
ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ വിജയിച്ച് ആദ്യ ക്വാളിഫയറിന് യോഗ്യത നേടിയതിന് പിന്നാലെ പ്രതികരണവുമായി പഞ്ചാബ് കിങ്സ് നായകൻ ശ്രേയസ് അയ്യർ. 'റിക്കി പോണ്ടിങ്ങും ഞാനും തമ്മിൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി മികച്ച സൗഹൃദമുണ്ട്. പോണ്ടിങ് എനിക്ക് ഒരുപാട് സ്വാതന്ത്ര്യം നൽകുന്നു. കളിക്കളത്തിൽ തീരുമാനങ്ങളെടുക്കാൻ പോണ്ടിങ് എനിക്ക് പൂർണ സ്വാതന്ത്രം നൽകി. അത് സീസണിൽ പഞ്ചാബ് കിങ്സിന്റെ മികച്ച പ്രകടനത്തിനും കാരണമായി,' മത്സരത്തിന് ശേഷം ശ്രേയസ് അയ്യർ പ്രതികരിച്ചു.
'പഞ്ചാബ് ടീമിലെ ഓരോ താരങ്ങളും നിർണായക സംഭാവനകൾ നൽകി. ആദ്യ മത്സരം മുതൽ ഏത് സാഹചര്യത്തിലും വിജയിക്കാനായിരുന്നു പഞ്ചാബ് ടീമിന്റെ ശ്രമം. ഏത് പ്രതിസന്ധി ഘട്ടങ്ങളിലും മികച്ച പ്രകടനം നടത്താൻ കഴിയുന്ന താരങ്ങൾ പഞ്ചാബ് നിരയിലുണ്ട്. ടീം മാനേജ്മെന്റും അഭിനന്ദനങ്ങൾ അർഹിക്കുന്നു,' ശ്രേയസ് പറഞ്ഞു.
'റിക്കി പോണ്ടിങ് മികച്ച പ്ലെയർ മാനേജരാണ്. ഞാനും എല്ലാ താരങ്ങളുമായി സംസാരിച്ചിരുന്നു. എല്ലാ താരങ്ങളും മികച്ച സൗഹൃദം നിലനിർത്തി. ഡ്രസ്സിങ് റൂമിലെ അന്തരീക്ഷം മികച്ചതായിരുന്നു. വിഷമിച്ചിരിക്കുമ്പോൾ, പരസ്പരം കുറ്റപ്പെടുത്തുന്നത് എളുപ്പമാണ്. എന്നാൽ പഞ്ചാബ് കിങ്സിൽ അതുണ്ടായില്ല; ശ്രേയസ് അയ്യർ വ്യക്തമാക്കി.
ഐപിഎൽ സീസണിൽ ആദ്യ ക്വാളിഫയർ ഉറപ്പിച്ചിരിക്കുകയാണ് പഞ്ചാബ് കിങ്സ്. ചരിത്രത്തിൽ ഇത് രണ്ടാം തവണ മാത്രമാണ് പഞ്ചാബ് കിങ്സ് ആദ്യ ക്വാളിഫയറിന് യോഗ്യത നേടുന്നത്. മുമ്പ് 2014ൽ പഞ്ചാബ് കിങ്സ് ആദ്യ ക്വാളിഫയർ കളിച്ചു. എന്നാൽ മത്സരം പരാജയപ്പെട്ട പഞ്ചാബ് പിന്നീട് എലിമിനേറ്ററിൽ ചെന്നൈയെ കീഴടക്കി ഫൈനലിന് യോഗ്യത നേടി. എന്നാൽ ഫൈനലിൽ വീണ്ടും കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനോട് പരാജയപ്പെടാനായിരുന്നു പഞ്ചാബ് കിങ്സിന്റെ വിധി.
ഇത്തവണ 14 മത്സരങ്ങളിൽ ഒമ്പത് വിജയവും നാല് തോൽവിയും ഉൾപ്പെടെ 19 പോയിന്റ് നേടിയാണ് പഞ്ചാബ് കിങ്സ് ഐപിഎൽ പ്ലേ ഓഫിന് യോഗ്യത നേടിയത്. ആദ്യ ക്വാളിഫയറിൽ ഗുജറാത്ത് ടൈറ്റൻസ് അല്ലെങ്കിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ പഞ്ചാബ് നേരിടും. ഇന്ന് നടക്കുന്ന മത്സരത്തിൽ ലഖ്നൗവിനെതിരെ ബെംഗളൂരു വിജയിച്ചാൽ ആദ്യ ക്വാളിഫയറിൽ പഞ്ചാബിന് ബെംഗളൂരു എതിരാളികളാകും. അല്ലെങ്കിൽ ഗുജറാത്ത് ആകും ആദ്യ ക്വാളിഫയറിൽ പഞ്ചാബിന്റെ എതിരാളികൾ.
Content Highlights: Shreyas Iyer thanks to Rickey Ponting for expressing himself in PBKS