സമയം കൊല്ലാന്‍ ശ്രമിച്ച് ഇംഗ്ലീഷ് ഓപ്പണര്‍മാര്‍; കട്ടക്കലിപ്പില്‍ ഗില്‍, ലോര്‍ഡ്സില്‍ നാടകീയ രംഗങ്ങള്‍

ജസ്പ്രീത് ബുംറയുടെ ആദ്യ ഓവറിൽ ഒന്നിലധികം തവണ സാക് ക്രാവ്‌ളി ബോളിങ് തടസപ്പെടുത്തി

dot image

ലോർഡ്‌സ് ടെസ്റ്റിന്റെ മൂന്നാം ദിനം ഏറെ നാടകീയതകൾ നിറഞ്ഞതായിരുന്നു. രണ്ടാം ഇന്നിങ്‌സിൽ ഇംഗ്ലീഷ് ഓപ്പണർമാർ ബാറ്റിങ്ങിനിറങ്ങുമ്പോൾ അഞ്ച് മിനിറ്റാണ് കളിയില്‍ അവശേഷിച്ചിരുന്നത്. സാക് ക്രാവ്‌ളിയും ബെൻ ഡക്കറ്റും വിക്കറ്റ് കളഞ്ഞ് കുളിക്കാതിരിക്കാനായി സമയം നഷ്ടത്തപ്പെടുത്താൻ ബോധപൂർവം ശ്രമങ്ങൾ ആരംഭിച്ചു.

ജസ്പ്രീത് ബുംറയുടെ ആദ്യ ഓവറിൽ തന്നെ ഒന്നിലധികം തവണ ക്രാവ്‌ളി ബോളിങ് തടസപ്പെടുത്തി. ഇന്ത്യൻ താരങ്ങൾ അമ്പയറോട് പരാതിപ്പെട്ടു. അരിശം മൂത്ത ഇന്ത്യൻ നായകൻ ശുഭ്മാൻ ഗിൽ ക്രാവ്‌ളിക്കരികിലെത്തി കയർക്കുന്നത് കാണാമായിരുന്നു. രണ്ടാം ഇന്നിങ്‌സിൽ വെറും രണ്ടേ രണ്ട് പന്ത് എറിഞ്ഞ് കഴിയുമ്പോഴേക്കുമാണ് ഇംഗ്ലീഷ് ഓപ്പണർമാർ ബോളിങ് തടസപ്പെടുത്താന്‍ ശ്രമങ്ങള്‍ ആരംഭിച്ചത്.

ഓവർ പുരോഗമിക്കവെ കയ്യിൽ പന്ത് കൊണ്ടെന്ന് പറഞ്ഞ് ക്രാവ്ളി വീണ്ടും ഓവര്‍ തടസപ്പെടുത്തി. ഗ്ലൗസ് കൊണ്ടുവരാൻ പവലിയൻ ചൂണ്ടി ആംഗ്യം കാണിച്ചു. ഇത് കണ്ട് നിന്ന ബുംറയും ഇന്ത്യൻ താരങ്ങളും ഇംഗ്ലീഷ് ഓപ്പണർമാർക്ക് ചുറ്റും കൂടി കയ്യടിക്കുന്നത് കാണാമായിരുന്നു. ശുഭ്മാൻ ഗിൽ ക്രാവ്‌ളിക്കരികിലെത്തി ഇംപാക്ട് സബ് ആക്ഷൻ കാണിച്ചു. തനിക്ക് മുഖാമുഖം വന്ന ഡക്കറ്റിനോടും ഗിൽ രോഷ പ്രകടനം നടത്തി. വെറും ഒരോവറാണ് ഇന്ത്യക്ക് മൂന്നാം ദിനം എറിയാനായത്.

വാലറ്റം തകര്‍ന്നടിഞ്ഞതോടെ ഒന്നാം ഇന്നിങ്സില്‍ ഇംഗ്ലണ്ടിന്‍റെ അതേ സ്കോറിനാണ് ഇന്ത്യയും ഓള്‍ ഔട്ടായത്. 119 ഓവറില്‍ നിന്ന് ഇന്ത്യ 387 റണ്‍സെടുത്ത് കൂടാരം കയറി. രണ്ടാം ഇന്നിങ്സില്‍ രണ്ട് റണ്‍സിന്‍റെ ലീഡാണ് ഇംഗ്ലണ്ടിനുള്ളത്.

Story Highlight: English openers try to waste time; Shubman Gill gets angry

dot image
To advertise here,contact us
dot image