മിസ്റ്ററി സ്പിന്നറെ ഇങ്ങനെ അടിച്ചുപറത്താമോ ക്ലാസാ? പന്തുകൊണ്ട് അർധ സെഞ്ച്വറി വഴങ്ങി വരുണ്‍, വിമർശനം

കൊല്‍ക്കത്തയുടെ ബോളിങ് നിരയില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുന്നത് വരുണ്‍ ചക്രവര്‍ത്തിയാണ്

dot image

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിലവിലെ ചാംപ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് മുന്നില്‍ കൂറ്റന്‍ വിജയലക്ഷ്യം ഉയര്‍ത്തി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് നിശ്ചിത 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 278 റണ്‍സ് നേടി. സെഞ്ച്വറി നേടിയ ഹെന്റിച്ച് ക്ലാസന്റെയും അര്‍ധ സെഞ്ച്വറി ട്രാവിസ് ഹെഡിന്റെയും വെടിക്കെട്ട് ബാറ്റിംഗാണ് സണ്‍റൈസേഴ്‌സിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്.

സണ്‍റൈസേഴ്‌സിനെതിരെ മോശം പ്രകടനമാണ് കൊല്‍ക്കത്ത ബോളര്‍മാര്‍ കാഴ്ചവെച്ചത്. കൊല്‍ക്കത്തയ്ക്ക് വേണ്ടി സുനില്‍ നരെയ്ന്‍ മാത്രമാണ് ബോളിങ്ങില്‍ തിളങ്ങിയത്. നാലോവര്‍ പന്തെറിഞ്ഞ നരെയ്ന്‍ 42 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റുകള്‍ വീഴ്ത്തുകയായിരുന്നു. ശേഷിക്കുന്ന ഒരു വിക്കറ്റ് വീഴ്ത്തിയത് വൈഭവ് അറോറയാണ്.

കൊല്‍ക്കത്തയുടെ ബോളിങ് നിരയില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുന്നത് മിസ്റ്ററി സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയാണ്. മൂന്ന് ഓവര്‍ പന്തെറിഞ്ഞ വരുണ്‍ 54 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് പോലും വീഴ്ത്തിയതുമില്ല. ഇതിനു പിന്നാലെയായിരുന്നു ആരാധകര്‍ താരത്തിനെതിരെ പരിഹാസവും വിമര്‍ശനവുമായി രംഗത്തെത്തിയത്.

സീസണില്‍ മികച്ച വിക്കറ്റ് വേട്ടക്കാരനായ വരുണിനെ ഹൈദരാബാദ് താരം ഹെന്റിച്ച് ക്ലാസന്‍ അടിച്ചുപറത്തുന്നതും സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ എടുത്തുപറയുന്നുണ്ട്. തുടർച്ചയായ നാല് ബൗണ്ടറിയടക്കമാണ് വരുണിന്‍റെ പന്തില്‍ ക്ലാസന്‍ അടിച്ചത്. ഒരു ഓവര്‍ കൂടെ പന്തെറിഞ്ഞിരുന്നെങ്കില്‍ വരുണ്‍ 90 റണ്‍സ് വരെ വഴങ്ങുമായിരുന്നെന്നും ആരാധകര്‍ അഭിപ്രായപ്പെട്ടു.

Content Highlights: Varun Chakaravarthy bowled 3 overs, conceding 54 runs without taking a wicket

dot image
To advertise here,contact us
dot image