍ അന്ന് ആവശ്യപ്പെട്ടു. 1995 ജനുവരി 30നാണ് പിണറായി വിജയന്‍ സഭയില്‍ ഇങ്ങനെ പ്രസംഗിച്ചത്.

കൂത്തുപറമ്പ് വെടിവെപ്പില്‍ റവാഡയ്ക്ക് പങ്കില്ല. പട്ടികയിലെ മെച്ചപ്പെട്ട ആളെന്ന നിലയിലാണ് റവാഡയെ തെരഞ്ഞെടുത്തതെന്നുമാണ് എം വി ഗോവിന്ദന്‍ പറഞ്ഞത്. കൂത്തുപറമ്പ് വെടിവെപ്പില്‍ റവാഡയ്ക്ക് പങ്കില്ലെന്ന് എം വി ഗോവിന്ദന്‍ പലതവണ പറഞ്ഞിരുന്നു.

Content Highlights: Chief Minister Pinarayi Vijayan's speech in the Assembly is being discussed again

dot image
To advertise here,contact us
dot image