വല്ലാത്ത തലവേദന, ഞാന്‍ ഒന്ന് കിടക്കട്ടെ! മുംബൈയുടെ പരാജയത്തിന് പിന്നാലെ നിത അംബാനിക്ക് ട്രോള്‍പൂരം

പഞ്ചാബിന്റെ ബാറ്റിങ്ങിനിടെ തലയില്‍ കൈവെച്ച് ഇരിക്കുന്ന നിത അംബാനിയുടെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്

dot image

ഐപിഎല്‍ രണ്ടാം ക്വാളിഫയറില്‍ പഞ്ചാബ് കിംഗ്‌സിനോട് തോറ്റ് പുറത്തായിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ്. നിര്‍ണായക പോരാട്ടത്തില്‍ മുംബൈയെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തിയ പഞ്ചാബ് കിംഗ്‌സ് ഫൈനല്‍ ബര്‍ത്ത് ഉറപ്പിക്കുകയും ചെയ്തു. മഴ മൂലം വൈകി ആരംഭിച്ച മത്സരത്തില്‍ ആദ്യം ബാറ്റുചെയ്ത മുംബൈ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിങ്ങില്‍ ഒരോവര്‍ ബാക്കിനില്‍ക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ പഞ്ചാബ് വിജയത്തിലെത്തുകയായിരുന്നു.

മുംബൈ ഇന്ത്യന്‍സിന്റെ പരാജയത്തിന് പിന്നാലെ ടീം ഉടമയായ നിത അംബാനിക്കെതിരെ ശക്തമായ ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. പഞ്ചാബിന്റെ ബാറ്റിങ്ങിനിടെ തലയില്‍ കൈവെച്ച് ഇരിക്കുന്ന നിത അംബാനിയുടെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്.

ഹാര്‍ദിക് എറിഞ്ഞ പത്താം ഓവറില്‍ നെഹാല്‍ വധേരയുടെ ക്യാച്ച് ട്രെന്റ് ബോള്‍ട്ട് അവിശ്വസനീയമായി വിട്ടുകളഞ്ഞ സമയത്താണ് നിത അംബാനി നിരാശ പ്രകടിപ്പിച്ചത്. മകന്‍ ആകാശ് അംബാനിക്കൊപ്പം ഡഗ്ഗൗട്ടിലിരുന്ന് മത്സരം കാണുകയായിരുന്ന നിത അംബാനിയുടെ പ്രതികരണം ക്യാമറ കൃത്യമായി ഒപ്പിയെടുക്കുകയും ചെയ്തു.

ബോള്‍ട്ടിന്റെ കയ്യില്‍ തട്ടി പന്ത് ബൗണ്ടറിയിലെത്തിയതോടെ നിത അംബാനി തലയില്‍ കൈവച്ചു പോവുകയും ചെയ്തു. ഒടുവില്‍ ശ്രേയസ് അയ്യര്‍ സിക്‌സറടിച്ച് മുംബൈയുടെ പ്രതീക്ഷ ഇല്ലാതാക്കിയതോടെ ആകാശിന്റെ മുഖത്തേക്ക് നിരാശയോടെ നോക്കിയിരിക്കുന്ന നിതയുടെ ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

Content Highlights: Nita Ambani has a meltdown after Mumbai Indians' IPL 2025 exit, netizens quip

dot image
To advertise here,contact us
dot image