ലൈംഗികാതിക്രമം നേരിട്ടത് 200 പെണ്‍കുട്ടികള്‍,കോടതിയിലെത്തിയത് എട്ടുപേര്‍;രാജ്യം നടുങ്ങിയ പൊള്ളാച്ചി പീഡനക്കേസ്

50 മുതൽ 200 വരെ പെൺകുട്ടികളെ പ്രതികൾ ലൈംഗിക പീഡനത്തിനും ഇരയാക്കിയെന്നാണ് അന്വേഷണസംഘം കണ്ടെത്തിയതെങ്കിലും കോടതിയിൽ എത്തിയത് പക്ഷേ എട്ടുപേർ മാത്രമായിരുന്നു.

dot image

രൊറ്റ പെൺകുട്ടിയുടെ ധൈര്യവും നിശ്ചയദാർഢ്യവുമാണ് രാജ്യത്തെ നടുക്കിയ പൊള്ളാച്ചി പീഡന കേസിലെ പ്രതികളെ കുടുക്കിയത്. പേര് വെളിപ്പെടുത്തിയും ദുർബല വകുപ്പുകൾ ചുമത്തിയും നീതി നൽകേണ്ട അധികൃതർ പോലും അധിക്ഷേപിച്ചെങ്കിലും ഒടുവിൽ പൊള്ളാച്ചി പീഡനക്കേസിലെ പ്രതികൾ ജീവിതാവസാനം വരെ ജീവപര്യന്തം ശിക്ഷ അനുഭവിക്കാൻ പോവുകയാണ്.

കഴിഞ്ഞ ദിവസമാണ് കേസിലെ സുപ്രധാന വിധി കോയമ്പത്തൂർ മഹിള കോടതി വിധിച്ചത് പ്രതികളായ കെ.തിരുന്നാവക്കരശ്, എൻ ശബരിരാജൻ(റിഷ്വന്ത്), എം സതീഷ്, ടി വസന്തകുമാർ, ആർ മണിവണ്ണൻ, ഹരോണിമസ് പോൾ, പി ബാബു(ബൈക്ക് ബാബു), കെ അരുൾനന്ദം, എം അരുൺകുമാർ എന്നിവർക്ക് മരണംവരെ ജീവപര്യന്തം ശിക്ഷയും ഇരകളായി കണ്ടെത്തിയ എട്ടു യുവതികൾക്ക് 85 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനുമായിരുന്നു കോടതി വിധിച്ചത്.

2019 ഫെബ്രുവരിയിലാണ് ലൈംഗിക പീഡനത്തിനും ഭീഷണിക്കും ഇരയായ കോളജ് വിദ്യാർത്ഥിനി പൊലീസിൽ പരാതി നൽകുന്നത്. അന്നത്തെ അണ്ണാ ഡിഎംകെ സർക്കാരിനെ തന്നെ ഈ കേസ് പിടിച്ചുലച്ചു. 50 മുതൽ 200 വരെ പെൺകുട്ടികളെ പ്രതികൾ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയതെങ്കിലും കോടതിയിൽ എത്തിയത് പക്ഷേ എട്ടുപേർ മാത്രമായിരുന്നു.


2016നും 2019നും ഇടയിലാണ് കേസിന് ആസ്പദമായ സംഭവങ്ങൾ അരങ്ങേറുന്നത്. പെൺകുട്ടികളെ പ്രേമം നടിച്ചും ചതിച്ചും വിവിധ സ്ഥലങ്ങളിൽ എത്തിക്കുകയും ലൈംഗിക പീഡനത്തിനും കൂട്ടബലാത്സംഗത്തിനും ഇരയാക്കുകയും ഈ വീഡിയോകൾ ചിത്രീകരിച്ച് പിന്നീട് ഇതേ പെൺകുട്ടികളെ ഭീഷണിപ്പെടുത്തി പണവും ആഭരണങ്ങളും തട്ടിയെടുക്കുകയും വീണ്ടും പീഡനത്തിന് ഇരയാക്കുകയുമായിരുന്നു പ്രതികളുടെ രീതി. 30 വയസിന് താഴെയായിരുന്നു പ്രതികളിൽ ഭൂരിഭാഗത്തിനും ഈ കാലഘട്ടത്തിൽ പ്രായം.

