എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ കളിക്കാന്‍ ബുംമ്രയ്ക്ക് ആഗ്രഹമുണ്ടോയെന്ന് സംശയമാണ്: ദിനേശ് കാര്‍ത്തിക്

'എന്നാല്‍ അദ്ദേഹം എന്താണ് ആഗ്രഹിക്കുന്നതിലുപരി ടീം എന്താണ് ആവശ്യപ്പെടുന്നതെന്നാണ് പ്രധാനം'

dot image

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യയുടെ പേസ് കുന്തമുന ജസ്പ്രീത് ബുംമ്ര കളിക്കാന്‍ സാധ്യത കുറവാണെന്ന് മുന്‍ ഇന്ത്യന്‍ താരം ദിനേശ് കാര്‍ത്തിക്. എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ ബുംമ്ര വിശ്രമം എടുക്കുമെന്നും ലോര്‍ഡ്‌സില്‍ നടക്കാനിരിക്കുന്ന മൂന്നാം ടെസ്റ്റിലായിരിക്കും പേസര്‍ കളത്തിലിറങ്ങുകയെന്നും കാര്‍ത്തിക് അഭിപ്രായപ്പെട്ടു. എന്നാല്‍ അന്തിമ തീരുമാനം ടീമിന്റേതായിരിക്കുമെന്നും ഡികെ പറഞ്ഞു.

'ആദ്യം രണ്ടാം ടെസ്റ്റില്‍ ബുംമ്ര കളിക്കുമോയെന്ന് നമ്മള്‍ നോക്കേണ്ടതുണ്ട്. എഡ്ജ്ബാസ്റ്റണില്‍ കളിക്കാന്‍ ബുംമ്ര ആഗ്രഹിക്കുന്നുണ്ടോയെന്ന് എനിക്ക് സംശയമാണ്. രണ്ടാം ടെസ്റ്റില്‍ അദ്ദേഹം വിശ്രമമെടുക്കുമെന്നാണ് ഞാന്‍ കരുതുന്നത്. ലീഡ്‌സ് ടെസ്റ്റില്‍ അദ്ദേഹം ധാരാളം ഓവറുകള്‍ എറിഞ്ഞിട്ടുണ്ട്. കൂടുതല്‍ വിശ്രമം എടുക്കുന്നത് അദ്ദേഹത്തിന് നല്ലതാണ്. ലോര്‍ഡ്സ് ടെസ്റ്റില്‍ കളിക്കാനായിരിക്കും അദ്ദേഹം ആഗ്രഹിക്കുന്നതെന്ന് ഞാന്‍ കരുതുന്നു. എന്നാല്‍ അദ്ദേഹം എന്താണ് ആഗ്രഹിക്കുന്നതിലുപരി ടീം എന്താണ് ആവശ്യപ്പെടുന്നതെന്നാണ് പ്രധാനം', കാര്‍ത്തിക് പറഞ്ഞു.

ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റില്‍ പരാജയം വഴങ്ങിയതോടെ രണ്ടാം ടെസ്റ്റില്‍ ശക്തമായ തിരിച്ചുവരവ് ലക്ഷ്യമിടുകയാണ് ഇന്ത്യന്‍ ടീം. ജൂലൈ രണ്ട് മുതല്‍ ആറു വരെ എഡ്ജ്ബാസ്റ്റണിലെ ബിര്‍മിങ്ഹാം സ്‌റ്റേഡിയത്തിലാണ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് നടക്കുക. എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റ് ആരംഭിക്കുമ്പോള്‍ ഒന്നാം ടെസ്റ്റിലെ വീഴ്ചകളെല്ലാം ഇന്ത്യയ്ക്ക് പരിഹരിക്കേണ്ടതുണ്ട്.

ബോളര്‍മാരില്‍ ജസ്പ്രീത് ബുംമ്ര മാത്രമാണ് ഇംഗ്ലീഷ് ബാറ്റര്‍മാര്‍ക്ക് വെല്ലുവിളി ഉയര്‍ത്തിയത്. അഞ്ച് വിക്കറ്റെടുത്ത ജസ്പ്രീത് ബുംമ്രയാണ് ഇന്ത്യന്‍ ബൗളിങ് സംഘത്തില്‍ തിളങ്ങിയത്. അതുകൊണ്ടുതന്നെ രണ്ടാം ടെസ്റ്റില്‍ ബുംമ്ര ഉണ്ടാവില്ലെങ്കില്‍ ഇന്ത്യയ്ക്ക് ബോളിങ്ങില്‍ വലിയ വെല്ലുവിളിയായിരിക്കും.

മത്സരാധിക്യം കാരണം തന്റെ ജോലിഭാരം കുറയ്ക്കേണ്ടത് അനിവാര്യമായതിനാല്‍ പരമ്പരയില്‍ മൂന്ന് ടെസ്റ്റുകളില്‍ മാത്രമാണ് കളിക്കാന്‍ ആഗ്രഹിക്കുന്നതെന്ന് ബുംമ്ര നേരത്തേ തന്നെ ടീം മാനേജ്‌മെന്റിനെ അറിയിച്ചിരുന്നു. ഇത് പ്രകാരം ഒന്നിടവിട്ട ടെസ്റ്റുകളിലായിരിക്കും ബുംമ്ര കളിക്കാന്‍ സാധ്യത. പരമ്പരയ്ക്ക് മുമ്പ് കോച്ച് ഗൗതം ഗംഭീറും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു.

Content Highlights: Doubt Jasprit Bumrah would want to play at Edgbaston says Dinesh Karthik

dot image
To advertise here,contact us
dot image