മഴയും മുംബൈയും തോറ്റു; വാംഖഡെയിൽ ​ഗുജറാത്ത് ടൈറ്റൻസിന് ആവേശജയം

പലവട്ടം മഴ രസംകൊല്ലിയായ മത്സരത്തിന് ഒടുവിൽ 19 ഓവറിൽ 147 എന്നായി ​ഗുജറാത്ത് വിജയലക്ഷ്യം

dot image

ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെ ആവേശപ്പോരിൽ പരാജയപ്പെടുത്തി ​ഗുജറാത്ത് ടൈറ്റൻസ്. അവസാന പന്ത് വരെ നീണ്ട ആവേശപ്പോരിൽ മൂന്ന് വിക്കറ്റിനായിരുന്നു ​ഗുജറാത്തിന്റെ ജയം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ​മുംബൈ ഇന്ത്യൻസ് നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 155 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ മഴയെത്തുടർന്ന് 19 ഓവറാക്കി ചുരുക്കിയ മത്സരത്ത ഏഴ് വിക്കറ്റ് നഷ്ടത്തിൽ ​ഗുജറാത്ത് ടൈറ്റൻസ് ലക്ഷ്യത്തിലെത്തി.

നേരത്തെ ടോസ് നേടിയ ​ഗുജറാത്ത് ടൈറ്റൻസ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ട് റൺസെടുത്ത റയാൻ റിക്ലത്തണിനെ വീഴ്ത്തി മുഹമ്മദ് സിറാജും ഏഴ് റൺസെടുത്ത രോഹിത് ശർമയെ മടക്കി അർഷാദ് ഖാനും തുടക്കത്തിൽ തന്നെ മുംബൈയ്ക്ക് തിരിച്ചടി നൽകി. വിൽ ജാക്സും സൂര്യകുമാർ യാദവും ക്രീസിലൊന്നിച്ചതോടെയാണ് മുംബൈ സ്കോർ മുന്നോട്ട് നീങ്ങിയത്.

35 പന്തിൽ അഞ്ച് ഫോറും മൂന്ന് സിക്സറും സഹിതം വിൽ ജാക്സ് 53 റൺസെടുത്തു. 24 പന്തിൽ അഞ്ച് ഫോറടക്കം 35 റൺസുമായി സൂര്യകുമാർ യാദവും തിളങ്ങി. ഇരുവരും ചേർന്ന മൂന്നാം വിക്കറ്റിൽ 71 റൺസ് കൂട്ടിച്ചേർത്തു. പിന്നീട് വന്നവർക്ക് ആർക്കും തിളങ്ങാൻ കഴിയാതിരുന്നത് മികച്ച സ്കോറിലെത്തുന്നതിന് മുംബൈയ്ക്ക് തടസമായി. വാലറ്റത്ത് 22 പന്തിൽ ഒരു ഫോറും രണ്ട് സിക്സറും സഹിതം 27 റൺസെടുത്ത കോർബിൻ ബോഷ് ആണ് മുംബൈ സ്കോർ 150 കടത്തിയത്.

​ഗുജറാത്ത് ബൗളിങ് നിരയിൽ സായി കിഷോർ രണ്ട് വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് സിറാജ്, അർഷാദ് ഖാൻ, റാഷിദ് ഖാൻ, സായി കിഷോർ, പ്രസിദ്ധ് കൃഷ്ണ എന്നിവർ ഓരോ വിക്കറ്റുകളും വീഴ്ത്തി.

മറുപടി ബാറ്റിങ്ങിൽ മുംബൈയുടെ കൃത്യയതയാർന്ന ബൗളിങ്ങിന് മുന്നിൽ ​ഗുജറാത്ത് ബാറ്റർമാർ പതറി. അഞ്ച് റൺസെടുത്ത സായി സുദർശനെ ട്രെന്റ് ബോൾട്ട് പുറത്താക്കി. രണ്ടാം വിക്കറ്റിൽ ജോസ് ബട്ലറും ശുഭ്മൻ ​ഗില്ലും ക്രീസിൽ ഉറച്ച് നിന്ന് പൊരുതിയത് ​ഗുജറാത്തിന് ​ഗുണമായി. ഇരുവരും ചേർന്ന രണ്ടാം വിക്കറ്റിൽ 72 റൺസ് കൂട്ടിച്ചേർത്തു. ഒടുവിൽ 27 പന്തിൽ 30 റൺസുമായി ജോസ് ബട്ലർ അശ്വിനി കുമാറിന് വിക്കറ്റ് നൽകി മടങ്ങി.

നാലാമനായി ക്രീസിലെത്തിയ ഷെർഫെയ്ൻ റൂഥർഫോർഡും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. മൂന്നാം വിക്കറ്റിൽ ശുഭ്മൻ ​ഗില്ലും റൂഥർഫോർഡും 35 റൺസ് കൂട്ടിച്ചേർത്തു. 46 പന്തിൽ 43 റൺസെടുത്ത ​ഗുജറാത്ത് നായകൻ ശുഭ്മൻ ​ഗില്ലിനെ ജസ്പ്രീത് ബുംമ്ര പുറത്താക്കി. പിന്നാലെ 28 റൺസുമായി നിന്ന റൂഥർഫോർഡിനെ ട്രെന്റ് ബോൾട്ട് വിക്കറ്റിന് മുന്നിൽ കുരുക്കി പുറത്താക്കി. പിന്നീട് തുടർച്ചയായി വിക്കറ്റുകൾ നഷ്ടമായത് ​ഗുജറാത്തിന് വിജയം നഷ്ടപ്പെടുത്തി.

പലവട്ടം മഴ രസംകൊല്ലിയായ മത്സരത്തിന് ഒടുവിൽ 19 ഓവറിൽ 147 എന്നായി ​ഗുജറാത്ത് വിജയലക്ഷ്യം. ആവേശം അവസാന പന്ത് വരെ നീണ്ട മത്സരത്തിൽ ​ഗുജറാത്ത് ടൈറ്റൻസ് മൂന്ന് വിക്കറ്റിന്റെ വിജയം സ്വന്തമാക്കി.

Content Highlights: Gujarat Titans beat Mumbai Indians by three wickets

dot image
To advertise here,contact us
dot image