
വാട്‌സ്ആപ്പ് മെസേജുകളിലൂടെ ആര്‍ബിഐ അഞ്ഞൂറു രൂപ നോട്ടുകള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചെന്ന വാര്‍ത്ത വളരെ പെട്ടെന്നാണ് പ്രചരിച്ചത്. ഇത് സത്യമാണോ മിഥ്യയാണോ എന്ന് മനസിലാക്കും മുമ്പേ ഷെയര്‍ ചെയ്യാനാണ് പലരും തുനിയുന്നത്. 2026 മാര്‍ച്ച് മാസത്തോടെ ആര്‍ബിഐ അഞ്ഞൂറു രൂപ നോട്ടിന്റെ സര്‍കുലേഷന്‍ അവസാനിപ്പിക്കുമെന്ന തരത്തിലായിരുന്നു പ്രചരണം. എന്നാലിത് ഇത് വ്യാജമാണെന്ന് ഔദ്യോഗിക സ്ഥിരീകരണം വന്നു കഴിഞ്ഞു.
എടിഎമ്മിലൂടെ അഞ്ഞൂറു രൂപ നോട്ടു ഉപഭോക്താക്കള്‍ക്ക് വിതരണം ചെയ്യുന്നത് പടിപടിയായി അവസാനിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയെന്നും. സെപ്തംബര്‍ 30ഓടെ 75 ശതമാനവും അടുത്ത വര്‍ഷം മാര്‍ച്ച് 31ഓടെ 90 ശതമാനവും വിതരണം അവസാനിപ്പിക്കാനാണ് നിര്‍ദേശമെന്നുമായിരുന്നു വാട്സ്ആപ്പില്‍ പ്രചരിച്ച സന്ദേശം. അഞ്ഞൂറു രൂപ എല്ലാവരോടും ചില്ലറയാക്കാനും ഇനി എടിഎമ്മില്‍ നിന്നും നൂറിന്റെയും ഇരുന്നൂറിന്റെയും നോട്ടുകള്‍ മാത്രമേ ലഭ്യമാക്കുവെന്നും ഈ സന്ദേശത്തില്‍ പറഞ്ഞിരുന്നു.
എന്നാല്‍ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ നടത്തിയ ഫാക്ട് ചെക്കില്‍, ഈ പ്രചരണം പൂര്‍ണമായും വ്യാജമാണെന്ന് വ്യക്തമാക്കിട്ടുണ്ട്. ആര്‍ബിഐ ഇങ്ങനൊരു നിര്‍ദേശം മുന്നോട്ട് വച്ചിട്ടില്ലെന്ന് മാത്രമല്ല അഞ്ഞൂറു രൂപ നോട്ടുകള്‍ക്ക് നിരോധനമില്ലെന്നും പിഐബി അറിയിച്ചു. ഇക്കഴിഞ്ഞ ഏപ്രിലില്‍ ആര്‍ബിഐ ബാങ്കുകളോടും വൈറ്റ് ലേബല്‍ എടിഎം ഓപ്പറേറ്റര്‍മാരോടും നൂറിന്റെയും ഇരുന്നൂറിന്റെയും നോട്ടുകളുടെ ലഭ്യത കൂട്ടണമെന്ന് അറിയിച്ചിരുന്നു. ഇതാകാം ഇത്തരമൊരു വ്യാജ പ്രചരണത്തിന് പ്രേരിപ്പിച്ചതെന്നാണ് സംശയിക്കുന്നത്.
Content Highlights: Fake news on RBI to phase out five hundred rupee note