
ഇന്ത്യയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ തകർപ്പൻ ബാറ്റിങ്ങുമായി ഇംഗ്ലണ്ട് ബാറ്റർ ജാമി സ്മിത്ത്. ആദ്യം 43 പന്തുകളിൽ അർധ സെഞ്ച്വറി പിന്നിട്ട സ്മിത്ത് 80 പന്തുകൾ നേരിട്ട് സെഞ്ച്വറിയും പൂർത്തിയാക്കി. 14 ഫോറുകളും മൂന്ന് സിക്സറും ചേർന്നതാണ് സ്മിത്തിന്റെ ഇന്നിങ്സ്. 82 പന്തിൽ 102 റൺസുമായി സ്മിത്ത് ക്രീസിൽ തുടരുകയാണ്. ഇന്ത്യൻ പേസർ പ്രസിദ്ധ് കൃഷ്ണയുടെ ഒരോവറിൽ 23 റൺസാണ് ഇംഗ്ലണ്ടിന് ലഭിച്ചത്. ഒരു റൺ വൈഡായി ലഭിച്ചപ്പോൾ 22 റൺസ് ജാമി സ്മിത്ത് അടിച്ചെടുത്തു.
നേരത്തെ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 77 റൺസെന്ന നിലയിലാണ് മൂന്നാം ദിവസം ഇംഗ്ലണ്ട് ആദ്യ ഇന്നിങ്സ് ബാറ്റിങ് പുനരാരംഭിച്ചത്. 22 റൺസെടുത്ത ജോ റൂട്ടിനെയും റൺസെടുക്കും മുമ്പ് ഇംഗ്ലണ്ട് നായകൻ ബെൻ സ്റ്റോക്സിനെയും അടുത്തടുത്ത പന്തുകളിൽ പുറത്താക്കി മുഹമ്മദ് സിറാജ് ഇംഗ്ലീഷ് ടീമിന് ശക്തമായ തിരിച്ചടി നൽകി. അഞ്ച് വിക്കറ്റുകൾ നഷ്ടപ്പെടുമ്പോൾ ഇംഗ്ലണ്ട് സ്കോർ 84 റൺസ് മാത്രമായിരുന്നു. എന്നാൽ പ്രസിദ്ധിന്റെ മോശം ബൗളിങ്ങും ഇംഗ്ലണ്ട് ബാറ്റർമാരായ ഹാരി ബ്രൂക്കിന്റെയും ജാമി സ്മിത്തിന്റെയും അഗ്രഷനും ഇംഗ്ലീഷ് ടീമിന്റെ സ്കോർബോർഡ് അതിവേഗം ചലിപ്പിച്ചു.
ഇംഗ്ലണ്ട് ഇന്നിങ്സിന്റെ 32-ാം ഓവറിലാണ് ജാമി സ്മിത്ത് പ്രസിദ്ധ് കൃഷ്ണയെ തിരഞ്ഞുപിടിച്ച് ആക്രമിച്ചത്. ഓവറിലെ ആദ്യ പന്തിൽ സ്മിത്തിന് റൺസെടുക്കാൻ സാധിച്ചില്ല. രണ്ടാം പന്തിൽ ബൗണ്ടറി നേടിയപ്പോൾ മൂന്നാം പന്ത് സ്മിത്ത് നിലം തൊടാതെ ഗ്യാലറിയിലെത്തിച്ചു. പ്രസിദ്ധിന്റെ അടുത്ത രണ്ട് പന്തുകളിലും ബൗണ്ടറി പിറന്നു. അവസാന പന്ത് വൈഡായതോടെ പ്രസിദ്ധിന് വീണ്ടും ആറാം ബോൾ എറിയേണ്ടി വന്നു. ഇത്തവണ വീണ്ടും സ്മിത്ത് ബൗണ്ടറി നേടുകയും ചെയ്തു.
— Drizzyat12Kennyat8 (@45kennyat7PM) July 4, 2025
മൂന്നാം ദിവസത്തെ ആദ്യ സെഷൻ പൂർത്തിയാകുമ്പോൾ ഇംഗ്ലണ്ട് സ്കോർ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 249 റൺസെന്ന നിലയിലാണ്. സ്മിത്തിനെ കൂടാതെ 126 പന്തിൽ 91 റൺസുമായി ഹാരി ബ്രൂക്കാണ് ക്രീസിലുള്ളത്. 11 ഫോറുകളും ഒരു സിക്സറും അടങ്ങുന്നതാണ് ബ്രൂക്കിന്റെ ഇന്നിങ്സ്. ഇരുവരും ചേർന്ന പിരിയാത്ത ആറാം വിക്കറ്റ് കൂട്ടുകെട്ട് 165 റൺസിലെത്തിക്കഴിഞ്ഞു. എട്ട് ഓവർ പന്തെറിഞ്ഞ പ്രസിദ്ധ് കൃഷ്ണ 7.63 എക്കണോമിയിൽ 61 റൺസ് വിട്ടുനൽകി.
Content Highlights: Jamie Smith hammers Prasidh Krishna for 23 runs in over