'നാളെ മഴയാണ്… ഡിക്ലയര്‍ ചെയ്യൂ'; ഗില്ലിനോട് ഇംഗ്ലീഷ് താരം

ശുഭ്മാന്‍ ഗില്ലിന്‍റെ മറുപടി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാണ്

dot image

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ റെക്കോർഡുകൾ പലതും പഴങ്കഥയാക്കി കുതിക്കുകയാണ് ഇന്ത്യൻ നായകൻ ശുഭ്മാൻ ഗിൽ. ആദ്യ ഇന്നിങ്‌സിൽ ഡബിൾ സെഞ്ച്വറി കുറിച്ച ഗിൽ രണ്ടാം ഇന്നിങ്‌സിൽ 161 റണ്‍സ് സ്കോര്‍ ചെയ്ത് മടങ്ങി. ഇംഗ്ലണ്ടിന് മുന്നിൽ 608 റണ്‍സിന്‍റെ കൂറ്റൻ വിജയലക്ഷ്യമാണ് ഇന്ത്യ ഉയർത്തിയത്.

ബാറ്റിങ്ങിനിടെ ശുഭ്മാൻ ഗില്ലിനെ സ്ലഡ്ജ് ചെയ്‌തെത്തിയ ഇംഗ്ലീഷ് താരം ഹാരി ബ്രൂക്കിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. '450ന് ഡിക്ലെയർ ചെയ്യൂ. നാളെ മഴയാണ്. ഉച്ചക്ക് ശേഷം നിർത്താതെ മഴപെയ്യും'- ബ്രൂക്ക് പറഞ്ഞു. ഉടന്‍ ഗില്ലിന്‍റെ മറുപടിയെത്തി. 'ഞങ്ങളുടെ നിർഭാഗ്യം എന്നല്ലാതെ എന്ത് പറയാൻ'. 'സമനില എടുത്തോളൂ' എന്നായിരുന്നു പിന്നെ ബ്രൂക്കിന്‍റെ പ്രതികരണം.

ആദ്യ ഇന്നിങ്സിലും ബ്രൂക്ക് ഗില്ലിനെതിരെ മൈന്‍ഡ് ഗെയിമുമായി എത്തിയിരുന്നു. ട്രിപ്പിള്‍ സെഞ്ച്വറിക്ക് അരികിലായിരുന്ന ഗില്ലിനെ ബ്രൂക്ക് സ്ലഡ്ജ് ചെയ്യാന്‍ ആരംഭിച്ചു. '290 കഴിഞ്ഞാൽ പിന്നെ ക്രീസിൽ തുടരുന്നത് അത്ര എളുപ്പമല്ല' എന്നായിരുന്നു ബ്രൂക്കിന്റെ കമന്റ്.

ഉടൻ ഗില്ലിന്റെ മറുപടിയെത്തി. 'നിങ്ങൾക്ക് എത്ര ട്രിപ്പിൾ സെഞ്ച്വറികളുണ്ട്'. കമന്ററി ബോക്‌സിലുണ്ടായിരുന്ന മുൻ ഇംഗ്ലീഷ് നായകൻ മൈക്ക് ആതേർട്ടൺ അപ്പോൾ 2024 ൽ പാകിസ്താനെതിരെ ബ്രൂക്ക് നേടിയ ട്രിപ്പിൾ സെഞ്ച്വറിയെക്കുറിച്ച് പറയുന്നുണ്ടായിരുന്നു.

ബ്രൂക്കിന്റെ മൈൻഡ് ഗെയിമിൽ ഗിൽ വീഴുന്ന കാഴ്ചയാണ് പിന്നെ എഡ്ജ്ബാസ്റ്റണ്‍ കണ്ടത്. 143ാം ഓവറിലായിരുന്നു ഗില്ലും ബ്രൂക്കും തമ്മിൽ സംഭാഷണം അരങ്ങേറിയത്. തൊട്ടടുത്ത ഓവറിലെ മൂന്നാം പന്തിൽ ഇന്ത്യൻ നായകൻ ടങ്ങിന് വിക്കറ്റ് നല്‍കി മടങ്ങി.

dot image
To advertise here,contact us
dot image