
എഡ്ജ്ബാസ്റ്റൺ ടെസ്റ്റിൽ റെക്കോർഡുകൾ പലതും പഴങ്കഥയാക്കി മറ്റൊരു വലിയ നാഴികക്കല്ലിലേക്ക് കുതിക്കുകയായിരുന്നു ശുഭ്മാൻ ഗിൽ. എന്നാല്‍ 145ാം ഓവറിൽ ട്രിപ്പിൾ സെഞ്ച്വറിക്ക് 31 റൺസകലെ ജോഷ് ടങ്ങിന് മുന്നിൽ ഇന്ത്യന്‍ നായകന്‍ വീണു.
ഗില്ലിനെ വീഴ്ത്താൻ ഇംഗ്ലീഷ് താരം ഹാരി ബ്രൂക്ക് പ്രയോഗിച്ചൊരു മൈൻഡ് ഗെയിം ആണിപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. ഉച്ചഭക്ഷണത്തിന് ശേഷമുള്ള രണ്ടാം ഓവറിൽ സ്ലിപ്പിൽ നിൽക്കുകയായിരുന്ന ബ്രൂക്ക് ഗില്ലിനെ സ്ലഡ്ജ് ചെയ്യാന്‍ ആരംഭിച്ചു. '290 കഴിഞ്ഞാൽ പിന്നെ ക്രീസിൽ തുടരുന്നത് അത്ര എളുപ്പമല്ല' എന്നായിരുന്നു ബ്രൂക്കിന്റെ കമന്റ്.
ഉടൻ ഗില്ലിന്റെ മറുപടിയെത്തി. 'നിങ്ങൾക്ക് എത്ര ട്രിപ്പിൾ സെഞ്ച്വറികളുണ്ട്'. കമന്ററി ബോക്‌സിലുണ്ടായിരുന്ന മുൻ ഇംഗ്ലീഷ് നായകൻ മൈക്ക് ആതേർട്ടൺ അപ്പോൾ 2024 ൽ പാകിസ്താനെതിരെ ബ്രൂക്ക് നേടിയ ട്രിപ്പിൾ സെഞ്ച്വറിയെക്കുറിച്ച് പറയുന്നുണ്ടായിരുന്നു.
ഏതായാലും ബ്രൂക്കിന്റെ മൈൻഡ് ഗെയിമിൽ ഗിൽ വീണു. 143ാം ഓവറിലായിരുന്നു ഗില്ലും ബ്രൂക്കും തമ്മിൽ സംഭാഷണം അരങ്ങേറിയത്. തൊട്ടടുത്ത ഓവറിലെ മൂന്നാം പന്തിൽ ഇന്ത്യൻ നായകൻ ടങ്ങിന് വിക്കറ്റ് നല്‍കി മടങ്ങി.
— The Game Changer (@TheGame_26) July 3, 2025
ടെസ്റ്റ് ക്രിക്കറ്റിൽ ഒരു ഇന്ത്യൻ ക്യാപ്റ്റന്‍റെ ഏറ്റവും ഉയർന്ന സ്കോര്‍ എന്ന വലിയ നേട്ടം ഗിൽ ഇന്നലെ എഡ്ജ്ബാസ്റ്റണിൽ കുറിച്ചു. 2019ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ വിരാട് കോഹ്‍ലി പുറത്താകാതെ നേടിയ 254 റൺസിന്‍റെ റെക്കോര്‍ഡാണ് പഴങ്കഥയായത്.
ഇംഗ്ലീഷ് മണ്ണില്‍ ഒരു ഇന്ത്യൻ ബാറ്റർ നേടുന്ന ഏറ്റവും ഉയർന്ന സ്കോറും ഗില്ലിന്‍റേത് തന്നെ. 2004ൽ സിഡ്നിയിൽ ഓസ്ട്രേലിയയ്ക്കെതിരെ സച്ചിൻ തെണ്ടുൽക്കർ പുറത്താകാതെ നേടിയ 241 റൺസിന്‍റെ റെക്കോർഡാണ് ഇന്ത്യന്‍ നായകന്‍ തിരുത്തിയെഴുത്തിയത്.
ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ നേടിയ ഇന്ത്യൻ ബാറ്റർമാരിൽ ഏഴാം സ്ഥാനത്താണ് ശുഭ്മൻ ഗിൽ. 319 റൺസ് നേടിയ വിരേന്ദർ സെവാഗ് ആണ് ഈ നേട്ടത്തിൽ മുന്നിലുള്ളത്. 2008ൽ ചെന്നൈയിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ് സെവാഗ് ചരിത്രം കുറിച്ചത്.
Story Highlight: Harry Brook's mind game to stop Gill's triple century