ഇത്തരത്തിൽ പ്രതികളിൽ ഒരാളായ ശബരീരാജൻ എന്ന റിഷ്വന്ത് ഇരയാക്കാൻ ശ്രമിച്ച കോളജ് വിദ്യാർത്ഥിനിയായ 19 കാരിയാണ് ഒടുവിൽ ഈ സംഘത്തിത്തിനെ ഒന്നടങ്കം പിടികൂടാൻ കാരണമായത്. സ്‌കൂളിൽ പെൺകുട്ടിയുടെ സീനിയറായിരുന്ന ശബരീരാജൻ പെൺകുട്ടിയുടെ സഹോദരന്റെ സുഹൃത്ത് കൂടിയായിരുന്നു. ഈ പരിചയം മുതലാക്കി പെൺകുട്ടിയുമായി വാട്സ്ആപ്പ് സന്ദേശങ്ങളിലൂടെ അടുപ്പത്തിലായി. പെൺകുട്ടിയുടെ പരാതിയിൽ പറയുന്നത് പ്രകാരം 2019 ഫെബ്രുവരി 12 ന് പൊള്ളാച്ചിയിലെ ഒരു ബസ് സ്റ്റോപ്പിലേക്ക് പെൺകുട്ടിയെ ശബരീരാജൻ വിളിച്ചു. ബസ് സ്റ്റോപ്പിലെത്തിയ പെൺകുട്ടിയെ കാത്ത് ശബരീരാജനും മറ്റൊരു പ്രതിതായ തിരുന്നാവക്കരശും കാറുമായി കാത്തിരുന്നിരുന്നു. സമീപത്തെ ഹോട്ടലിൽ പോയി ഭക്ഷണം കഴിക്കാമെന്നും കാറിൽ പോകാമെന്നും പറഞ്ഞുകൊണ്ട് പെൺകുട്ടിയെ ഇരുവരും കാറിൽ കയറ്റി. തിരുന്നാവക്കരസ് ആണ് കാർ ഓടിച്ചത്. ഭക്ഷണം കഴിക്കാമെന്നു പറഞ്ഞ സ്ഥലവും കടന്ന് വാഹനം മുന്നോട്ട് പോയതോടെ പെൺകുട്ടിക്ക് സംശയമായി ഇതിനിടെ കാറിൽ സതീഷും വസന്തകുമാറും കയറി. തുടർന്ന് ഭീഷണിപ്പെടുത്തിയും ബലം പ്രയോഗിച്ചും പെൺകുട്ടിയുടെ വസ്ത്രങ്ങൾ മാറ്റാൻ ശ്രമിക്കുകയും വീഡിയോ പകർത്തുകയും കഴുത്തിലെ മാല തട്ടിയെടുക്കുകയും ചെയ്തു. തങ്ങൾക്ക് ലൈംഗികമായി വഴങ്ങണമെന്നും പ്രതികൾ ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ വീഡിയോകൾ ഇന്റർനെറ്റിൽ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. പെൺകുട്ടി ഉറക്കെ കരയുകയും റോഡിലൂടെ പോയ ബൈക്ക് യാത്രികർ ശ്രദ്ധിക്കുന്നതായും തിരിച്ചറിഞ്ഞതോടെ പെൺകുട്ടിയെ റോഡരികിലേക്ക് തള്ളിയിട്ട് പ്രതികൾ കടന്നു കളഞ്ഞു.

