ഐപിഎല്‍ ഫൈനലില്‍ ടെസ്റ്റ് കളിക്കുന്ന 'കിംഗ് കോഹ്‌ലി'; മെല്ലെപ്പോക്കില്‍ രൂക്ഷ വിമര്‍ശനം

'കോഹ്‌ലിയുടെ വിക്കറ്റ് വീണത് ആര്‍സിബിക്ക് ഗുണം മാത്രമാണ് ചെയ്യുക' എന്നും കമന്‍റുകളുണ്ട്

dot image

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പഞ്ചാബ് കിംഗ്‌സിനെതിരായ ഫൈനലിനിടെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു താരം വിരാട് കോഹ്‌ലിക്കെതിരെ ആരാധകര്‍. നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ആര്‍സിബിക്ക് വേണ്ടി ഓപണിങ്ങിന് ഇറങ്ങിയതായിരുന്നു കോഹ്‌ലി. എന്നാല്‍ 35 പന്തില്‍ 43 റണ്‍സെടുത്ത കോഹ്‌ലി 15-ാം ഓവറില്‍ പുറത്താവുകയായിരുന്നു.

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ പവര്‍പ്ലേയില്‍ ഓപണറായ കോഹ്‌ലി വെറും 10 പന്തുകള്‍ മാത്രമാണ് നേരിട്ടത്. ഈ പത്ത് പന്തുകളില്‍ നിന്ന് ഒരു ബൗണ്ടറി അടക്കം 13 റണ്‍സ് മാത്രമാണ് കോഹ്‌ലിയുടെ ബാറ്റില്‍ നിന്ന് പിറന്നത്. പവര്‍പ്ലേയില്‍ നേരിട്ട പത്ത് പന്തില്‍ ഒരു ഡബിളും ഒരു ഡോട്ട് ബോളും ഒരു ബൗണ്ടറിയും കഴിഞ്ഞാല്‍ പിന്നീട് വന്നതെല്ലാം സിംഗിളുകളാണ്. 43 റണ്‍സെടുത്ത് പുറത്താവുമ്പോള്‍ മൂന്ന് ബൗണ്ടറി മാത്രമാണ് കോഹ്‌ലി സ്വന്തമാക്കിയത്. 122ആണ് കോഹ്‌ലിയുടെ സ്‌ട്രൈക്ക് റേറ്റ്.

കോഹ്‌ലി ഐപിഎല്‍ ഫൈനലില്‍ ടെസ്റ്റ് കളിക്കുകയാണെന്നാണ് ചിലര്‍ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉന്നയിക്കുന്നത്. കോഹ്‌ലി മെല്ലെ കളിച്ചത് മറ്റ് ആര്‍സിബി ബാറ്റര്‍മാര്‍ക്ക് സ്‌ട്രൈക്ക്‌റേറ്റ് ഉയര്‍ത്തി കളിക്കുന്നതിനുള്ള സമ്മര്‍ദ്ദം കൂട്ടിയെന്നും ഇത് വിക്കറ്റുകള്‍ നഷ്ടപ്പെടുന്നതിന് ഇടയാക്കിയെന്നും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ഉയരുന്നുണ്ട്. 'ആര്‍സിബിയുടെ തോല്‍വി ഉറപ്പാക്കുന്ന പ്രകടനമാണ് കോഹ്‌ലി കാഴ്ച വെച്ചത്', 'കോഹ്‌ലിയുടെ വിക്കറ്റ് വീണത് ആര്‍സിബിക്ക് ഗുണം മാത്രമാണ് ചെയ്യുക' എന്നിങ്ങനെ പോകുന്നു കമന്റുകള്‍.

അതേസമയം ആദ്യം ബാറ്റുചെയ്ത ആര്‍സിബി നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സെടുത്തിരിക്കുകയാണ്. പഞ്ചാബ് ബോളര്‍മാര്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞപ്പോള്‍ കൂടുതല്‍ ശോഭിക്കാനാവാതെ ആര്‍സിബി ബാറ്റര്‍മാരെല്ലാം മടങ്ങി. പവര്‍ പ്ലേയില്‍ മികച്ച തുടക്കം കണ്ടെത്താന്‍ ആര്‍സിബിക്ക് സാധിച്ചിരുന്നുവെങ്കിലും പഞ്ചാബ് ബോളര്‍മാര്‍ മികച്ച സ്‌പെല്ലുമായി തിരിച്ചെത്തുകയായിരുന്നു.

35 പന്തില്‍ 43 റണ്‍സ് നേടിയ കോഹ്ലി, 26 റണ്‍സുമായി രജത് പാട്ടീദാര്‍, 24 റണ്‍സുമായി മായങ്ക് അഗര്‍വാള്‍ , 24 റണ്‍സുമായി ജിതേഷ് ശര്‍മ, 25 റണ്‍സുമായി ലിയാം ലിവിങ്സ്റ്റണ്‍ എന്നിവര്‍ ഭേദപ്പെട്ട പ്രകടനം നടത്തി.

Content Highlights: Virat Kohli played Test cricket: Fans slam RCB star for 35-ball 43 in IPL final

dot image
To advertise here,contact us
dot image