
ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ശ്രീലങ്കയുടെ ഓള്‍റൗണ്ടറും മുന്‍ ക്യാപ്റ്റനുമായ എയ്ഞ്ചലോ മാത്യൂസ്. ജൂണില്‍ ബംഗ്ലാദേശിനെതിരെ നടക്കുന്ന ആദ്യ ടെസ്റ്റിന് ശേഷം ഫോര്‍മാറ്റില്‍ നിന്ന് വിരമിക്കുമെന്നാണ് താരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ടെസ്റ്റ് ക്രിക്കറ്റ് മതിയാക്കിയെങ്കിലും വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ തുടരുമെന്നും 37കാരനായ താരം വ്യക്തമാക്കി.
— Angelo Mathews (@Angelo69Mathews) May 23, 2025
'നന്ദി നിറഞ്ഞ ഹൃദയത്തോടെയും മറക്കാനാവാത്ത ഓര്‍മ്മകളോടെയും എഴുതുകയാണ്. ഏറ്റവും പ്രിയപ്പെട്ട ക്രിക്കറ്റ് ഫോര്‍മാറ്റായ അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റിനോട് വിട പറയാന്‍ സമയമായി! ശ്രീലങ്കയ്ക്ക് വേണ്ടി കഴിഞ്ഞ 17 വര്‍ഷം ക്രിക്കറ്റ് കളിക്കാന്‍ സാധിച്ചത് എന്റെ ഏറ്റവും വലിയ ബഹുമതിയും അഭിമാനവുമാണ്.
'ദേശീയ ജേഴ്‌സി ധരിക്കുമ്പോള്‍ തോന്നുന്ന ദേശസ്നേഹത്തിന് പകരം വയ്ക്കാന്‍ മറ്റൊന്നുമില്ല. എനിക്കുള്ളതെല്ലാം ക്രിക്കറ്റിന് വേണ്ടിയാണ് ഞാന്‍ നല്‍കിയത്. ക്രിക്കറ്റ് എനിക്ക് എല്ലാം നല്‍കി. ഇന്ന് കാണുന്ന ഈ വ്യക്തിയാക്കി എന്നെ മാറ്റി,' മാത്യൂസ് തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ എഴുതി.
'ക്രിക്കറ്റിനോട് ഞാന്‍ എക്കാലവും നന്ദിയുള്ളവനാണ്, എന്റെ കരിയറില്‍ എന്റെ ഏറ്റവും ഉയര്‍ന്നതും താഴ്ന്നതുമായ സമയങ്ങളില്‍ കൂടെ നിന്ന ആയിരക്കണക്കിന് ശ്രീലങ്കന്‍ ക്രിക്കറ്റ് ആരാധകരോടും നന്ദിയുണ്ട്. ജൂണില്‍ ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റ് മത്സരം എന്റെ രാജ്യത്തിനായുള്ള എന്റെ അവസാനത്തെ റെഡ് ബോള്‍ പ്രകടനമായിരിക്കും'
'ടെസ്റ്റ് ഫോര്‍മാറ്റിനോട് വിട പറയുന്നുണ്ടെങ്കിലും സെലക്ടര്‍മാരുമായി ചര്‍ച്ച ചെയ്തതുപോലെ എന്റെ രാജ്യത്തിന് എന്നെ ആവശ്യമുണ്ടെങ്കില്‍ വൈറ്റ് ബോള്‍ ഫോര്‍മാറ്റുകളിലേക്ക് തിരഞ്ഞെടുക്കപ്പെടാന്‍ ഞാന്‍ ലഭ്യമാകും. ഈ ടെസ്റ്റ് ടീം കഴിവുള്ള ഒരു ടീമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഒരുപാട് യുവതാരങ്ങള്‍ക്ക് ടീമില്‍ കളിക്കാനുള്ള അവസരമൊരുക്കാന്‍ മികച്ച സമയമാണിത്. ഒപ്പം നിന്ന എല്ലാവര്‍ക്കും നന്ദി. ഒരു അധ്യായം ഇവിടെ അവസാനിക്കുകയാണ്. പക്ഷേ ക്രിക്കറ്റിനോടുള്ള സ്‌നേഹം എപ്പോഴുമുണ്ടാവും', മാത്യൂസ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
2009ല്‍ പാകിസ്താനെതിരെ ഗാലെയില്‍ വെച്ചാണ് മാത്യൂസ് ടെസ്റ്റ് അരങ്ങേറ്റം കുറിച്ചത്. 16 വര്‍ഷത്തെ കരിയറില്‍ ടെസ്റ്റ് ചരിത്രത്തില്‍ ശ്രീലങ്കയുടെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ മൂന്നാമത്തെ കളിക്കാരനായി അദ്ദേഹം മാറി. കുമാര്‍ സംഗക്കാരയും മഹേല ജയവര്‍ധനയുമാണ് ശ്രീലങ്കയുടെ റണ്‍വേട്ടക്കാരില്‍ ആദ്യ രണ്ടുസ്ഥാനങ്ങളിലുള്ളത്.
118 ടെസ്റ്റുകളില്‍ നിന്ന് 44.62 ശരാശരിയില്‍ 8,167 റണ്‍സ് മാത്യൂസ് നേടിയിട്ടുണ്ട്. അതില്‍ 16 സെഞ്ച്വറികളും 45 അര്‍ധ സെഞ്ച്വറികളും ഉള്‍പ്പെടുന്നു. 2020 ല്‍ ഹരാരെ സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ സിംബാബ്വെയ്ക്കെതിരെ പുറത്താകാതെ നേടിയ 200 റണ്‍സാണ് അദ്ദേഹത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍.
Content Highlights: Angelo Mathews to retire from Test cricket