'ആർസിബി ഫൈനലിലെത്തിയാല്‍ സ്റ്റേഡിയത്തില്‍ ഞാനുമുണ്ടാവും'; ആവേശമുണർത്തി ഡിവില്ലിയേഴ്സിന്‍റെ വാക്കുകള്‍

ഇന്‍സ്റ്റഗ്രാം ലൈവിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം

dot image

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഫൈനലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു എത്തിയാല്‍ താനും മത്സരം കാണാന്‍ സ്‌റ്റേഡിയത്തിലെത്തുമെന്ന് മുന്‍ താരം എ ബി ഡിവില്ലിയേഴ്‌സ്. സൂപ്പര്‍ താരം വിരാട് കോഹ്‌ലിക്കൊപ്പം കപ്പുയര്‍ത്തുന്നതിനേക്കാള്‍ മറ്റൊരു സന്തോഷവുമില്ലെന്നാണ് ബെംഗളൂരുവിന്റെ മുന്‍ താരവും ദക്ഷിണാഫ്രിക്കന്‍ ഇതിഹാസവുമായ ഡിവില്ലിയേഴ്‌സ് പറഞ്ഞത്. ഇന്‍സ്റ്റഗ്രാം ലൈവിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.

'എന്റെ വാക്കുകള്‍ കുറിച്ചിട്ടോളൂ. ആര്‍സിബി ഐപിഎല്‍ ഫൈനലിലെത്തിയാല്‍ ഞാനും ടീമിനൊപ്പം സ്റ്റേഡിയത്തില്‍ ഉണ്ടാകും. വിരാട് കോഹ്‌ലിക്കൊപ്പം ഐപിഎല്‍ ട്രോഫി ഉയര്‍ത്തുക എന്നതില്‍പ്പരം സന്തോഷം മറ്റൊന്നിനും നല്‍കാനാവില്ല. ഞാനും അതിന് വേണ്ടി ഒരുപാട് വര്‍ഷങ്ങളായി പരിശ്രമിച്ചിരുന്നല്ലോ', ഡിവില്ലിയേഴ്‌സ് സോഷ്യല്‍ മീഡിയയില്‍ പറഞ്ഞു.

റോയല്‍ ചലഞ്ചേഴ്‌സിന്റെ ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച താരങ്ങളില്‍ ഒരാളാണ് എ ബി ഡിവില്ലിയേഴ്‌സ്. 11 സീസണുകളാണ് ആര്‍സിബിയുടെ കുപ്പായത്തില്‍ ഡിവില്ലിയേഴ്‌സ് കളിച്ചിട്ടുള്ളത്.

അതേസമയം ഐപിഎല്‍ പ്ലേ ഓഫ് ലക്ഷ്യമിട്ട് കുതിക്കുകയാണ് കോഹ്‌ലിയും സംഘവും. കഴിഞ്ഞ ദിവസം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ നടന്ന മത്സരം മഴകാരണം ഉപേക്ഷിച്ചതോടെ ആര്‍സിബി പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനക്കാരാവുകയും ചെയ്തിരുന്നു. 12 മത്സരങ്ങളില്‍ നിലവില്‍ എട്ട് വിജയവും മൂന്ന് പരാജയവുമായി 17 പോയിന്റാണ് ആര്‍സിബിയുടെ സമ്പാദ്യം.

Content Highlights: AB de Villiers makes promise to Royal Challengers Bengaluru fans for IPL 2025

dot image
To advertise here,contact us
dot image