'85 പൗണ്ട് മുടക്കി ടിക്കറ്റെടുത്തത് ഇത് കാണാനല്ല; ജഡേജക്ക് രൂക്ഷ വിമർശനം

ആറാം വിക്കറ്റില്‍ ഇന്ത്യന്‍ നായകന്‍ ശുഭ്മാന്‍ ഗില്ലിനൊപ്പം 203 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് ജഡേജ പടുത്തുയര്‍ത്തിയത്

dot image

എഡ്ജ്ബാസ്റ്റൺ ടെസ്റ്റിലെ ഹോട്ട് ടോപ്പിക്കുകളിൽ ഒന്നായി മാറിക്കഴിഞ്ഞു ഇന്ത്യൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ. പിച്ചിൽ വിള്ളലുണ്ടാക്കാനായി ജഡേജ മനപ്പൂർവം വിക്കറ്റിന് മുകളിലൂടെ ഓടുന്നു എന്ന ആരോപണം ഇംഗ്ലീഷ് നായകൻ ബെൻസ്റ്റോക്‌സ് മൈതാനത്ത് വച്ച് നേരത്തേ ഉയർത്തിയിരുന്നു.

ഇപ്പോഴിതാ ഇടക്കിടെ പല കാരണങ്ങളാൽ കളി തടസപ്പെടുത്തിയതിന് ജഡേജക്കെതിരെ രൂക്ഷവിമർശനമുയർത്തി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇംഗ്ലീഷ് താരവും കമന്റേറ്ററുമായ ഡേവിഡ് ലോയ്ഡ്.

'രണ്ടാം ദിനം കളിയാരംഭിച്ച് 15 മിനിറ്റ് തികഞ്ഞില്ല. കയ്യിൽ പന്ത് കൊണ്ടെന്ന പേരിൽ ജഡേജ മത്സരം നിർത്തി വപ്പിച്ചു. ദാഹമകറ്റി ചില ഗുളികകൾ അകത്താക്കിയ ശേഷമാണ് അയാൾ കളി തുടർന്നത്. 40 മിനിറ്റിന് ശേഷം അടുത്ത ബ്രേക്ക്. അമ്പയർമാർ നിസ്സഹായരായിരുന്നു.

ചില നിർണായക ഓവറുകളാണ് ഇംഗ്ലണ്ടിന് ആ സമയത്ത് നഷ്ടമായത്. ബാറ്റിങ്ങിനിടെ പരിക്കേൽക്കുന്നവരെ ഗ്രൗണ്ടിന് പുറത്ത് കൊണ്ട് പോയി ചികിത്സിക്കുന്ന സമ്പ്രദായം കൊണ്ട് വരണം. ചികിത്സ തേടുന്ന ബാറ്റർക്ക് പകരം പുതിയ താരം ക്രീസിൽ വരട്ടേ. ഇങ്ങനെ മത്സരം ഇടക്കിടെ നിർത്തി വക്കുന്നത് രസംകൊല്ലി കാഴ്ചയാണ്. 85 പൗണ്ട് മുടക്കി ആരാധകർ ഗാലറിയിലെത്തുന്നത് ഇത് കാണാനല്ല'- ലോയ്ഡ് പറഞ്ഞു.

ആദ്യ ഇന്നിങ്സില്‍ ഇന്ത്യയുടെ സെക്കന്‍റ് ടോപ് സ്കോററായിരുന്നു ജഡേജ.  137 പന്തിൽ 89 റൺസാണ് താരം അടിച്ചെടുത്തത്. നിര്‍ണായക ഘട്ടത്തില്‍ ക്യാപ്റ്റന്‍ ശുഭ്മാൻ ഗില്ലിന് കൂട്ടായി ക്രീസിൽ നിലയുറപ്പിച്ച ജദ്ദു ആറാം വിക്കറ്റിൽ ഗില്ലിനൊപ്പം 203 റൺസ് സ്‌കോർബോർഡിൽ ചേർത്തു. ഒടുക്കം സെഞ്ച്വറിക്ക് 11 റൺസകലെ ജോഷ് ടങ്ങിന് വിക്കറ്റ് നല്‍കി മടങ്ങി.

Story Highlight: Jadeja heavily criticised for wasting time in Edgbaston Test

dot image
To advertise here,contact us
dot image