
ഒമാന്‍ രാജ്യാതിര്‍ത്തിയില്‍ പെടുന്ന മുസന്ദം ഉപദ്വീപില്‍ വരുന്ന ആഗസ്റ്റ് 25 മുതല്‍ 28 വരെ അന്താരാഷ്ട്ര ഡൈവിംഗ് ഫൈസറ്റിവല്‍ സംഘടിപ്പിക്കുമെന്ന് മുസന്ദം ഗവര്‍ണര്‍ ഓഫീസ് ഖസബില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഡൈവര്‍മാര്‍, വിനോദ സഞ്ചാരികള്‍, നിക്ഷേപകര്‍ എന്നിവരെ ആകര്‍ഷിക്കുന്നതിനൊപ്പം പരിസ്ഥിതി - സമുദ്ര ടൂറിസം പ്രോത്സഹനവുമാണ് ഫെസ്റ്റിന്റെ പ്രധാന ലക്ഷ്യം. മുസന്ദം എക്‌സ്‌പ്ലോറേഷന്‍ ഡൈവിംഗ് സെന്ററുമായി സഹകരിച്ചാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.
ഖസബിലിന് പുറമേ കുമ്‌സാര്‍, ദിബ്ബ എന്നിവിടങ്ങളിലുമായി നിരവധി പ്രവര്‍ത്തനങ്ങളും പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. ഇതില്‍ ഡീപ് സീ ക്ലീനപ്പ് കാമ്പയിന്‍, ഫ്രീ ഡൈവിംഗ് ചാമ്പ്യന്‍ ചലഞ്ച്, കയാക്ക് റേസ്, മികച്ച സമുദ്രജീവി വീഡിയോ മത്സരം എന്നിവ ഉള്‍പ്പെടെയാണ് മുസന്ദത്തില്‍ കാണികളെ കാത്തിരിക്കുന്നത്.
ഉപദ്വീപായ മുസന്ദത്തിന്‍റെ കടലാഴങ്ങളിലെ ചിത്രങ്ങളും വീഡിയോകളും അടങ്ങുന്ന പ്രദര്‍ശനം, ഡൈവിംഗ് യാത്രകള്‍, ഡൈവിംഗ് ഉപകരണങ്ങളും സമുദ്രവിഭവങ്ങളും കരകൗശല വസ്തുക്കളും വില്‍ക്കുന്ന മാരിടൈം സൂഖ് എന്ന് വിളിക്കുന്ന ചന്തകള്‍ എന്നിവയെല്ലാം ഫെസ്റ്റിന്റെ ഭാഗമാകും.
പ്രൊഫഷണല്‍ മുങ്ങല്‍വിദഗ്ദര്‍, സാഹസിക യാത്രികര്‍, മറൈന്‍ സ്‌പോട്‌സ് താരങ്ങള്‍, ഡൈവിംഗ് കമ്പനികള്‍, മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും പ്രാദേശികര്‍ക്കും ഒരു ആഗോളവേദിയാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നതിലൂടെ സാധ്യമാകുന്നതെന്ന് മുസന്ദം ഗവര്‍ണര്‍ സയിദ് ഇബ്രാഹം സെയ്ദ് അല്‍ ബുസൈദി മാധ്യമങ്ങളോട് പറഞ്ഞു.
ഇതുകൂടാതെ ഡൈവിങ് ടൂറിസത്തിന്റെ വളര്‍ച്ചയെ സ്വാധീനിക്കുന്ന ഫെസ്റ്റിലൂടെ അടിസ്ഥാന സൗകര്യങ്ങളും തൊഴിലവസരങ്ങളും വര്‍ധിക്കുമെന്നാണ് ഭരണകൂടത്തിന്റെ കണക്കുക്കൂട്ടല്‍.
Content Highlights: International diving festival in Oman's Musandam Governorate