'ഇന്ത്യന്‍ ആര്‍മിയാണ് അന്ന് സഹായിച്ചത്'; ധരംശാലയിലെ അനുഭവം പങ്കുവെച്ച് ഡല്‍ഹി താരം

ധരംശാലയില്‍ നിന്ന് സുരക്ഷിതമായി പുറത്തെത്തിച്ചതിന് ഇന്ത്യന്‍ സൈന്യത്തിനും കേന്ദ്ര സര്‍ക്കാരിനും വിപ്രജ് നന്ദി അറിയിക്കുകയും ചെയ്തു

dot image

ഐപിഎല്ലിലെ പഞ്ചാബ് കിംഗ്‌സ്-ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരം പാതിവഴിയില്‍ ഉപേക്ഷിച്ചതിന് പിന്നാലെയാണ് ടൂര്‍ണമെന്റ് ഒരാഴ്ചത്തേക്ക് നീട്ടിവെച്ചത്. സാങ്കേതിക തകരാര്‍ കാരണമാണ് ഉപേക്ഷിക്കുന്നതെന്നായിരുന്നു ഔദ്യോഗിക വിശദീകരണമെങ്കിലും ഇന്ത്യ-പാക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് മത്സരം റദ്ദാക്കിയതെന്ന് അന്ന് ഐപിഎല്‍ ചെയര്‍മാന്‍ അരുണ്‍ ധുമാല്‍ പ്രതികരിച്ചിരുന്നു. മത്സരം ഉപേക്ഷിച്ചതോടെ താരങ്ങള്‍ കനത്ത സുരക്ഷയിലാണ് മടങ്ങിയത്. ഇപ്പോഴിതാ അന്നത്തെ അനുഭവം പങ്കുവെച്ചിരിക്കുകയാണ് ഡല്‍ഹി ക്യാപിറ്റല്‍സിന്റെ യുവതാരം വിപ്രജ് നിഗം.

അസ്വസ്ഥതയുണ്ടാക്കുന്ന അനുഭവമായിരുന്നു അന്ന് ധരംശാലയില്‍ ടീം നേരിട്ടതെന്നാണ് വിപ്രജ് വ്യക്തമാക്കിയത്. മാത്രവുമല്ല കളിക്കാരെ അന്ന് ധരംശാലയില്‍ നിന്ന് സുരക്ഷിതമായി പുറത്തെത്തിച്ചതിന് ഇന്ത്യന്‍ സൈന്യത്തിനും കേന്ദ്ര സര്‍ക്കാരിനും വിപ്രജ് നന്ദി അറിയിക്കുകയും ചെയ്തു. ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തിന് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവേയായിരുന്നു താരത്തിന്റെ പ്രതികരണം.

'അന്നത്തെ സാഹചര്യം എന്തായിരുന്നുവെന്നും അത് എന്തുകൊണ്ടാണെന്നും എല്ലാവര്‍ക്കും അറിയാം. പക്ഷേ ഞങ്ങളുടെ ടീമില്‍ ചില ഇന്ത്യന്‍ ആര്‍മി അംഗങ്ങള്‍ ഉണ്ടായിരുന്നു. ഞങ്ങളെ വീട്ടിലേക്ക് തിരിച്ചെത്തിക്കുന്നതിന് സഹായിക്കാന്‍ പലരും വന്നു. തുടക്കത്തില്‍ സ്ഥിതി വളരെ സാധാരണമായിരുന്നു. എന്നാല്‍ പിന്നീട് അവസ്ഥ അതായിരുന്നില്ല. അതിനുശേഷം അവര്‍ വളരെ എളുപ്പത്തില്‍ ഞങ്ങള്‍ക്കുള്ള ക്രമീകരണങ്ങള്‍ ചെയ്തു', വിപ്രജ് മാധ്യമങ്ങളോട് പറഞ്ഞു.

'ഇന്ത്യന്‍ സൈന്യവും ഇന്ത്യന്‍ സര്‍ക്കാരും ഞങ്ങള്‍ക്ക് വേണ്ടി എല്ലാം ചെയ്തു. ഇതിനെ ഒരു അനുഭവം എന്ന് വിളിക്കാതിരിക്കുന്നതാണ് നല്ലത്. പക്ഷേ, എന്തുതന്നെയായാലും സംഭവിക്കേണ്ടത് സംഭവിച്ചു. ഞങ്ങളെ സുരക്ഷിതമായി വീട്ടിലെത്തിച്ചതിന് ഇന്ത്യന്‍ സര്‍ക്കാരിനോടും ഇന്ത്യന്‍ സൈന്യത്തോടും ഞാന്‍ നന്ദി പറയുന്നു', വിപ്രജ് കൂട്ടിച്ചേര്‍ത്തു.

അതേസമയം ഐപിഎല്‍ പുനഃരാരംഭിച്ചതിന് ശേഷമുള്ള ആദ്യ മത്സരത്തിന് ഒരുങ്ങുകയാണ് ഡല്‍ഹി ക്യാപിറ്റല്‍സ്. ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ഞായറാഴ്ച വൈകിട്ട് 7.30നാണ് മത്സരം. ഡല്‍ഹിയിലെ അരുണ്‍ ജയ്റ്റ്ലി സ്റ്റേഡിയത്തിലാണ് മത്സരം.

Content Highlights: Indian army helped us: DC's Vipraj Nigam on Dharamsala evacuation

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us