
മുംബൈ ഇന്ത്യൻസിനെതിരെ നേടിയ തകർപ്പൻ ജയത്തിന് പിന്നാലെ ക്യാപ്റ്റൻ ശ്രേയസ് അയ്യരെ വാനോളം പ്രശംസിച്ച് ടീം സഹ ഉടമ പ്രീതി സിന്റ. ശ്രേയസ് അയ്യരെ പ്രശംസിക്കാൻ തനിക്ക് വാക്കുകൾ പോരെന്ന് പറഞ്ഞ സിന്റ ശ്രേയസിന് ക്യാപ്റ്റൻ ഫന്റാസ്റ്റിക് എന്ന വിശേഷണവും നൽകി. 'അദ്ദേഹം ഒരു മികച്ച ക്യാപ്റ്റനും പോരാളിയും നേതാവുമാണ്. റിക്കി പോണ്ടിംഗ് ഒരു പരിശീലകനുമായി കൂടിച്ചേർന്ന് ഈ സീസണിൽ നടത്തിയ മുന്നേറ്റങ്ങൾക്ക് ഞാൻ നന്ദി പറയുന്നു, സിന്റ കൂട്ടിച്ചേർത്തു.
ഐപിഎൽ സീസണിൽ ആദ്യ ക്വാളിഫയർ ഉറപ്പിച്ചിരിക്കുകയാണ് പഞ്ചാബ് കിങ്സ്. ചരിത്രത്തിൽ ഇത് രണ്ടാം തവണ മാത്രമാണ് പഞ്ചാബ് കിങ്സ് ആദ്യ ക്വാളിഫയറിന് യോഗ്യത നേടുന്നത്. മുമ്പ് 2014ൽ പഞ്ചാബ് കിങ്സ് ആദ്യ ക്വാളിഫയർ കളിച്ചു. എന്നാൽ മത്സരം പരാജയപ്പെട്ട പഞ്ചാബ് പിന്നീട് എലിമിനേറ്ററിൽ ചെന്നൈയെ കീഴടക്കി ഫൈനലിന് യോഗ്യത നേടി. എന്നാൽ ഫൈനലിൽ വീണ്ടും കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനോട് പരാജയപ്പെടാനായിരുന്നു പഞ്ചാബ് കിങ്സിന്റെ വിധി.
ഇത്തവണ 14 മത്സരങ്ങളിൽ ഒമ്പത് വിജയവും നാല് തോൽവിയും ഉൾപ്പെടെ 19 പോയിന്റ് നേടിയാണ് പഞ്ചാബ് കിങ്സ് ഐപിഎൽ പ്ലേ ഓഫിന് യോഗ്യത നേടിയത്. ആദ്യ ക്വാളിഫയറിൽ ഗുജറാത്ത് ടൈറ്റൻസ് അല്ലെങ്കിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ പഞ്ചാബ് നേരിടും. ഇന്ന് നടക്കുന്ന മത്സരത്തിൽ ലഖ്നൗവിനെതിരെ ബെംഗളൂരു വിജയിച്ചാൽ ആദ്യ ക്വാളിഫയറിൽ പഞ്ചാബിന് ബെംഗളൂരു എതിരാളികളാകും. അല്ലെങ്കിൽ ഗുജറാത്ത് ആകും ആദ്യ ക്വാളിഫയറിൽ പഞ്ചാബിന്റെ എതിരാളികൾ.
Content Highlights: