
ഐപിഎൽ 2025 കിരീടജേതാക്കളായതിന് പിന്നാലെ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിലെ മുൻ താരം എ ബി ഡിവില്ലിയേഴ്സിന്റെ പോരാട്ടങ്ങളെ പ്രകീർത്തിച്ച് വിരാട് കോഹ്ലി. 'എബി ഡിവില്ലിയേഴ്സ് ആർസിബിക്ക് വേണ്ടി ചെയ്ത കാര്യങ്ങൾ അവിശ്വസനീയമാവിധം വലുതാണ്. മത്സരത്തിന് മുമ്പ് തന്നെ ഞാൻ ഡിവില്ലിയേഴ്സിനോട് പറഞ്ഞിരുന്നു, ഈ വിജയം ഞങ്ങൾക്കെന്നപോലെ നിങ്ങൾക്കുമുള്ളതാണ്. ഈ രാത്രിയിൽ ആർസിബി ഐപിഎൽ കിരീടം ഉയർത്തുമ്പോൾ ഡിവില്ലിയേഴ്സ് ഇവിടെ ഉണ്ടാകണമെന്ന് ഞാൻ പറഞ്ഞിരുന്നു. അദ്ദേഹം ആ വിജയം ഞങ്ങളോടൊപ്പം ആഘോഷിക്കണം,' കോഹ്ലി പറഞ്ഞു.
'നാല് വർഷം മുൻപാണ് ഡിവില്ലിയേഴ്സ് ആർസിബിയിൽ നിന്ന് വിരമിച്ചത്. ആർസിബിക്കായി ഏറ്റവും അധികം മാൻ ഓഫ് ദ മാച്ച് പുരസ്കാരങ്ങളെന്ന നേട്ടം ഇപ്പോഴും ഡിവില്ലിയേഴ്സിന്റെ പേരിലാണ്. ആ നേട്ടം ഐപിഎല്ലിലും ആർസിബിയിലും പിന്നെ വിരാട് കോഹ്ലിയെന്ന വ്യക്തിയിലും ഡിവില്ലിയേഴ്സ് ഉണ്ടാക്കിയ സ്വാധീനം വ്യക്തമാക്കുന്നു. ബെംഗളൂരുവിലെ ജനങ്ങൾക്കും ആർസിബി ആരാധകർക്കും ഡിവില്ലിയേഴ്സ് എന്ന വ്യക്തി ആരാണെന്ന് വിവരിക്കാൻ എനിക്ക് കഴിയില്ല. അതുകൊണ്ട് ഈ രാത്രിയിൽ ഐപിഎൽ കപ്പ് ഉയർത്താൻ ഡിവില്ലിയേഴ്സും ക്രിസ് ഗെയ്ലും അർഹരാണ്,' കോഹ്ലി വ്യക്തമാക്കി.
ഐപിഎല്ലിന്റെ കിരീടപ്പോരിൽ ആവേശകരമായ മത്സരത്തിൽ ആറ് റൺസിനാണ് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു വിജയിച്ചത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബെംഗളൂരു നിശ്ചിത 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 190 റൺസെടുത്തു. 43 റൺസെടുത്ത വിരാട് കോഹ്ലിയാണ് ആർസിബി നിരയുടെ ടോപ് സ്കോറർ. ക്യാപ്റ്റൻ രജത് പാട്ടിദാർ 16 പന്തിൽ 26 റൺസുമെടുത്തു.
മറുപടി ബാറ്റിങ്ങിൽ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 184 റൺസിലെത്താനേ പഞ്ചാബ് കിങ്സിന് സാധിച്ചുള്ളു. 30 പന്തിൽ പുറത്താകാതെ 61 റൺസെടുത്ത ശശാങ്ക് സിങ് പഞ്ചാബിനായി അവസാന നിമിഷം വരെ പൊരുതിയിരുന്നു. നാല് ഓവറിൽ 17 റൺസ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റെടുത്ത ക്രുണാൽ പാണ്ഡ്യയാണ് ആർസിബി ബൗളിങ് നിരയിൽ തിളങ്ങിയത്.
Content Highlights: Virat Kohli praises Ab De Villers of his days in RCB