സച്ചിനെ വിറപ്പിച്ച പേസര്‍ മുതല്‍ ബോട്ടിലെ ക്ലീനര്‍ വരെ; ഇത് സിംബാബ്‌വെയുടെ ഹെന്റി ഒലോങ്കയുടെ നാടകീയ ജീവിതം

സച്ചിന്‍ ടെണ്ടുല്‍ക്കറുമായി ഉണ്ടായ വാക്പോര് മാത്രം മതി ഇന്ത്യക്കാര്‍ക്ക് ഹെന്റി ഒലോങ്ക എന്ന 'മിന്നല്‍പ്പിണറി'നെ ഓര്‍മിക്കാന്‍

dot image

ക്രിക്കറ്റ് മൈതാനങ്ങളില്‍ ഒരുകാലത്ത് വേഗതയുടെ മറുപേരായിരുന്നു ഹെന്റി ഒലോങ്ക. തീപാറും പന്തുകളുമായി ലോകമെമ്പാടുമുള്ള ബാറ്റര്‍മാരെ വിറപ്പിച്ച സിംബാബ്വെയുടെ മുന്‍ പേസ് ബൗളറാണ് ഹെന്റി ഖാബ ഒലോങ്ക. 1998ലെ ത്രിരാഷ്ട്ര പരമ്പരയില്‍ ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുമായി ഉണ്ടായ വാക്പോര് മാത്രം മതി ഇന്ത്യക്കാര്‍ക്ക് ഹെന്റി ഒലോങ്ക എന്ന 'മിന്നല്‍പ്പിണറി'നെ ഓര്‍മിക്കാന്‍. അടുത്തിടെ അദ്ദേഹം ക്രൂയിസ് കപ്പലുകളില്‍ പാടുകയും ചെയ്തിരുന്നു.

1999 ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യയുടെ അവസാനത്തെ മൂന്ന് വിക്കറ്റുകളും ഒറ്റ റണ്‍ പോലും വഴങ്ങാതെ പിഴുതെറിഞ്ഞ് സിംബാബ്വെയ്ക്ക് അവിസ്മരണീയ വിജയം സമ്മാനിച്ച പേസ് ബൗളര്‍ സൃഷ്ടിച്ച ഞെട്ടല്‍ ഇന്നും ഇന്ത്യക്കാരില്‍ നിന്ന് വിട്ടുപോയിട്ടുണ്ടാകില്ല. ഒരുകാലത്ത് ക്രിക്കറ്റ് മൈതാനങ്ങളില്‍ ബാറ്റര്‍മാരുടെ പേടിസ്വപ്‌നമായി നിറഞ്ഞുനിന്ന താരത്തിന്റെ ജീവിതം ഇന്ന് തീര്‍ത്തും വ്യത്യസ്തമായ തലത്തിലാണ്.

മനോഹരമായി പിരിച്ചുവെച്ച മുടിയിഴകളുമായി കളത്തിലിറങ്ങി ഫാഷന്‍ ഐക്കണ്‍ കൂടിയായി മാറിയ ഒലോങ്കയുടെ മറ്റൊരു മുഖമാണ് വിരമിച്ചതിന് ശേഷം ആരാധകര്‍ കണ്ടത്. അറിയപ്പെടുന്ന ഗായകനായി മാറിയിരുന്ന ഒലോങ്ക ചിത്രകാരന്റെ വേഷം കൂടിയണിഞ്ഞ് ആരാധകരെ വീണ്ടും ഞെട്ടിച്ചിരുന്നു.

2003 ഏകദിന ലോകകപ്പിലാണ് ഒലോങ്ക അവസാനമായി സിംബാബ്വെയ്ക്ക് വേണ്ടി കളിച്ചത്. പിന്നാലെ ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിക്കുകയായിരുന്നു. പിന്നീട് സിംബാബ്‌വെയുടെ പ്രസിഡന്റായിരുന്ന റോബര്‍ട്ട് മുഗാബെയുടെ സ്വേച്ഛാധിപത്യ ഭരണത്തിനെതിരെ പ്രതിഷേധമുയര്‍ത്തിയത് അദ്ദേഹത്തെ രാജ്യത്ത് വിമതനാക്കി മാറ്റി. സഹതാരം ആന്‍ഡി ഫ്ളവറിനൊപ്പം മുഗാബെയുടെ നയങ്ങളില്‍ തങ്ങളുടെ പ്രതിഷേധം പ്രകടിപ്പിച്ച ഒലോങ്ക ഇംഗ്ലണ്ടിലേക്ക് കുടിയേറി. പത്ത് വര്‍ഷത്തിന് ശേഷം 2015-ല്‍ അദ്ദേഹം ഓസ്ട്രേലിയയിലേക്ക് മാറിത്താമസിച്ചിരുന്നു.

