
ഏഷ്യാ കപ്പ് ടൂർണമെന്റിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മുംബൈയിലെ ബിസിസിഐ ആസ്ഥാനത്ത് നടന്ന യോഗത്തിൽ ചീഫ് സെലക്ടർ അജിത് അഗാർക്കറാണ് ടീം പ്രഖ്യാപിച്ചത്. മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസൺ ടീമിലിടം പിടിച്ചു.
ഫിറ്റ്‌നസ് കടമ്പകൾ പാസായ ടി20 ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവ് തന്നെയാണ് ടൂര്‍ണമെന്റില്‍ ഇന്ത്യയെ നയിക്കുക. ടെസ്റ്റ് ടീം ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ വൈസ് ക്യാപ്റ്റനായി എത്തും. ജസ്പ്രീത് ബുമ്രയും തിരിച്ചെത്തി.
അതേ സമയം ശ്രേയസ് അയ്യരെ ടീമിലേക്ക് പരിഗണിക്കാത്തത് ശ്രദ്ദേയമായി. നിലവിൽ ഇന്ത്യയുടെ ഏകദിന ടീമിന്റെ ഭാഗമായ അയ്യരിനെ ഇംഗ്ലണ്ട് പര്യടനത്തിൽ നിന്ന് ഒഴിവാക്കിയിരുന്നു.
2023 ഡിസംബറിൽ ബെംഗളൂരുവിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെയാണ് അയ്യർ അവസാനമായി ടി20 കളിച്ചത്. 51 ടി20 മത്സരങ്ങളിൽ നിന്ന് 30.66 ശരാശരിയിലും 136.12 സ്ട്രൈക്ക് റേറ്റിലും എട്ട് അർദ്ധസെഞ്ച്വറികളുൾപ്പെടെ 1104 റൺസ് അദ്ദേഹം നേടിയിട്ടുണ്ട്. കഴിഞ്ഞ ഐപിഎല്ലിലും മികച്ച പ്രകടനമാണ് നടത്തിയത്.
2024 ഫെബ്രുവരിയിൽ വിശാഖപട്ടണത്ത് ഇംഗ്ലണ്ടിനെതിരെയാണ് അദ്ദേഹം അവസാനമായി ടെസ്റ്റിൽ കളിച്ചത്. ഇന്ത്യ 106 റൺസിന് വിജയിച്ച മത്സരത്തിൽ അദ്ദേഹം 27 ഉം 29 ഉം റൺസ് നേടി. 14 ടെസ്റ്റുകളിൽ നിന്ന് ഒരു സെഞ്ച്വറിയും അഞ്ച് അർദ്ധസെഞ്ച്വറികളും ഉൾപ്പെടെ 36.86 ശരാശരിയിൽ 811 റൺസ് അദ്ദേഹം നേടിയിട്ടുണ്ട്. കഴിഞ്ഞ സീസണിലെ രഞ്ജി ട്രോഫിയിൽ മുംബൈയ്ക്കായി 68.57 ശരാശരിയിൽ 480 റൺസ് നേടി.
ഏകദിന ഫോർമാറ്റ് നോക്കുകയാണെങ്കിൽ 70 മത്സരങ്ങളിൽ നിന്ന് 48.2 ശരാശരിയിൽ 2845 റൺസ് നേടിയിട്ടുണ്ട്. മാർച്ചിൽ നടന്ന ചാമ്പ്യൻസ് ട്രോഫി വിജയത്തിൽ 48.60 ശരാശരിയിൽ 243 റൺസ് നേടി ഇന്ത്യയുടെ റൺ ചാർട്ടിൽ ഒന്നാമതെത്തി.
Content Highlights: What does shreyas Iyer have to prove next?; not in asia cup