ചേട്ടനില്ലാത്തതിന്റെ കുറവ് അനിയനല്ലേ നികത്തേണ്ടത്! ദിഗ്‌വേഷിന്റെ നോട്ട്ബുക്ക് സെലിബ്രേഷനുമായി LSG താരം

ബിസിസിഐ നടപടിയെടുത്തിട്ടും വിവാദ ആഘോഷം ദിഗ്വേഷ് പലതവണ ആവര്‍ത്തിച്ചിരുന്നു

dot image

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18-ാം സീസണില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളതും വിവാദമായിട്ടുള്ളതുമായ വിക്കറ്റ് ആഘോഷമാണ് നോട്ട്ബുക്ക് സെലിബ്രേഷന്‍. പുറത്തായ ബാറ്ററുടെ പേര് നോട്ട്ബുക്കില്‍ കുറിക്കുന്ന മാതൃകയില്‍ കൈ കൊണ്ട് മറ്റേ കൈവെള്ളയില്‍ ബൗളര്‍മാര്‍ എഴുതുന്നതായി കാണിക്കുന്നതാണിത്. ഐപിഎല്‍ 2025ല്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് താരം ദിഗ്‌വേഷ് രാതിയാണ് ഇതിന് തുടക്കമിട്ടത്. ബിസിസിഐ നടപടിയെടുത്തിട്ടും വിവാദ ആഘോഷം ദിഗ്വേഷ് പലതവണ ആവര്‍ത്തിച്ചു. തുടര്‍ന്ന് താരത്തെ സസ്പെന്റ് ചെയ്യുകയും ചെയ്തിരുന്നു.

സസ്‌പെന്‍ഷന്‍ കാരണം ദിഗ്‌വേഷിന് ഗുജറാത്ത് ടൈറ്റന്‍സിനെതിരായ കഴിഞ്ഞ മത്സരത്തില്‍ പുറത്തിരിക്കേണ്ടി വന്നിരുന്നു. എന്നാല്‍ ദിഗ്‌വേഷിന്റെ അഭാവത്തിലും ഗുജറാത്തിനെതിരായ മാച്ചില്‍ നോട്ട്ബുക്ക് സെലിബ്രേഷന്‍ ആവര്‍ത്തിക്കപ്പെട്ടിരുന്നു. ലഖ്‌നൗവിന്റെ തന്നെ മറ്റൊരു ബൗളറായ ആകാശ് മഹാരാജ് സിങ്ങാണ് ദിഗ്‌വേഷിന്റെ നോട്ട്ബുക്ക് സെലിബ്രേഷന്‍ ആവര്‍ത്തിച്ചത്.

ജോസ് ബട്‌ലറെ പുറത്താക്കിയ ശേഷമായിരുന്നു ആകാശിന്റെ സെലിബ്രേഷന്‍. ഇന്നലെ ലക്‌നൗ ഉയര്‍ത്തിയ 236 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഗുജറാത്തിന്റെ ജോസ് ബട്ലറെ പത്താം ഓവറില്‍ ക്ലീന്‍ ബൗള്‍ഡാക്കിയശേഷമാണ് ആകാശ് മഹാരാജ് സിംഗ് കൈകളില്‍ എഴുതി നോട്ട് ബുക്ക് സെലിബ്രേഷന്‍ നടത്തിയത്. 18 പന്തില്‍ 33 റണ്‍സെടുത്ത ബട്ലറുടെ വിക്കറ്റ് മത്സരത്തില്‍ നിര്‍ണായകമായിരുന്നു.

മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ 33 റണ്‍സിന്റെ വിജയം ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് സ്വന്തമാക്കുകയായിരുന്നു. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് നിശ്ചിത 20 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 235 റണ്‍സെടുത്തു. 117 റണ്‍സെടുത്ത മിച്ചല്‍ മാര്‍ഷിന്റെ പ്രകടനമാണ് ലഖ്‌നൗവിനെ മികച്ച സ്‌കോറിലെത്തിച്ചത്.

മറുപടി ബാറ്റിങ്ങില്‍ 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ ഗുജറാത്തിന് 202 റണ്‍സെടുക്കാനെ സാധിച്ചുള്ളു. 57 റണ്‍സെടുത്ത ഷാരൂഖ് ഖാന്റെയും 38 റണ്‍സെടുത്ത ഷെഫ്രെയന്‍ റൂഥര്‍ഫോര്‍ഡിന്റെയും പ്രകടനം ഗുജറാത്തിന് വിജയപ്രതീക്ഷ നല്‍കിയിരുന്നു. എന്നാല്‍ അവസാന ഏഴ് വിക്കറ്റുകള്‍ 20 റണ്‍സിനിടെ നഷ്ടമായതാണ് ഗുജറാത്തിന്റെ പരാജയത്തിന് കാരണമായത്.

Content Highlights: LSG's Akash Singh does the notebook celebration after teammate Digvesh Rathi's suspension

dot image
To advertise here,contact us
dot image