പിന്നാലെ ആര്‍മി വേഷത്തില്‍ ഒരു മ്യൂസിക് ബാന്‍ഡിനൊപ്പമാണ് സിംബാബ്വെയുടെ പേസര്‍ പ്രത്യക്ഷപ്പെടുന്നത്. ഒട്ടേറെ മ്യൂസിക് റിയാലിറ്റി ഷോകളില്‍ പങ്കെടുത്ത ഒലോങ്ക സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ പ്രോഗ്രാം അവതരിപ്പിക്കുകയും ചെയ്തിരുന്നു. 2024ല്‍ ഇന്ത്യയും ഓസ്ട്രേലിയയും തമ്മില്‍ നടന്ന അഡലെയ്ഡിലെ പിങ്ക് ബോള്‍ ടെസ്റ്റില്‍ ചിത്രകാരനായിട്ടും പ്രത്യക്ഷപ്പെട്ട് ഒലോങ്ക ആരാധകരെ ഞെട്ടിച്ചിരുന്നു. 2015 മുതല്‍ ഭാര്യ ടാരയ്ക്കും രണ്ട് മക്കള്‍ക്കുമൊപ്പം ഓസ്ട്രേലിയയിലെ അഡലെയ്ഡിലാണ് ഒലോങ്ക താമസിക്കുന്നത്. അന്നുമുതല്‍ പലവേദികളിലും പെയിന്ററായും പരിശീലകനായും അമ്പയറായും ഒലോങ്ക പ്രത്യക്ഷപ്പെടുന്നുണ്ട്.

Henry Olonga
ഹെന്റി ഒലോങ്ക

ഇപ്പോള്‍ ഒലോങ്കയുടെ നാടകീയ ജീവിതത്തിന്റെ കൂടുതല്‍ വിവരങ്ങളാണ് പുറത്തുവരുന്നത്. 48കാരനായ ഒലോങ്ക ഇപ്പോഴും ഓസ്‌ട്രേലിയയിലാണെന്നും സിംബാബ്‌വെയിലെ ബുലാവായോയില്‍ താമസിക്കുന്ന സ്വന്തം പിതാവിനെ 20 വര്‍ഷമായി കണ്ടിട്ടില്ലെന്നുമാണ് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തന്റെ യുട്യൂബ് ചാനലില്‍ പാട്ടുകള്‍ റിലീസ് ചെയ്തും മ്യൂസിക് ഷോകള്‍ അവതരിപ്പിക്കുകയും ചെയ്യുകയാണ് ഒലോങ്ക.

അടുത്തിടെ അദ്ദേഹം ക്രൂയിസ് കപ്പലുകളില്‍ പാടുകയും ചെയ്തിരുന്നു.

'പക്ഷേ അതൊന്നും എനിക്ക് പ്രശ്‌നമല്ല. എന്റെ സംഗീതത്തെക്കുറിച്ച് എനിക്ക് ഒരു അഹങ്കാരവുമില്ല. ഞാന്‍ ചെറിയ ഗ്രാമങ്ങളിലും സ്‌കൂള്‍ കുട്ടികള്‍ക്ക് വേണ്ടിയും ചെറിയ ബാറുകളില്‍ മൂന്ന് പേരുടെ മുന്നില്‍ വരെ പാടിയിട്ടുണ്ട്. എനിക്ക് പാടാനും പെര്‍ഫോം ചെയ്യാനും ഇഷ്ടമാണ്'

'ഞാന്‍ എല്ലാത്തരം ജോലികളും ചെയ്തിട്ടുണ്ട്. ആളുകളുടെ ബോട്ടുകള്‍ ഞാന്‍ വൃത്തിയാക്കിയിട്ടുണ്ട്. എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച സമയം ഞാന്‍ ആസ്വദിക്കുന്നുവെന്ന് ഞാന്‍ പറയില്ല, കാരണം ചില ആളുകളുടെ കണ്ണില്‍ ഞാന്‍ വളരെ വിരസമായ ജീവിതം നയിക്കുകയാണ്. പക്ഷേ ഞാന്‍ പ്രശ്നങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് ചെയ്യുന്നത്', ഒലോങ്ക കൂട്ടിച്ചേര്‍ത്തു.

Content Highlights: From Sachin Tendulkar's Rival To Boat Cleaner: How Henry Olonga's Life Took A Dramatic Turn

dot image
To advertise here,contact us
dot image