കീം: സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി സ്റ്റേറ്റ് സിലബസ് വിദ്യാര്‍ത്ഥികള്‍

സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍ക്ക് അര്‍ഹമായ ഒരു അവകാശവും നഷ്ടപ്പെടില്ലെന്ന് അഭിഭാഷകന്‍ സുല്‍ഫിക്കര്‍ അലി

dot image

ന്യൂഡല്‍ഹി: കീം പരീക്ഷാ ഫലം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി സ്റ്റേറ്റ് സിലബസ് വിദ്യാര്‍ത്ഥികള്‍. പുനക്രമീകരിച്ച റാങ്ക് പട്ടിക റദ്ദാക്കണമെന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം. ഹര്‍ജി മറ്റന്നാള്‍ മെന്‍ഷന്‍ ചെയ്യുമെന്ന് അഭിഭാഷകന്‍ സുല്‍ഫിക്കര്‍ അലി വ്യക്തമാക്കി. സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍ക്ക് അര്‍ഹമായ ഒരു അവകാശവും നഷ്ടപ്പെടില്ലെന്ന് അദ്ദേഹം പറഞ്ഞു.

പക്ഷെ അനര്‍ഹമായി അവര്‍ നേടിക്കൊണ്ടിരുന്ന അവകാശം ഇല്ലാതാക്കുകയാണ് വേണ്ടതെന്നും അഭിഭാഷകന്‍ കൂട്ടിച്ചേര്‍ത്തു. സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍ക്കും സ്റ്റേറ്റ് സിലബസ് വിദ്യാര്‍ത്ഥികള്‍ക്കും തുല്യനീതി എന്നതാണ് വാദമെന്നും സുല്‍ഫിക്കര്‍ അലി വ്യക്തമാക്കി. മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണാണ് കേസില്‍ ഹാജരാകുന്നത്.

കേരളത്തിലെ എന്‍ജിനീയറിംഗ് പ്രവേശനത്തിനായി ഈ മാസം ഒന്നിന് പ്രസിദ്ധീകരിച്ച കീം റാങ്ക് ലിസ്റ്റ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നേരത്തെ റദ്ദാക്കിയിരുന്നു. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് പ്രോസ്പെക്ടസില്‍ സര്‍ക്കാര്‍ വരുത്തിയ മാറ്റം നിയമവിരുദ്ധവും നീതികരിക്കാനാവാത്തതും ഏകപക്ഷീയവുമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ജസ്റ്റിസ് ഡി കെ സിംഗിന്റെ ഉത്തരവ്.

ഫെബ്രുവരി 19ന് പുറത്തിറക്കിയ പ്രോസ്പെക്ടസ് പ്രകാരം പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാനും എന്‍ട്രന്‍സ് കമ്മീഷണര്‍ക്ക് സിംഗിള്‍ ബെഞ്ച് നിര്‍ദേശം നല്‍കിയിരുന്നു. ഇതിനെതിരെ സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചിരുന്നെങ്കിലും സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവില്‍ ഇടപെടാന്‍ വിസമ്മതിച്ച് ഡിവിഷന്‍ ബെഞ്ച് സര്‍ക്കാരിന്റെ ഹര്‍ജി തള്ളുകയായിരുന്നു.

പിന്നാലെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധി അംഗീകരിച്ചുകൊണ്ട് പഴയ ഫോര്‍മുല അനുസരിച്ചുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചിരുന്നു. കീമിന്റെ പുതുക്കിയ ഫലം പ്രസിദ്ധീകരിച്ചപ്പോള്‍ 76,230 വിദ്യാര്‍ഥികളാണ് യോഗ്യത നേടിയത്. റാങ്ക് പട്ടികയില്‍ വലിയ മാറ്റമാണുണ്ടായത്. കേരള സിലബസുകാര്‍ പിന്നില്‍ പോയി. ആദ്യ 100 റാങ്കില്‍ 21 പേര്‍ കേരള സിലസില്‍ നിന്നുള്ളവരാണ്. മുന്‍ ലിസ്റ്റില്‍ 43 പേരായിരുന്നു ഉണ്ടായിരുന്നത്.
Content Highlights: Kerala syllabus students file appeal to Supreme Court on Keam result

dot image
To advertise here,contact us
dot image