ബിന്ദുവിന്റെ കുടുംബത്തിന് സഹായം നല്‍കും; ആരോഗ്യമേഖലയെ കൂടുതല്‍ കരുത്തോടെ മുന്നോട്ടുകൊണ്ടുപോകും: മുഖ്യമന്ത്രി

ബിന്ദുവിന്റെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു

dot image

തിരുവനന്തപുരം: കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്നുവീണ് മരിച്ച ബിന്ദുവിന്റെ കുടുംബാംഗങ്ങള്‍ക്ക് ഉചിതമായ സഹായം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അവരുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും സര്‍ക്കാരിന്റെ എല്ലാ സഹായങ്ങളും പിന്തുണയും കുടുംബത്തിനുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മെഡിക്കല്‍ കോളേജിലുണ്ടായതുപോലുളള ദൗര്‍ഭാഗ്യകരവും വേദനാജനകവുമായ അപകടങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാനുളള എല്ലാ മുന്‍കരുതലും സര്‍ക്കാര്‍ ശക്തിപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യമേഖലയെ കൂടുതല്‍ കരുത്തോടെ സര്‍ക്കാര്‍ മുന്നോട്ടുകൊണ്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്കിലൂടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

ബിന്ദുവിന്റെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തി ആരോഗ്യമന്ത്രി വീണാ ജോര്‍ജും രംഗത്തെത്തിയിരുന്നു. ആ കുടുംബത്തിന്റെ ദുഃഖം തന്‍റേത് കൂടിയാണെന്നും ബിന്ദുവിന്റെ കുടുംബത്തിനൊപ്പം സര്‍ക്കാര്‍ ഉണ്ടാകുമെന്നും വീണാ ജോര്‍ജ് ഫേസ്ബുക്കില്‍ കുറിച്ചു. 'കോട്ടയം മെഡിക്കല്‍ കോളേജില്‍ ഉണ്ടായ ദാരുണമായ അപകടത്തില്‍ പ്രിയപ്പെട്ട ബിന്ദു മരണമടഞ്ഞ സംഭവം ഏറെ വേദനിപ്പിക്കുന്നതാണ്. ആ കുടുംബത്തിന്റെ ദുഃഖം എന്റേയും ദുഃഖമാണ്. കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്ക് ചേരുകയും ആദരാഞ്ജലി അര്‍പ്പിക്കുകയും ചെയ്യുന്നു. സര്‍ക്കാര്‍ പ്രിയപ്പെട്ട ബിന്ദുവിന്റെ കുടുംബത്തിന് ഒപ്പമുണ്ടാകും', വീണാ ജോര്‍ജ് ഫേസ്ബുക്കില്‍ കുറിച്ചു. ഇതിന് പിന്നാലെ ബിന്ദുവിന്റെ ഭർത്താവ് വിശ്രുതനെ ഫോണിൽ വിളിച്ചും മന്ത്രി ആശ്വസിപ്പിച്ചു. രണ്ട് ദിവസത്തിനുള്ളിൽ വീട് സന്ദർശിക്കുമെന്നും കുടുംബത്തെ സഹായിക്കുന്ന കാര്യം സർക്കാരിന്റെ പരിഗണനയിലാണെന്നും മന്ത്രി ബിന്ദുവിന്റെ ഭർത്താവിനോട് പറഞ്ഞിരുന്നു.

മകള്‍ നവമിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് ആശുപത്രിയില്‍ എത്തിയ ബിന്ദു വ്യാഴാഴ്ച്ചയാണ് അപ്രതീക്ഷിതമായുണ്ടായ അപകടത്തില്‍ മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജിലെ സർജിക്കൽ വാർഡിന് സമീപമുള്ള ശുചിമുറിയുടെ ഭാഗം അടർന്നുവീഴുകയായിരുന്നു. കുളിക്കുന്നതിനായി ശുചിമുറിയിൽ എത്തിയ ബിന്ദു കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽപ്പെടുകയായിരുന്നു. രണ്ട് മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് ബിന്ദുവിനെ പുറത്തെത്തിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചിരുന്നു. സംഭവത്തിന് പിന്നാലെ ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ വ്യാപക പ്രതിഷേധം അരങ്ങേറിയിരുന്നു.

Content Highlights: CM Pinarayi Vijayan about Kottayam medical college building collapse and woman death

dot image
To advertise here,contact us
dot image