
മേജർ ലീഗ് ക്രിക്കറ്റിൽ തകർപ്പൻ ക്യാച്ചുമായി ദക്ഷിണാഫ്രിക്കൻ മുൻ താരം ഫാഫ് ഡു പ്ലെസിസ്. മുംബൈ ഇന്ത്യൻസ് ന്യൂയോർക്കിനെതിരെ ടെക്സസ് സൂപ്പർ കിങ്സിന് വേണ്ടി കളിക്കുമ്പോഴാണ് താരത്തിന്റെ തകർപ്പൻ ക്യാച്ച്. മത്സരത്തിന്റെ രണ്ടാം ഇന്നിങ്സിന്റെ 14-ാം ഓവറിലാണ് സംഭവം. ടെക്സസ് താരം ആദം മിൽനെ എറിഞ്ഞ പന്തിൽ ന്യൂയോർക്കിന്റെ മൈക്കൽ ബ്രേസ്വെൽ വലിയ ഷോട്ടിന് തന്നെ ശ്രമിച്ചു. എന്നാൽ മിഡ് ഓഫിൽ ഫീൽഡിങ്ങിലായിരുന്ന ടെക്സസ് നായകൻ ഫാഫ് ഡു പ്ലെസിസ് തകർപ്പൻ ഡൈവിലൂടെ പന്ത് കൈപ്പിടിയിലാക്കി. മത്സരത്തിൽ ഫാഫിന്റെ രണ്ടാമത്തെ ക്യാച്ചായിരുന്നു അത്. നേരത്തെ ക്വിന്റൺ ഡി കോക്കിനെ പുറത്താക്കാനും ഫാഫ് ക്യാച്ചെടുത്തിരുന്നു.
അതിനിടെ ആവേശം അവസാന പന്ത് വരെ നീണ്ട പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസ് ന്യൂയോർക്കിനെ മൂന്ന് റൺസിന് ടെക്സസ് സൂപ്പർ കിങ്സ് പരാജയപ്പെടുത്തി. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ടെക്സസ് സൂപ്പർ കിങ്സ് നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 185 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ മുംബൈ ഇന്ത്യൻസ് ന്യൂയോർക്കിന് എട്ട് വിക്കറ്റ് നഷ്ടത്തിൽ 182 റൺസെടുക്കാനെ സാധിച്ചുള്ളൂ.
മത്സരത്തിൽ ടോസ് നേടിയ മുംബൈ ഇന്ത്യൻസ് ന്യൂയോർക്ക് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഒരറ്റത്ത് കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴുമ്പോഴും പോരാട്ടം നടത്തിക്കൊണ്ടിരുന്ന ഓപണർ ഡെവോൺ കോൺവേയുടെ മികവാണ് ടെസ്കസിനെ മികച്ച സ്കോറിലേക്ക് നയിച്ചത്. 44 പന്തിൽ കോൺവേ 65 റൺസെടുത്തു.
ഒരു ഘട്ടത്തിൽ അഞ്ചിന് 96 റൺസെന്ന നിലയിലായിരുന്നു ടെക്സസ്. ആറാം വിക്കറ്റിൽ കാൽവിൻ സാവേജിനൊപ്പം കോൺവേ നടത്തിയ പോരാട്ടമാണ് ടെക്സസിനെ മികച്ച സ്കോറിലേക്ക് നയിച്ചത്. ഇരുവരും ചേർന്ന ആറാം വിക്കറ്റിൽ 79 റൺസ് പിറന്നു. 53 റൺസുമായി സാവേജ് പുറത്താകാതെ നിന്നു.
മറുപടി ബാറ്റിങ്ങിൽ മുംബൈ ഇന്ത്യൻസ് ന്യൂയോർക്കിനായി മൊണാങ്ക് പട്ടേൽ 62, മൈക്കൽ ബ്രേസ്വെൽ 38, കിറോൺ പൊള്ളാർഡ് 32 എന്നിവർ നന്നായി കളിച്ചു. എങ്കിലും മൂന്ന് റൺസ് അകലെ ന്യൂയോർക്കിന്റെ പോരാട്ടം അവസാനിക്കുകയായിരുന്നു.
Content Highlights: 40 year old Faf Du Plesis takes stunner in MLC