
ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ച മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്ക് ആശംസകള്‍ നേര്‍ന്ന് ഇതിഹാസതാരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. വിരാട് കോഹ്‌ലിയെ കുറിച്ചുള്ള വൈകാരികമായ കുറിപ്പ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചായിരുന്നു ടെണ്ടുല്‍ക്കറുടെ പ്രതികരണം. 2013-ല്‍ മുംബൈയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ തന്റെ വിടവാങ്ങല്‍ ടെസ്റ്റില്‍ കോഹ്ലി നല്‍കിയ പ്രത്യേക സമ്മാനത്തെ കുറിച്ച് പരാമര്‍ശിച്ചാണ് സച്ചിന്റെ കുറിപ്പ് തുടങ്ങുന്നത്.
As you retire from Tests, I'm reminded of your thoughtful gesture 12 years ago, during my last Test. You offered to gift me a thread from your late father. It was something too personal for me to accept, but the gesture was heartwarming and has stayed with me ever since. While I… pic.twitter.com/JaVzVxG0mQ
— Sachin Tendulkar (@sachin_rt) May 12, 2025
'ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് നിങ്ങള്‍ വിരമിക്കുമ്പോള്‍ 12 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഒരു സംഭവമാണ് എനിക്ക് ഓര്‍മ വരുന്നത്. അന്ന് എന്റെ അവസാന ടെസ്റ്റ് മത്സരത്തില്‍ നിങ്ങള്‍ എനിക്ക് വളരെ മഹത്തായ സമ്മാനം നല്‍കിയിരുന്നു. നിങ്ങളുടെ പരേതനായ പിതാവില്‍ നിന്നുള്ള ഒരു സമ്മാനം. താങ്കള്‍ക്ക് ആ ചരട് അത്രമേല്‍ വ്യക്തിപരമായ ഒന്നായിരുന്നുവെങ്കിലും എനിക്ക് സമ്മാനമായി നല്‍കി. ഹൃദയസ്പര്‍ശിയായ ആ സംഭവത്തിന്‍റെ ഊഷ്മളത എന്നെന്നും എന്‍റെ മനസിലുണ്ടാകും.
എനിക്ക് അതിന് പകരമായി നല്‍കാന്‍ ഒരു സവിശേഷ സമ്മാനം ഇല്ലായിരിക്കാം. എന്നാല്‍ എന്റെ അഗാധമായ ആദരവും ആശംസകളും നിങ്ങള്‍ക്കൊപ്പമുണ്ടെന്ന് അറിയുക. ക്രിക്കറ്റ് രംഗത്തേക്ക് മുന്നേറുന്നതിന് നിരവധി യുവ കളിക്കാരെ പ്രചോദിപ്പിക്കുന്നതാണ് നിങ്ങളുടെ പാരമ്പര്യം. വിരാട്, എത്ര അവിശ്വസനീയമായ ടെസ്റ്റ് കരിയറാണ് നിങ്ങളുടേത്! റണ്‍സ് നേടുക എന്നതിനുമപ്പുറം നിങ്ങള്‍ പലതും ഇന്ത്യന്‍ ക്രിക്കറ്റിന് നേടിക്കൊടുത്തു. പുതുതലമുറയിലെ ആവേശഭരിതരായ ആരാധകരെയും കളിക്കാരെയും നല്‍കി. വളരെ സവിശേഷമായ ഒരു ടെസ്റ്റ് കരിയറിന് അഭിനന്ദനങ്ങള്‍', സച്ചിന്‍ എക്സില്‍ കുറിച്ചു.
ദേശീയ കുപ്പായത്തില്‍ സച്ചിന്‍ കളിച്ച അവസാന ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യന്‍ ടീമിന്റെ പ്ലെയിങ് ഇലവനില്‍ കോഹ്ലിയും ഉണ്ടായിരുന്നു. ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ ഏകദേശം രണ്ട് പതിറ്റാണ്ടുകളോളം സച്ചിന്‍ വഹിച്ചിരുന്ന നാലാം നമ്പര്‍ ബാറ്റിങ് പൊസിഷന്‍ ഏറ്റെടുത്താണ് കോഹ്ലി തന്‍റെ കരിയറിന് തുടക്കമിടുന്നത്.
Content Highlights: Sachin Tendulkar Reacts to Virat Kohli's Test Retirement