

ന്യൂസിലാന്‍ഡിനെതിരായ നാലാം ടി20 മത്സരത്തില്‍ വിക്കറ്റ് കീപ്പർ ബാറ്ററായ ഇഷാന്‍ കിഷന്‍ ഇറങ്ങിയിരുന്നില്ല. പരിക്കായതുകൊണ്ടാണ് താരത്തിന് നാലാം ടി20യില്‍ വിശ്രമം നൽകിയതെന്നാണ് വിശാഖപട്ടണത്ത് ടോസ് നേടി ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് പറഞ്ഞിരുന്നത്. ഇഷാന് പകരം പേസര്‍ അര്‍ഷ്ദീപ് സിങ്ങിനെയായിരുന്നു ഇലവനില്‍ ഉള്‍പ്പെടുത്തിയിരുന്നത്.
ഇപ്പോഴിതാ ഇഷാൻ കിഷന്റെ പരിക്കും സത്യമല്ലെന്നാണ് സോഷ്യൽ മീഡിയയിലെ ചില ആരാധകർ വാദിക്കുന്നത്. ആരാധകർ ഇതിനുള്ള തെളിവുകളും നിരത്തുന്നുണ്ട്. ഇന്ത്യയുടെ ബാറ്റിങ്ങിനിടെ 14 ഓവറുകള്‍ക്ക് ശേഷമുള്ള ഡ്രിങ്ക്‌സ് ബ്രേക്കിന് വെള്ളക്കുപ്പിയുമായി ഗ്രൗണ്ടിലെത്തിയത് ഇഷാന്‍ കിഷനായിരുന്നു. കുപ്പിയും കൈയിലെടുത്ത് അതിവേഗം ഗ്രൗണ്ടിലേക്ക് ഓടിയെത്തുന്ന ഇഷാന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തു. പരിക്കാണെന്ന് പറഞ്ഞ് ഇന്ത്യ കളിപ്പിക്കാതിരുന്ന ഇഷാന്റെ ഓട്ടം കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍.
🚨🚨UNREAL INTERNAL POLITICS UNDER GAMBHIR
— Oxygen (@Oxygen18_) January 29, 2026
Before the match Suryakumar Yadav said Ishan Kishan out of today's playing XI, he has a niggle issue.
Now Ishan Kishan is running on the field with drinks while he has a niggle, what do you think on it.
And Aakash chopra during the… pic.twitter.com/4OmBscSmIE
പരിക്കിന്റെ യാതൊരു സൂചനയുമില്ലാതെയാണ് ഇഷാൻ ഗ്രൗണ്ടിലേക്ക് ഓടിയെത്തിയതെന്നാണ് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാവുന്നത്. ഇഷാന്റെ വരവ് കണ്ട് കമന്ററിക്കിടെ മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ആകാശ് ചോപ്രയും പരിക്കിന്റെ കാര്യത്തില്‍ സംശയം പ്രകടിപ്പിക്കുകയും ചെയ്തു. ഇതോടെയാണ് ടീം മാനേജ്‌മെന്റിന്റെ വാദം അസത്യമായിരുന്നെന്ന് പലരും സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചൂണ്ടിക്കാണിക്കുന്നത്.
മിന്നും ഫോമിലുള്ള ഇഷാനെ ഇന്ത്യ കളിപ്പിക്കാതിരുന്നതിനെതിരേ വലിയ വിമര്‍ശനങ്ങൾ മത്സരത്തിന് മുൻപേ ഉയർന്നിരുന്നു. ഇഷാന്റെ വരവോടെ ആ വിമർശനങ്ങൾ കൂടുകയും ചെയ്തു. മോശം ഫോമിൽ ബാറ്റുവീശുന്ന ഫസ്റ്റ് ചോയ്‌സ് കീപ്പറും ഓപ്പണറുമായ സഞ്ജു സാംസണെ സംരക്ഷിക്കുന്നതിനു വേണ്ടിയാണ് ബാക്കപ്പ് കീപ്പറായ ഇഷാനെ മനഃപ്പൂര്‍വ്വം ഒതുക്കിയതെന്നാണ് ആരാധകരിൽ പലരും ആരോപിക്കുന്നത്. സഞ്ജുവിന് വേണ്ടി ഇഷാൻ കിഷനെ പുറത്തിരുത്തിയതിൽ ഗൗതം ഗംഭീറിനെതിരെയും ആരാധകർ ആഞ്ഞടിക്കുന്നുണ്ട്.
Content Highlights: IND vs NZ: Ishan Kishan have no Injury, Social Media Claims with Proof during Drinks Break