ഐപിഎല്‍ 2025: ചെന്നൈയുടെ രണ്ട് വിദേശതാരങ്ങള്‍ മാത്രം തിരിച്ചെത്തില്ല; സ്ഥിരീകരിച്ച് ടീം സിഇഒ

മെയ് 17ന് ഐപിഎല്‍ സീസണ്‍ പുനഃരാരംഭിക്കാനിരിക്കെയാണ് പുതിയ വാര്‍ത്തകള്‍ പുറത്തുവരുന്നത്.

dot image

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2025 സീസണിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ രണ്ട് വിദേശ താരങ്ങള്‍ മാത്രം ടീമിനൊപ്പമുണ്ടാകില്ല. മെയ് 17ന് ഐപിഎല്‍ സീസണ്‍ പുനഃരാരംഭിക്കാനിരിക്കെയാണ് പുതിയ വാര്‍ത്തകള്‍ പുറത്തുവരുന്നത്.

ഇംഗ്ലണ്ടിന്റെ ഓള്‍റൗണ്ടര്‍മാരായ ജാമി ഓവര്‍ട്ടണിന്റെയും സാം കറന്റെയും സേവനം ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് (സിഎസ്‌കെ) ലഭിക്കില്ലെന്നാണ് സിഎസ്‌കെ സിഇഒ കാശി വിശ്വനാഥന്‍ അറിയിച്ചത്. അതേസമയം ന്യൂസിലാന്‍ഡിന്റെ ഡെവോണ്‍ കോണ്‍വേ, രചിന്‍ രവീന്ദ്ര എന്നിവരുള്‍പ്പെടെയുള്ള മറ്റ് വിദേശ കളിക്കാര്‍ ടീമില്‍ തിരിച്ചെത്തുമെന്ന് ടീം സിഇഒ സ്ഥിരീകരിച്ചു.

ശ്രീലങ്കന്‍ പേസര്‍ മതീഷ പതിരാന, ദക്ഷിണാഫ്രിക്കയുടെ ഡെവാള്‍ഡ് ബ്രെവിസ്, ഓസ്ട്രേലിയയുടെ നഥാന്‍ എല്ലിസ്, അഫ്ഗാനിസ്ഥാന്റെ നൂര്‍ അഹമ്മദ് എന്നിവരും ടീമിനൊപ്പം ചേരും. ജൂണ്‍ 29 ന് ആരംഭിക്കുന്ന വെസ്റ്റ് ഇന്‍ഡീസിനെതിരായ ഇംഗ്ലണ്ടിന്റെ വൈറ്റ് ബോള്‍ പരമ്പരയ്ക്കുള്ള ടീമില്‍ ജാമി ഓവര്‍ട്ടണിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അതേസമയം ടൂര്‍ണമെന്റില്‍ നിന്ന് നേരത്തെ പുറത്തായ ചെന്നൈ സൂപ്പര്‍ കിങ്‌സിന് ഇനി അവസാന രണ്ട് ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. മെയ് 20ന് ഡല്‍ഹിയില്‍ രാജസ്ഥാന്‍ റോയല്‍സിനെയും മെയ് 25ന് അഹമ്മദാബാദില്‍ ഗുജറാത്ത് ടൈറ്റന്‍സിനെയും നേരിട്ട് തങ്ങളുടെ സീസണ്‍ അവസാനിപ്പിക്കും.

Content Highlights: Two CSK's overseas players won't return for last leg of IPL 2025, CEO Kasi Viswanath confirms names

dot image
To advertise here,contact us
dot image