വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് പുതിയ പ്ലോട്ട് ട്വിസ്റ്റ്; ആവേശമായി 'തല'യുടെ മറുപടി

ഐപിഎല്‍ 18-ാം സീസണിലെ ചെന്നൈയുടെ അവസാന മത്സരത്തിലും പതിവുപോലെ ധോണിയെ ആ ചോദ്യം തേടിയെത്തിയിരിക്കുകയാണ്

dot image

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ഇതിഹാസ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ ഭാവിയാണ് എപ്പോഴും ചര്‍ച്ചാവിഷയമാവാറുള്ളത്. ഓരോ സീസണിനും മുന്‍പ് ധോണിയുടെ അവസാന സീസണായിരിക്കും ഇതെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ പരക്കാറുണ്ട്. 2025 സീസണിലും 43കാരനായ ധോണിയുടെ അവസാന ഐപിഎല്‍ സീസണായിരിക്കുമെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു.

ഐപിഎല്‍ 18-ാം സീസണിലെ ചെന്നൈയുടെ അവസാന മത്സരത്തിലും പതിവുപോലെ ധോണിയെ ആ ചോദ്യം തേടിയെത്തിയിരിക്കുകയാണ്. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തിന് ശേഷം ധോണിയുടെ വിരമിക്കല്‍ പ്രഖ്യാപനമുണ്ടാവുമെന്ന് മിക്ക ക്രിക്കറ്റ് ആരാധകരും കാത്തിരുന്നു. എന്നാല്‍ ആരാധകരെ ആവേശത്തിലാക്കി മറുപടി നല്‍കിയിരിക്കുകയാണ് ധോണി.

അടുത്ത സീസണില്‍ താങ്കളെ കാണാന്‍ സാധിക്കുമോയെന്നാണ് ഹര്‍ഷ് ഭോഗ്‌ലെ മത്സരശേഷം ധോണിയോട് ചോദിച്ചത്. 'എനിക്ക് തീരുമാനമെടുക്കാന്‍ നാലോ അഞ്ചോ മാസം വരെ സമയമുണ്ട്. തിടുക്കമൊന്നുമില്ല. റാഞ്ചിയിലേക്ക് മടങ്ങാനും കുറച്ച് ബൈക്ക് യാത്രകള്‍ ആസ്വദിക്കാന്‍ ധാരാളം സമയമുണ്ട്. ഞാന്‍ തിരിച്ചുവരുമെന്നോ തിരിച്ചുവരില്ലെന്നോ ഞാന്‍ പറയുന്നില്ല', ചെന്നൈ ക്യാപ്റ്റന്‍ പറഞ്ഞു.

ക്രിക്കറ്റ് താരങ്ങള്‍ സ്വന്തം പെര്‍ഫോമന്‍സിന് അനുസരിച്ച് വിരമിക്കാന്‍ തുടങ്ങിയാല്‍ അവരില്‍ ചിലര്‍ 22 വയസില്‍ തന്നെ വിരമിക്കുമായിരുന്നുവെന്നും ധോണി മത്സരശേഷം പറഞ്ഞു. എന്തായാലും ധോണി വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ല എന്ന് അറിഞ്ഞപ്പോള്‍ തന്നെ സ്റ്റേഡിയത്തിലെ ആരാധകര്‍ ആര്‍ത്തലച്ചിരുന്നു. തങ്ങളുടെ പ്രിയ താരത്തെ ഒരിക്കല്‍ക്കൂടി കാണാന്‍ സാധിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

Content Highlights: MS Dhoni adds fresh plot twist to retirement buzz as he bows out of IPL 2025 with a win

dot image
To advertise here,contact us
dot image