എന്നാൽ പിന്നീട് ശബരീരാജനും മറ്റുപ്രതികളും നിരന്തരം പെൺകുട്ടിക്ക് മെസേജ് അയക്കുകയും പണവും തങ്ങൾക്ക് ലൈംഗികമായി വഴങ്ങണമെന്നും ആവശ്യപ്പെടുകയുമായിരുന്നു. പേടികാരണം വീട്ടിൽ ഇക്കാര്യം തുറന്നുപറയാതിരുന്ന പെൺകുട്ടി ഭീഷണി വർധിച്ചതോടെ സഹോദരനോട് കാര്യങ്ങൾ തുറന്നുപറയുകയായിരുന്നു. തുടർന്ന് ഫെബ്രുവരി 16 ന് പെൺകുട്ടിയുടെ സഹോദരനും സുഹൃത്തുക്കളും ചേർന്നു ശബരീരാജനെ പിടികൂടി മർദിച്ചു, കൂട്ടാളികളായ വസന്തകുമാറിനെയും സതീഷിനെയും ഫെബ്രുവരി 17നും പിടികൂടി അന്ന് വൈകീട്ട് തിരുന്നാവക്കരശിനെയും സംഘം പിടികൂടി. ഇവരുടെ ഫോണുകൾ പിടിച്ചെടുത്ത് പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന സത്യം സഹോദരനും സംഘവും തിരിച്ചറിഞ്ഞത്. തന്റെ സഹോദരിയെ പോലെ നിരവധി പെൺകുട്ടികളെ സമാനമായ രീതിയിൽ ഭീഷണിപ്പെടുത്തുകയും ചൂഷണം ചെയ്യുകയും ചെയ്തിട്ടുണ്ടെന്ന്. ഈ ദൃശ്യങ്ങൾ ഒക്കെയും പ്രതികളുടെ ഫോണിൽ ഉണ്ടായിരുന്നു. സ്‌കൂൾ വിദ്യാർഥികൾ മുതൽ മുതിർന്ന സ്ത്രീകൾ വരെ കൂട്ടത്തിലുണ്ടായിരുന്നു.

നൂറോളം വീഡിയോകൾ ഫോണിലുണ്ടായിരുന്നുവെന്നാണ് പെൺകുട്ടിയുടെ സഹോദരൻ പറഞ്ഞത്. ഇതിനിടെ ഒരു തമിഴ് മാധ്യമം വിഷയം റിപ്പോർട്ട് ചെയതു. വിഷയം ചൂടുപിടിച്ച ചർച്ചകൾക്ക് ഇടയാക്കി. ഫോൺ സഹിതം പൊള്ളാച്ചി പൊലീസിൽ പെൺകുട്ടിയും സഹോദരനും പരാതി നൽകിയെങ്കിലും എസ്പിയും ഡിഎസ്പിയും തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പരിശീലനത്തിനു പോയിരിക്കുകയാണെന്നായിരുന്നു പൊലീസ് മറുപടിയായി പറഞ്ഞത്. ഇതിനിടെ ബാർ നാഗരാജ് എന്ന അണ്ണാ ഡിഎംകെ നേതാവ് പെൺകുട്ടിയുടെ സഹോദരനെ മർദ്ദിക്കുകയും ശബരീരാജനോ തിരുനാവക്കരശിനോ എന്തെങ്കിലും സംഭവിച്ചാൽ കൊന്നുകളയുമെന്ന ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെ വിഷയം അന്നത്തെ പ്രതിപക്ഷമായിരുന്ന ഡിഎംകെ ഏറ്റെടുത്തു. വലിയ പ്രതിഷേധങ്ങൾ ഉണ്ടായി.

പെൺകുട്ടികളെ വലയിലാക്കുന്ന സംഘം ആളൊഴിഞ്ഞ വീടുകളിലേക്കോ ഹോട്ടൽ മുറിയിലേക്കോ എത്തിച്ച് പീഡിപ്പിക്കുകയും പീഡനദൃശ്യങ്ങൾ ഒളിക്യാമറകളിലൂടെ പകർത്തുകയും ചെയ്യും. തമിഴ് മാധ്യമങ്ങളിൽ ചിലർ ചില ദൃശ്യങ്ങൾ പുറത്തുവിടുകയുമുണ്ടായി. 'അണ്ണാ എന്നെ ഉപദ്രവിക്കരുത്, വെറുതെ വിടു' എന്ന് കരഞ്ഞു പറയുന്ന പെൺകുട്ടിയുടെ ദൃശ്യങ്ങൾ വ്യാപക പ്രതിഷേധത്തിന് തിരികൊളുത്തി. നിസ്സഹയാരായി കരയുന്ന പെൺകുട്ടികൾക്ക് ചുറ്റം ക്രൂരമായി ചിരിക്കുന്ന പ്രതികളുടെ ദൃശ്യങ്ങളും പുറത്തുവന്നു. സംഘത്തിന് പിന്നിൽ രാഷ്ട്രീയക്കാർ അടക്കം വൻ സംഘമുണ്ടെന്ന് ആരോപണവും ഉയർന്നു.

