
വിവാഹവാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ കേസെടുത്തതിന് പിന്നാലെ യുവതിക്കെതിരേ ആരോപണങ്ങളുമായി ഐപിഎൽ ടീം റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു പേസർ യാഷ് ദയാല്‍.
യുവതി തന്റെ ഐഫോണും ലാപ്‌ടോപ്പും മോഷ്ടിച്ചെന്നും ലക്ഷങ്ങള്‍ കടം വാങ്ങി തിരിച്ചുതന്നില്ലെന്നും ദയാല്‍ പറഞ്ഞു. യുവതിക്കെതിരെ ഇതുമായി ബന്ധപ്പെട്ട പരാതിയും താരം പൊലീസിന് കൈമാറി.
2021-ല്‍ ഇന്‍സ്റ്റഗ്രാം വഴിയാണ് തങ്ങള്‍ പരിചയപ്പെട്ടതെന്നാണ് യാഷ് ദയാല്‍ പോലീസിനോട് പറഞ്ഞത്. പരിചയപ്പെട്ടതിന് പിന്നാലെ യുവതി ലക്ഷങ്ങള്‍ കടം വാങ്ങിയതായി പരാതിയില്‍ പറയുന്നു. യുവതിയുടെയും കുടുംബത്തിന്റെയും ചികിത്സയ്ക്കായാണ് പണം നല്‍കിയത്. പണം തിരിച്ചുതരുമെന്ന് പറഞ്ഞതായും എന്നാല്‍ നാളിതുവരെയായി പൈസ തന്നിട്ടില്ലെന്നും താരം പറയുന്നു.
ഷോപ്പിങ്ങിനായി നിരന്തരം പണം കടംവാങ്ങിയെന്നും യാഷ് ദയാല്‍ ആരോപിക്കുന്നു. ഇതിനെല്ലാം തെളിവുകള്‍ കൈവശമുണ്ടെന്നുമാണ് താരം പറയുന്നത്. എന്നാൽ ഇതുതിരിച്ചു ചോദിച്ചപ്പോഴാണ് യുവതി കള്ളക്കേസുമായി എത്തിയതെന്നും ദയാല്‍ കൂട്ടിച്ചേർത്തു.
കഴിഞ്ഞദിവസമാണ് യുവതിയുടെ പരാതിയിൽ യാഷ് ദയാലിനെതിരെ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഓൺലൈൻ പരാതിപരിഹാര പോർട്ടലിലാണ് യുവതി പരാതിനൽകിയത്.
യാഷ് ദയാലുമായി അഞ്ചു വര്‍ഷത്തോളമായി അടുത്ത ബന്ധമുണ്ടെന്നും അയാള്‍ തന്നെ മാനസികമായും ശാരീരികമായും ചൂഷണം ചെയ്‌തെന്നുമാണ് പരാതിയില്‍ പറഞ്ഞിരുന്നത്. വിവിധ ആവശ്യങ്ങള്‍ പറഞ്ഞ് ഇയാള്‍ പലപ്പോഴായി പണം വാങ്ങിയിട്ടുണ്ടെന്നും നിരവധി പെണ്‍കുട്ടികളെ ഇത്തരത്തില്‍ കബളിപ്പിച്ചിട്ടുണ്ടെന്നും യുവതി ആരോപിച്ചു.
Content Highlights: Yash Dayal responds to sexual harassment allegations,