
ന്യൂഡൽഹി: ബിഹാറിലെ ഗയ വിമാനത്താവളത്തിന്റെ ഇന്റർനാഷണൽ എയർ ട്രാൻസ്‌പോർട്ട് അസോസിയേഷൻ ഐഡന്റിഫയർ(IATA) കോഡ് 'GAY' എന്നായതിൽ ആശങ്ക അറിയിച്ച് രാജ്യസഭയിലെ ബിജെപി അംഗം ഭീം സിങ്. ഇതിന് വ്യോമയാന സഹമന്ത്രി മുരളീധർ മഹോൽ മറുപടി നൽകി. മൂന്നക്ഷരമുള്ള എയർപോർട്ട് തിരിച്ചറിയൽ കോഡുകൾ ഒരിക്കൽ തീരുമാനിച്ച് കഴിഞ്ഞാൽ പിന്നെ അത് മാറ്റാറില്ലെന്നും, വ്യോമ തലത്തിലെ സുരക്ഷയുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കിലും അത്രയും അപൂർവമായ സാഹചര്യങ്ങളിലും മാത്രമാണ് ഇതിൽ മാറ്റം വരുത്താറെന്നും മറുപടിയിൽ മന്ത്രി വ്യക്തമാക്കി.
ഈ കോഡ് നൽകുന്നത് IATAയാണ്. യാത്രയുമായി ബന്ധപ്പെട്ട വ്യവസ്ഥകളുടെയും പ്രക്രിയകളുടെയും ഭാഗമായി വിമാനത്താവളങ്ങൾ തിരിച്ചറിയാനുള്ള മാർഗമായാണ് ഇതിനെ ഉപയോഗിക്കുന്നത്. ഏത് നഗരത്തിലാണോ വിമാനത്താവളം സ്ഥിതി ചെയ്യുന്നത്, ആ നഗരത്തിന്റെ പേരിലെ ആദ്യ മൂന്ന് അക്ഷരങ്ങളാണ് സാധാരണയായി ഈ കോഡിനായി ഉപയോഗിക്കുന്നതെന്നും മന്ത്രി നൽകിയ റിപ്പോർട്ടിൽ വിശദീകരിക്കുന്നുണ്ട്. മുമ്പും ഗയ വിമാനത്താവളത്തിന്റെ തിരിച്ചറിയൽ കോഡ് മാറ്റണമെന്ന ആവശ്യം വ്യോമയാന മന്ത്രാലയത്തിനും എയർപോർട്ട് അതോറിറ്റി ഒഫ് ഇന്ത്യയ്ക്കും ലഭിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
കൊമേർഷ്യൽ എയർലൈൻ ഓപ്പറേഷൻസിന് വേണ്ടി, എയർലൈൻ ഓപ്പറേറ്റർമാരുടെ അപേക്ഷയിലാണ് IATA ലൊക്കേഷൻ കോർഡുകൾ നൽകുന്നത്. ഗയ എയർപോർട്ടിന്റെ തിരിച്ചറിയൽ കോഡ് മാറ്റണമെന്ന് ആവശ്യപ്പെട്ട് എയർഇന്ത്യ മുമ്പ് അധികൃതരെ സമീപിച്ചിരുന്നു. IATA റെസല്യൂഷൻ 763ന്റെ നിബന്ധനകൾ പ്രകാരം ഇത് സ്ഥിരമായി തന്നെയുള്ള കോർഡാണെന്നാണ് അന്ന് നൽകിയ മറുപടിയെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ജനങ്ങൾക്ക് സാമൂഹികപരമായും സാംസ്‌കാരികപരമായും സുഖകരമല്ലാത്തതും കുറ്റകരമായി കണക്കാക്കുന്നതുമായ 'GAY' എന്ന കോഡാണോ വിമാനത്താവളത്തിന് നൽകിയിരിക്കുന്നതെന്നായിരുന്നു ബിജെപി എംപിയുടെ ചോദ്യം. സാംസ്‌കാരികമായി കൂടുതൽ മെച്ചപ്പെട്ട ഒരു കോഡ് എയർപോർട്ടിന് നൽകാൻ സർക്കാർ പരിഗണന ഉണ്ടോയെന്നും ഭീം സിങ് ചോദിച്ചിരുന്നു.
Content Highlights: BJP member raises concern on Gaya Airports IATA Code