പൊലീസിനെതിരെയും ആരോപണങ്ങൾ ഉയർന്നു. ആദ്യഘട്ടത്തിൽ കുറഞ്ഞ ശിക്ഷ ലഭിക്കുന്ന ചാർജുകൾ മാത്രമായിരുന്നു പ്രതികൾക്ക് മേൽ പൊലീസ് ചാർത്തിയത്. വാർത്താസമ്മേളനത്തിനിടെ പരാതിക്കാരിയായ പെൺകുട്ടിയുടെ പേര് പൊള്ളാച്ചി പൊലീസ് സൂപ്രണ്ട് തന്നെ വെളിപ്പെടുത്തുകയും ചെയ്തു. തുടർച്ചയായി പൊലീസിൽ നിന്ന് വീഡിയോകൾ ചോരുകയും തമിഴ്നാട് ആഭ്യന്തരവകുപ്പ് പുറത്തിറക്കിയ വാർത്താകുറിപ്പിൽ പെൺകുട്ടിയുടെ പേര് വെളിപ്പെടുത്തിയതും സ്ഥിതി കൂടുതൽ വഷളാക്കി. തുടർന്ന് കേസ് സിബിസിഐഡിക്കും പിന്നീട് സിബിഐയ്ക്കും കൈമാറി.

വീഡിയോകളിലെ അതിജീവിതമാരെ കണ്ടെത്തുകയും സാക്ഷി പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്യുക എന്നതായിരുന്നു സിബിഐ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി. തങ്ങളുടെ തുടർജീവിതത്തെ ബാധിക്കുമെന്ന് കരുതി ഭൂരിപക്ഷം അതിജീവിതമാരും അന്വേഷണസംഘത്തിന് മുന്നിലോ കോടതിയിലോ എത്തിയില്ല. 12 പേരെ മാത്രമാണ് സിബിഐക്ക് കണ്ടെത്താൻ സാധിച്ചത്. ഇതിൽ 8 പേർ മാത്രമാണ് കേസിന്റെ തുടർ നടപടികളുമായി സഹകരിച്ചത്. ഒടുവിൽ 200 ഓളം ഡോക്യുമെന്റുകളും 400 ഓളം ഇലക്ട്രോണിക് തെളിവുകളും സഹിതം കേസ് കോടതിയിൽ എത്തി. ആറ് വർഷത്തോളം എടുത്തു കേസിൽ വിധി വരാൻ. ഒടുവിൽ ആ പ്രതികളെ മരണം വരെ ജീവപര്യന്തം തടവിന് കോടതി ശിക്ഷിക്കുകയും ചെയ്തു. അപ്പോഴും ഉയരുന്ന ചില ചോദ്യങ്ങൾ ഉണ്ട്.

പൊള്ളാച്ചിയിലെ ഇരുനൂറോളം വരുന്ന പെണ്‍കുട്ടികളുടെ ജീവിതത്തിലും, അവരുടെ കുടുംബങ്ങളുടെ എക്കാലത്തെയും സമാധാനത്തിലും വലിയ പോറലുകളേല്‍പ്പിച്ച ഒരു ക്രിമിനല്‍ സംഘത്തെ രക്ഷിക്കാന്‍ ആരൊക്കെയാണ് ഇറങ്ങിത്തിരിച്ചു എന്നത് സംബന്ധിച്ച ചോദ്യങ്ങള്‍…. നമ്മുടെ നിയമപാലക സംവിധാനവും ഭരണകൂടവും രാഷ്ട്രീയപാര്‍ട്ടികളുമെല്ലാം സ്ത്രീകളോട് കാണിക്കുന്ന കൊടിയ അനീതികളിലേക്ക് കൂടിയാണ് പൊള്ളാച്ചി കേസിന്റെ നാള്‍വഴികള്‍ വിരല്‍ ചൂണ്ടുന്നത്.

Content Highlights: Pollachi Sexual assault cases Around 200 girls were exploited, 8 people appeared in court

dot image
To advertise here,contact us
dot image