ആ മാറ്റത്തിന് സമയമായി! സഞ്ജു ചെന്നൈ സൂപ്പർ കിംഗ്സിലേക്കോ?; ഇൻസ്റ്റഗ്രാം പോസ്റ്റ് ചർച്ചയാക്കി ആരാധകർ

സഞ്ജുവിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ കമന്റുകളുമായി ചെന്നൈ സൂപ്പർ കിം​ഗ്സിന്റെ ആരാധകർ എത്തുന്നുണ്ട്

dot image

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനും മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്ററുമായ സഞ്ജു സാംസണിന്റെ കൂടുമാറ്റമാണ് ഇപ്പോള്‍ വീണ്ടും ചര്‍ച്ചയാവുന്നത്. കരിയറിന്റെ തുടക്കം മുതല്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ഭാഗമായിരുന്ന താരം ചെന്നൈ സൂപ്പര്‍ കിംഗ്‌സിലേക്ക് ചേക്കേറുമെന്ന് ഇതിനുമുന്‍പും അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇപ്പോള്‍ വീണ്ടും സഞ്ജുവും ചെന്നൈ സൂപ്പര്‍ കിംഗ്‌സും സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്.

കഴിഞ്ഞ ദിവസം സഞ്ജു സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഒരു പോസ്റ്റാണ് ആരാധകര്‍ക്കിടയില്‍ വീണ്ടും ചർച്ചകൾക്ക് വഴിവെച്ചത്. ഭാര്യ ചാരുലതയ്ക്കൊപ്പമുള്ള ഫോട്ടോയാണ് സഞ്ജു ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ചത്. ചിത്രത്തിന് സഞ്ജു നൽകിയ ക്യാപ്ഷനാണ് കൂടുമാറ്റത്തിലേക്ക് വിരൽ‌ ചൂണ്ടുന്നത്. വരാനിരിക്കുന്നൊരു വമ്പൻ തീരുമാനത്തിന്റെ സൂചനയാണോ സഞ്ജു ഈ ക്യാപ്ഷനിലൂടെ നൽകിയിരിക്കുന്നത് എന്നാണ് ആരാധകരുടെ ചോദ്യം.

ചാരുലതയുടെ കൈപിടിച്ച് റോഡ് ക്രോസ് ചെയ്യാന്‍ സഞ്ജു കാത്തുനില്‍ക്കുന്ന ചിത്രമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. 'ടൈം ടു മൂവ്' (നീങ്ങാന്‍ സമയമായി) എന്നൊരു ക്യാപ്ഷനാണ് ആശ്ചര്യചിഹ്നത്തോടൊപ്പം ഫോട്ടോയ്ക്ക് താഴെ അദ്ദേഹം നല്‍കിയിട്ടുള്ളത്. കൂടാതെ ഏഴാം അറിവ് എന്ന തമിഴ് സിനിമയിലെ മുന്‍ അന്തിയെന്ന ഗാനവും ഈ ചിത്രത്തിൻ‌റെ ബാക്ക്ഗ്രൗണ്ടില്‍ കേള്‍ക്കാന്‍ സാധിക്കും. ഇതോടെയാണ് സഞ്ജു രാജസ്ഥാന്‍ റോയല്‍സ് വിടുകയാണെന്ന് ആരാധകരും ഉറപ്പിച്ചിരിക്കുന്നത്.

സഞ്ജുവിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ കമന്റുകളുമായി ചെന്നൈ സൂപ്പർ കിം​ഗ്സിന്റെ ആരാധകരും എത്തി. 'സഞ്ജു, ചെന്നൈ സൂപ്പർ കിങ്സിലേക്ക് വരൂ, ആ ട്രേഡ് അംഗീകരിക്കൂ പ്ലീസ്' എന്നാണ് ഒരു ആരാധകന്റെ കമന്റ്. 'ബ്രോ, ചെന്നൈ സൂപ്പർ കിം​ഗ്സ് കമിങ് ബട്ടൺ', 'മൂവ് ടു സിഎസ്കെ', 'സഞ്ജു സിഎസ്കെയിലേക്ക് മാറുകയാണ്' ഇങ്ങനെ നിരവധി കമന്റുകളാണ് സഞ്ജുവിന്റെ പോസ്റ്റിന് താഴെ വരുന്നത്.

Content Highlights: Sanju Samson set to Move Chennai Super Kings? RR Captain's Instagram Post Gives sparks

dot image
To advertise here,contact us
dot image