
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്ട്രേലിയയെ തോല്പിച്ച് ദക്ഷിണാഫ്രിക്ക കിരീടം ചൂടുമെന്ന് മുന്‍ ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം എ ബി ഡിവില്ലിയേഴ്സ്. ജൂണ്‍ 11ന് ആരംഭിക്കുന്ന ഫൈനലില്‍ ദക്ഷിണാഫ്രിക്ക ഓസ്ട്രേലിയയെ അട്ടിമറിക്കുമെന്നാണ് എ ബി ഡി പറഞ്ഞത്.
പ്രോട്ടീസിനെ സംബന്ധിച്ച് ഇത് വലിയ മുഹൂര്‍ത്തമാണെന്നും ഓസ്ട്രേലിയ ഏറ്റവും സാധ്യത കല്‍പ്പിക്കുന്ന ടീം ആയതിനാലാണ് അട്ടിമറിക്കുമെന്ന് പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്റ്റാര്‍ സ്പോര്‍ട്സിനോട് സംസാരിക്കുകയായിരുന്നു എ ബി ഡി.
'ലോര്‍ഡ്സില്‍ വെച്ച് ഒരു ഫൈനല്‍ മത്സരമെന്നത് ദക്ഷിണാ ആഫ്രിക്കന്‍ ക്രിക്കറ്റിനെ സംബന്ധിച്ച് വളരെ വലിയ മുഹൂര്‍ത്തമാണ്. രാജ്യമൊന്നാകെ ടീമിനൊപ്പമുണ്ട്. അവര്‍ക്ക് ലക്ഷ്യം നേടാന്‍ സാധിക്കുമെന്നാണ് ഞാന്‍ ഉറച്ചുവിശ്വസിക്കുന്നത്. ഞാന്‍ ഈ മത്സരത്തെയോര്‍ത്ത് ഒരുപാട് ആവേശത്തിലാണ്.
ഞങ്ങളുടേത് ഒരു ബാലന്‍സ്ഡ് ആയ ടീം ആണ്. ഓസ്ട്രേലിയയെ അട്ടിമറിക്കാന്‍ സാധിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.
എന്നാല്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കാന്‍ ക്രിക്കറ്റ് ലോകം ഏറ്റവുമധികം സാധ്യത കല്‍പ്പിക്കുന്നത് ഓസ്ട്രേലിയക്കാണ്. ഇതുകൊണ്ടാണ് അട്ടിമറി എന്ന വാക്ക് ഞാന്‍ ഉപയോഗിച്ചത്,' ഡി വില്ലിയേഴ്സ് പറഞ്ഞു.
ഒരുപാട് പരിചയസമ്പത്തുള്ള മികച്ച സിസ്റ്റത്തോടെ മുന്നോട്ട് നീങ്ങുന്ന ടീമായ ഓസ്ട്രേലിയയെ പരാജയപ്പെടുത്തക എന്നുളളത് ടാസ്കാണെന്നും എന്നാല്‍ മികച്ച ഫോമിലുള്ള, വിജയിക്കണമെന്ന് അത്രയധികം അഭിനിവേശമുള്ള, പലതും തെളിയിക്കണമെന്ന് ആഗ്രഹമുള്ള ടീമായാണ് ദക്ഷിണാഫ്രിക്ക ഫൈനലില്‍ ഇറങ്ങുന്നതെന്നും, ഇക്കാരണം കൊണ്ട് തനിക്ക് ഏറെ ആത്മവിശ്വാസമുണ്ടെന്നും എ ബി ഡി കൂട്ടിച്ചേര്‍ത്തു.
ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയാണ് സൗത്ത് ആഫ്രിക്ക കലാശപ്പോരാട്ടത്തിനെത്തുന്നത്. 12 മത്സരങ്ങളില്‍ നിന്നും എട്ട് ജയവും മൂന്ന് തോല്‍വിയും ഒരു സമനിലയുമായി 100 പോയിന്റാണ് ടെംമ്പ ബാവുമക്കും കൂട്ടര്‍ക്കുമുണ്ടായത്. 69.44 വിജയ ശതമാനത്തോടെയാണ് സൗത്ത് ആഫ്രിക്ക പോയിന്റ് ടേബിളില്‍ ഒന്നാമതെത്തിയത്.
19 മത്സരത്തില്‍ നിന്നും 13 ജയവും നാല് തോല്‍വിയും രണ്ട് സമനിലയുമായി 154 പോയിന്റാണ് ഓസ്ട്രേലിയ നേടിയത്. 67.54 പോയിന്റ് ശതമാനത്തോടെയാണ് ഓസ്ട്രേലിയ പോയിന്റ് ടേബിളില്‍ രണ്ടാം സ്ഥാനം നേടിയത്. ക്രിക്കറ്റിന്റെ മെക്കയായ ലോര്‍ഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ വെച്ചാണ് ഫെെനല്‍ മത്സരം അരങ്ങേറുന്നത്. ഓസ്ട്രേലിയയാണ് നിലവിലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ജേതാക്കള്‍.
Content Highlights- Ab devillers says south africal will making an upset by winning against australia in WTC Finals