അന്ന് വിമര്‍ശിക്കപ്പെട്ട ആ തീരുമാനങ്ങളാണ് ഞങ്ങളെ കിരീടത്തിലേക്ക് നയിച്ചത്; ആര്‍സിബി പരിശീലകന്‍

ഐ പി എല്‍ 2025 ട്രോഫി നേടാനുള്ള കാരണം വ്യക്തമാക്കി റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ മുഖ പരിശീലകന്‍ ആന്‍ഡി ഫ്‌ളവര്‍.

dot image

ഐ പി എല്‍ 2025 ട്രോഫി നേടാനുള്ള കാരണം വ്യക്തമാക്കി റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ മുഖ പരിശീലകന്‍ ആന്‍ഡി ഫ്‌ളവര്‍. മെഗാ ലേലത്തിലുള്ള ടീമിന്റെ പ്ലാനിങ്ങാണ് വിജയത്തില്‍ പ്രധാന പങ്കുവഹിച്ചതെന്ന് ഫ്‌ളവര്‍ പറഞ്ഞു. മെഗാലേലത്തില്‍ 83 കോടി രൂപ പഴ്‌സുമായെത്തിയ ആര്‍ സി ബി സന്തുലിതവും വലുതുമായ ടീമിനെയാണ് സൃഷ്ടിച്ചത്.

സ്റ്റാര്‍ ബാറ്റര്‍മാരുടെ പുറകെ പോകാതെ ഒരു നല്ല ബൗളിങ് ലൈനപ്പിനെ സൃഷ്ടിക്കാനാണ് ടീം ശ്രമിച്ചതെന്ന് ആന്‍ഡി ഫ്‌ളവര്‍ പറഞ്ഞു.' ലേലം ഒരു സുപ്രധാനമായ ആദ്യപടിയായിരുന്നു, അത് ശരിയായി ചെയ്യേണ്ടത് നിര്‍ണായകമാണ്. തുടക്കം മുതല്‍ തന്നെ, മികച്ച കളിക്കാരായ ഹൈ പ്രൊഫൈല്‍ ബാറ്റര്‍മാര്‍ക്ക് വേണ്ടി അമിതമായി പണം ചെലവഴിക്കുന്നതിനുപകരം, മൂല്യം ന്യായമായി വിതരണം ചെയ്യുക എന്നതായിരുന്നു മോ ബോബാറ്റിന്റെ പ്രധാന തത്വം. എന്നിരുന്നാലും, ശക്തമായ ഒരു ബൗളിങ് ലൈനപ്പ് കെട്ടിപ്പടുക്കേണ്ടതിന്റെ ആവശ്യകത ഞങ്ങള്‍ തിരിച്ചറിഞ്ഞിരുന്നു, ആ ലക്ഷ്യത്തില്‍ ഞങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിച്ചു,' ഫ്‌ളവര്‍ പറഞ്ഞു.

'താരങ്ങളെ ടീമിലെത്തിക്കാതെ സൂക്ഷ്മത അതിരു കടക്കുന്നുവെന്ന് ലേലത്തിലെ ആദ്യ ദിവസത്തില്‍ ഞങ്ങള്‍ വിമര്‍ശനം നേരിട്ടു. പക്ഷെ ആ നിലപാട് എടുത്തതിനാല്‍ ഭുവനേശ്വര്‍ കുമാര്‍, ക്രുനാല്‍ പാണ്ഡ്യ, ടിം ഡേവിഡ്, റൊമാരിയോ ഷെഫേര്‍ഡ് എന്നീ വലിയ താരങ്ങളെ ടീമിലെത്തിക്കാന്‍ സഹായിച്ചു. യുവ ലെഗ് സ്പിന്നര്‍ സുയാഷ് ശര്‍മയും ഞങ്ങള്‍ക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തു,' ആന്‍ഡി ഫ്‌ളവര്‍ പറഞ്ഞു.

ഫൈനലില്‍ പഞ്ചാബി കിങ്‌സിനെതിരെ ആറ് റണ്‍സിനായിരുന്നു ആര്‍ സി ബിയുടെ വിജയം. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബെംഗളൂരു നിശ്ചിത 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സെടുത്തു. 43 റണ്‍സെടുത്ത വിരാട് കോഹ്ലിയാണ് ആര്‍സിബി നിരയുടെ ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ രജത് പാട്ടിദാര്‍ 16 പന്തില്‍ 26 റണ്‍സുമെടുത്തു.

മറുപടി ബാറ്റിങ്ങില്‍ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സിലെത്താനേ പഞ്ചാബ് കിങ്‌സിന് സാധിച്ചുള്ളു. 30 പന്തില്‍ പുറത്താകാതെ 61 റണ്‍സെടുത്ത ശശാങ്ക് സിങ് പഞ്ചാബിനായി അവസാന നിമിഷം വരെ പൊരുതിയിരുന്നു. നാല് ഓവറില്‍ 17 റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റെടുത്ത ക്രുണാല്‍ പാണ്ഡ്യയാണ് ആര്‍സിബി ബൗളിങ് നിരയില്‍ തിളങ്ങിയത്.

Content Highlights- Andy Flower talks about the reasons behind RCB's title win in IPL 2025

dot image
To advertise here,contact us
dot image