
ഇന്ത്യയുടെ ടെസ്റ്റ് ടീമിൽ രോഹിത് ശർമയുടെയും വിരാട് കോഹ്‌ലിയുടേയും അഭാവത്തെക്കുറിച്ച് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നതിന് മുന്നോടിയായാണ് ടെസ്റ്റ് ഫോർമാറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച ഇതിഹാസ താരങ്ങളെ കുറിച്ച് പത്താൻ വിശകലനം ചെയ്തത്. രോഹിത്തിന്റെയും കോഹ്‌ലിയുടെയും അഭാവത്തിൽ ഏതെല്ലാം താരങ്ങൾ കൂടുതൽ ഉത്തരവാദിത്തം കാണിക്കണമെന്നും ഇർഫാൻ പത്താൻ ചൂണ്ടിക്കാട്ടി.
"രോഹിത്തും കോഹ്‌ലിയും വലിയ താരങ്ങളാണ്. എന്നാൽ അവരുടെ പ്രകടനങ്ങൾ ക്രമേണ കുറഞ്ഞുവന്നു. ഒരു പുതിയ താരം ശരാശരി 20-25 റൺസ് സ്കോർ ചെയ്യുകയാണെങ്കിൽ അദ്ദേഹം കോഹ്‌ലിയുടെ ജോലി ചെയ്യുന്നു എന്നാണ് അർത്ഥം. രോഹിത്തിന്റെയും കോഹ്‌ലിയുടെയും പരിചയസമ്പത്ത് ടീമിന് നഷ്ടമാവും. എന്നാൽ ഇവരുടെ അഭാവത്തിൽ കെഎൽ രാഹുൽ, റിഷബ് പന്ത്, ജസ്പ്രീത് ബുംമ്ര എന്നിവർ കൂടുതൽ ഉത്തരവാദിത്തം കാണിക്കേണ്ടി വരും", ഇർഫാൻ പത്താൻ പറഞ്ഞു.
ഇംഗ്ലണ്ടിനെതിരെ അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയ്ക്ക് ജൂൺ 20ന് തുടക്കമാവുകയാണ്. യുവതാരം ശുഭ്മൻ ഗില്ലിന്റെ കീഴിൽ ഇന്ത്യ ഇറങ്ങുന്ന ആദ്യ ടെസ്റ്റ് മത്സരം കൂടിയാണിത്. രോഹിത് ശർമയുടെയും വിരാട് കോഹ്‌ലിയുടെയും വിരമിക്കൽ പ്രഖ്യാപനത്തിന് പിന്നാലെ ഇന്ത്യ കളിക്കുന്ന ആദ്യ റെഡ് ക്രിക്കറ്റ് മത്സരം കൂടിയാണ് ഇത്.
Content Highlights: