
ഐപിഎല്ലിൽ ഇന്ന് നടക്കുന്ന രണ്ടാം ക്വാളിഫയറിൽ മുംബൈ ഇന്ത്യൻസ് താരം സൂര്യകുമാർ യാദവ് കളിക്കുമെന്ന് ടീം പരിശീലകൻ മഹേല ജയവർധനെ. ഗുജറാത്ത് ടൈറ്റൻസിനെതിരായ എലിമിനേറ്റർ മത്സരത്തിനിടെ സൂര്യകുമാറിന് പരിക്കേറ്റിരുന്നു. എന്നാൽ പരിക്ക് ഗുരുതരമല്ലെന്നാണ് ടീം പരിശീലകന്റെ വാക്കുകൾ.
'എനിക്കറിയാവുന്നിടത്തോളം സൂര്യയുടെ പരിക്ക് ഗുരുതരമല്ല. ടീം ഫിസിയോ പരിക്കിനെക്കുറിച്ച് ഒന്നും അറിയിച്ചിട്ടില്ല. സൂര്യകുമാർ സുഖമായിരിക്കുന്നു. ഒരു കാലുകൊണ്ട് ബാറ്റു ചെയ്യേണ്ടി വന്നാൽ പോലും സൂര്യകുമാർ ഇന്ന് പഞ്ചാബിനെതിരെ കളത്തിലെത്തും'. മത്സരത്തിന് മുമ്പായുള്ള വാർത്താസമ്മേളനത്തിൽ മഹേല ജയവർധനെ പ്രതികരിച്ചു.
'മുംബൈ ഇന്ത്യൻസിന് ഇപ്പോൾ കഠിനമായൊരു മത്സരക്രമമാണുള്ളത്. എങ്കിലും ആർക്കും പരിക്കുകളൊന്നുമില്ല എന്ന് ഞാൻ കരുതുന്നു. ചെറിയ പരിക്കുകൾ കാര്യമാക്കേണ്ടതില്ല,' ജയവർധനെ വ്യക്തമാക്കി.
ഐപിഎല്ലിൽ ഇന്ന് നടക്കുന്ന എലിമിനേറ്റർ മത്സരത്തിൽ മുംബൈ ഇന്ത്യൻസ് പഞ്ചാബ് കിങ്സിനെ നേരിടും. ഇന്ന് വിജയിക്കുന്ന ടീം ഐപിഎല്ലിന്റെ കലാശപ്പോരിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ നേരിടും.
Content Highlights: Mahela Jayawardene lauds Suryakumar Yadav despite injury concerns