ലോർഡ്‌സിൽ ഇന്ത്യയ്ക്ക് തിരിച്ചടി; പരിക്കേറ്റ പന്ത് രണ്ടാം ദിവസവും കീപ്പ് ചെയ്യാനെത്തിയില്ല

ലോര്‍ഡ്‌സ് ടെസ്റ്റിൽ ഇന്ത്യക്ക് ആശങ്കയായി വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന്റെ പരിക്ക്

dot image

ലോര്‍ഡ്‌സ് ടെസ്റ്റിൽ ഇന്ത്യക്ക് ആശങ്കയായി വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന്റെ പരിക്ക്. ഇന്നലെ പരിക്കേറ്റ താരം രണ്ടാം ദിനവും കീപ്പ് ചെയ്യാനെത്തിയില്ല.

ഇന്നലെ കളിയുടെ മുപ്പത്തിനാലാം ഓവറില്‍ ആയിരുന്നു സംഭവം. ജസ്പ്രിത് ബുംറയുടെ പന്ത് കീപ്പ് ചെയ്യുന്നതിനിടെ പന്തിന്റെ ഇടതു കൈയിലെ ചൂണ്ടുവിരലിനാണ് പരിക്കേറ്റത്. ഗ്രൗണ്ടില്‍ തന്നെ പന്തിന് പ്രാഥമിക ചികിത്സ നല്‍കി. വിശദ പരിശോധനയ്ക്കായി റിഷഭ് പന്ത് കളിക്കളം വിട്ടപ്പോള്‍ ധ്രുവ് ജുറലാണ് പകരം വിക്കറ്റിന് പിന്നിലെത്തിയത്. പന്തിന് ലോര്‍ഡ്‌സില്‍ തുടരാനാകുമോ എന്നുള്ള കാര്യത്തില്‍ വ്യക്തതയില്ല. പന്തിന് പരിക്കുണ്ടെന്ന് ബിസിസിസഐ സ്ഥിരീകരിച്ചിരുന്നു.

ആദ്യ ടെസ്റ്റിലെ രണ്ട് ഇന്നിങ്‌സുകളിലും സെഞ്ച്വറി നേടിയ പന്ത്, തുടര്‍ന്ന് ബര്‍മിംഗ്ഹാമില്‍ നടന്ന രണ്ടാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ 65 റണ്‍സ് നേടിയിരുന്നു.

അതേസമയം, ലോര്‍ഡ്‌സ് ടെസ്റ്റിന്റെ രണ്ടാം ദിനത്തിൽ ഇംഗ്ലണ്ട് തകർച്ചയിലേക്ക് വീണിരിക്കുകയാണ്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് ഒന്നാം ദിനം സ്റ്റംപെടുക്കുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 251 റണ്‍സെടുത്തിരുന്നു. എന്നാൽ രണ്ടാം ദിനത്തിന്റെ തുടക്കത്തിൽ തന്നെ മൂന്ന് വിക്കറ്റുകൾ കൂടി വീണു. ബുംമ്രയായിരുന്നു മൂന്ന് വിക്കറ്റുകളും ഇന്ന് നേടിയത്. ഇതടക്കം മത്സരത്തിൽ നാല് വിക്കറ്റുകൾ ബുംമ്ര നേടി. നിതീഷ് കുമാര്‍ റെഡ്ഡി രണ്ട് വിക്കറ്റ് വീഴ്ത്തി. ജഡേജ ഒരു വിക്കറ്റും നേടി.

നിലവിൽ 92 ഓവറിൽ ഏഴ് വിക്കറ്റിന് മുന്നൂറ് റൺസ് എന്ന നിലയിലാണ്. ജോ റൂട്ട് (104), ബെന്‍ സ്റ്റോക്സ് (44), സാക്ക് ക്രൗളി (18), ബെൻ ഡക്കറ്റ് (23), ഒലി പോപ്പ് (44 ), ഹാരി ബ്രൂക്ക് (11), ക്രിസ് വോക്‌സ് (0) എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. ബ്രൈഡൻ കാർസ്, ജാമി സ്മിത്ത് എന്നിവരാണ് ക്രീസിൽ.

Content Highlights: India suffer setback at Lord's; injured Pant not available to keep wickets for second day

dot image
To advertise here,contact us
dot image