'തോംസണ്‍ അല്ലെങ്കില്‍ ലില്ലി...'; ഇന്ത്യന്‍ സേനയുടെ വാര്‍ത്താസമ്മേളനത്തില്‍ ഇടംനേടി കോഹ്‌ലിയും ആഷസും

'എല്ലാ ഇന്ത്യക്കാരെയും പോലെ എന്റെയും പ്രിയപ്പെട്ട ക്രിക്കറ്റ് താരമാണ് കോഹ്‌ലി'

dot image

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി വിരമിച്ചതാണ്

ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ ചര്‍ച്ച. എന്നാല്‍ കോഹ്‌ലിയും ക്രിക്കറ്റും ഇന്ത്യന്‍ ആർമിയുടെ

വാര്‍ത്താസമ്മേളനത്തിലും വിഷയമായതാണ് ഇപ്പോള്‍ വൈറലാവുന്നത്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് പിന്നാലെ ഓപ്പറേഷന്‍ സിന്ദൂറിന്റെ കൂടുതല്‍ വിവരങ്ങള്‍ വിശദീകരിച്ചുള്ള ഇന്ത്യന്‍ സൈന്യത്തിന്റെ വാര്‍ത്താസമ്മേളനത്തിലാണ് വിരാട് കോഹ്‌ലിയും ആഷസും ഇടംപിടിച്ചത്.

വാര്‍ത്താസമ്മേളത്തില്‍ സംസാരിക്കുന്നതിനിടെ ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍സ് (ഡിജിഎംഒ) ലെഫ്റ്റനന്റ് ജനറല്‍ രാജീവ് ഘായ് ആണ് കോഹ്‌ലിയുടെ വിരമിക്കല്‍ വാര്‍ത്തയെ കുറിച്ച് സൂചിപ്പിച്ചത്. കൂടാതെ ഇന്ത്യന്‍ വ്യോമ പ്രതിരോധ സംവിധാനത്തെ മുന്‍ ഓസ്‌ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍മാരായ ഡെന്നീസ് ലില്ലിയോടും ജെഫ് തോംസണോടും രാജീവ് ഘായ് ഉപമിക്കുകയും ചെയ്തു.

'ഇന്ന് ക്രിക്കറ്റിനെ കുറിച്ചും നമ്മള്‍ സംസാരിക്കണം. കാരണം വിരാട് കോഹ്‌ലി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിരിക്കുകയാണ്. എല്ലാ ഇന്ത്യക്കാരെയും പോലെ എന്റെയും പ്രിയപ്പെട്ട ക്രിക്കറ്റ് താരമാണ് കോഹ്‌ലി,' രാജീവ് ഘായ് മാധ്യമങ്ങളോട് പറഞ്ഞു.

'നമ്മുടെ വ്യോമപ്രതിരോധ സംവിധാനങ്ങളെ തകര്‍ക്കുകയെന്നത് വളരെ ബുദ്ധിമുട്ടാണ്. 1970കളിലെ ആഷസ് പരമ്പരയില്‍ ഓസ്‌ട്രേലിയയുടെ ഇതിഹാസ പേസ് ബൗളര്‍മാരായ ജെഫ് തോംസണും ഡെന്നിസ് ലില്ലിയും ഇംഗ്ലീഷ് ബാറ്റിങ് നിരയെ തകര്‍ത്തുതരിപ്പണമാക്കിയിരുന്നു.

ഇതുകണ്ട് അക്കാലത്ത് ഓസ്‌ട്രേലിയക്കാര്‍ ഒരു ചൊല്ല് പോലും കൊണ്ടുവന്നിരുന്നു, 'ആഷസ് ടു ആഷസ് ആന്‍ഡ് ഡസ്റ്റ് ടു ഡസ്റ്റ്. തോംസണ് കിട്ടിയില്ലെങ്കില്‍ ലില്ലി ഉറപ്പായും എടുത്തിരിക്കും'. ഇതില്‍ നിന്നും ഞാന്‍ എന്താണ് പറയാന്‍ ശ്രമിക്കുന്നതെന്ന് നിങ്ങള്‍ക്ക് മനസിലാകും. ഇന്ത്യന്‍ സുരക്ഷാ ഗ്രിഡ് സംവിധാനങ്ങള്‍ ഇത് പോലെയാണ്. ഒരു പാളിക്ക് തകര്‍ക്കാനായില്ലെങ്കില്‍ മറ്റൊന്ന് നിങ്ങളെ തകര്‍ക്കും', ഇന്ത്യന്‍ സൈന്യത്തിന്റെ മള്‍ട്ടി-ലേയര്‍ ഡിഫന്‍സ് സ്ട്രാറ്റജിയെ സൂചിപ്പിച്ചുകൊണ്ട് രാജീവ് ഘായി പറഞ്ഞു.

Content Highlights: DGMO Rajiv Ghai mentions Virat Kohli's retirement during Armed-Forces joint briefing on 'Operation Sindoor'

dot image
To advertise here,contact us
dot image